അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ കീർത്തി സുരേഷ്; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

November 17, 2020

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക പ്രീതി നേടിയ താരമാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘സാനി കൈദം’ എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സംവിധായകൻ സെല്‍വരാഘവന്‍ നായകനാവുന്ന ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിലാണ് കീർത്തി സുരേഷും സെല്‍വരാഘവനും പ്രത്യക്ഷപ്പെടുന്നത്.

അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കീർത്തി നായികയാകുന്ന ‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.

Read also:98 അടി ഉയരത്തില്‍ നിന്നും താഴേയ്ക്കിട്ട് വോള്‍വോ കാറിന്റെ സുരക്ഷാ പരീക്ഷണം: വീഡിയോ

രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്. ‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലും കീർത്തി നായികയായി വേഷമിടുന്നുണ്ട്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത്. അടുത്ത വർഷം ആദ്യമായിരിക്കും കീർത്തി സുരേഷ് ചിത്രത്തിൽ ജോയിൻ ചെയ്യുക. സംഗീത സംവിധാനം എസ് എസ് തമൻ, പി എസ് വിനോദ് ഛായാഗ്രാഹണം, മാര്‍ത്താണ്ഡ് കെ വെങ്കടേഷ് എഡിറ്റിങ്ങും നിർവഹിക്കുന്നു.തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.

Story Highlights: keerthy suresh first look poster of saani kaayitham