വീടിനുള്ളിലേക്കും, ഡിജിറ്റൽ സ്‌ക്രീനിലേക്കും ഒതുങ്ങിയ കൊവിഡ് കാലത്തെ ബാല്യം; ഇന്ന് ശിശുദിനം

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിനുമുള്ള പ്രാധാന്യം സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള ദിനമാണ് ശിശുദിനം. കുട്ടികൾക്ക് മാത്രമല്ല, ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള ശൈശവത്തിനും ആഘോഷമാണ് ഈ ദിനം. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനമായി ആചരിക്കുന്നത്.

കുട്ടികളുടെ കരുത്തിൽ വിശ്വസിച്ചിരുന്ന നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്.കുട്ടികളോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം ചാച്ചാജി എന്ന ഓമനപ്പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബയും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്റു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്.

ഓരോ നവംബർ പതിനാലിനും ചാച്ചാജിയായി ദേശിയ പതാകയുമേന്തി നിരത്തുകളിൽ നിറയുന്ന കുരുന്നുകൾ സന്തോഷം പകരുന്ന കാഴ്ചയാണ്. എന്നാൽ, ഈ വർഷം ആഘോഷങ്ങളോ ആരവങ്ങളോ ഇല്ല. ആഘോഷിക്കപ്പെടേണ്ട ബാല്യകാലം വീടിനുള്ളിലേക്കും ഡിജിറ്റൽ സ്ക്രീന് മുന്നിലുമായി ഒതുങ്ങി പോയിരിക്കുന്നു.

ലോകം മുഴുവൻ പടർന്നുപിടിച്ച കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണ്. വിശാലമായ ലോകത്ത് കാഴ്ചകളുടെയും സൗഹൃദങ്ങളുടെയും നിറപ്പകിട്ടിൽ ജീവിച്ച കുട്ടികൾ വീടിനുള്ളിൽ തന്നെ ഒറ്റപ്പെട്ട് കഴിയുന്ന അവസ്ഥയാണ്.

ശിശുദിനത്തിന്റെ ഒരുക്കങ്ങൾ നിറയേണ്ട ക്ലാസ്സ്മുറികൾ അടഞ്ഞു കിടക്കുന്നു. പാതകൾ വിജനമാണ്. പോയവർഷങ്ങളുടെ ഓർമ്മകൾ ടെലിവിഷൻ സ്ക്രീന് മുന്നിലിരുന്ന് ആവേശത്തോടെയും ദുഃഖത്തോടെയും കാണാൻ മാത്രമാണ് കുട്ടികൾക്ക് സാധിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന വിഭാഗം കുട്ടികളായതുകൊണ്ടുതന്നെ ഈ വർഷം ശിശുദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടാറുണ്ട്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

Read More: ‘നീണ്ട 19 വർഷങ്ങൾക്ക് ശേഷം ഞനൊരു തബലയിൽ തൊട്ടു, കരയാതിരിക്കാൻ വായിച്ചുതുടങ്ങി’- ഉള്ളുതൊടുന്ന കുറിപ്പുമായി മാത്തുക്കുട്ടി

ഈ വർഷം നഷ്‌ടമായ ആഘോഷങ്ങൾ ഭയമില്ലാതെ, പതിവിലും കരുത്തോടെ സൗഹാർദത്തിന്റെയും ഒരുമയുടെയും ദിനമായി ആചരിക്കാൻ വരുംവർഷങ്ങളിൽ സാധിക്കുമെന്ന പ്രത്യാശയോടെ എല്ലാ കുരുന്നുകൾക്കും, മനസിൽ ബാല്യം സൂക്ഷിക്കുന്നവർക്കും ശിശുദിനാശംസകൾ.

Story highlights- children’s day special