വീടും പ്രിയപ്പെട്ട ഇടങ്ങളും പരിചയപ്പെടുത്തി കാളിദാസ് ജയറാം: വീഡിയോ

November 27, 2020
Kalidas Jayaram about his home

മലയാളികളുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. താരകുടുംബത്തിലെ അംഗം എന്ന നിലയിലും പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയിട്ടുണ്ട് താരം. ചെന്നൈ വല്‍സരവാക്കത്തുള്ള തന്റെ വീടും പ്രിയപ്പെട്ട ഇടങ്ങളും പരിചയപ്പെടുത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. അശ്വതി എന്നു പേരിട്ടിരിക്കുന്ന വീടിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കാളിദാസ് ജയറാമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വീടിന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്നെ താരം കൃഷിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്.

ബാലതാരമായി സിനിമയിലെത്തിയതാണ് കാളിദാസ് ജയറാം. 2000-ല്‍ തിയേറ്റുകളിലെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നതായിരുന്നു ആദ്യ ചിത്രം. ജയറാമിന്റെ മകനായിട്ടാണ് ഈ സിനിമയില്‍ കാളിദാസ് ജയറാം അഭിനയിച്ചതും. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലും ജയറാമിനൊപ്പം അഭിനയിച്ചു ശ്രദ്ധ നേടി. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും കേരള സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തി.

Read more: സൂരരൈ പോട്രുവിലെ ബൊമ്മിയുടെ ബണ്‍ വേള്‍ഡ് ബേക്കറിക്ക് 25 വയസ്സ്

2016-ല്‍ തിയേറ്ററുകളിലെത്തിയ മീന്‍ കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ് കാളിദാസ് ജയറാം നായക കഥാപാത്രമായി അരങ്ങേറ്റം കുറിച്ചത്. പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായകനായി അരങ്ങേറ്റം കുറിച്ചു. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് തുടങ്ങിയ ചിത്രങ്ങളിലും കാളിദാസ് ജയറാം ആണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്.

പുത്തം പുതുകാലൈ എന്ന തമിഴ് ആന്തോളജി ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്. കാളിദാസിനൊപ്പം ജയറാമും അഭിനയിച്ചിരുന്നു ഈ ചിത്രത്തില്‍.

Story highlights: Kalidas Jayaram about his home