100 കോടി കാഴ്ചക്കാരുമായി പുതുചരിത്രം സൃഷ്ടിച്ച് ‘റൗഡി ബേബി’ ഗാനം

Rowdy Baby video song crosses one billion views

ഭാഷാഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനമാണ് ‘റൗഡി ബേബി’. ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനരംഗം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. തെന്നിന്ത്യ മുഴുവനുമുള്ള ആരാധകര്‍ ഏറ്റെടുത്ത ഗാനമാണ് ‘മാരി 2’ വിലെ റൗഡി ബേബി. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തും ഈ ഗാനം തന്നെയാണ്. ഇപ്പോഴിതാ റൗഡി ബേബി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടക്കുന്നു. നൂറ് കോടിക്കും മേലെയാണ് യൂട്യൂബില്‍ മാത്രമായി ഈ പാട്ടിന്റെ കാഴ്ചക്കാര്‍.

സായ് പല്ലവിയുടെയും ധനുഷിന്റെയും ഡാന്‍സ് തന്നെയാണ് ഗാനരംഗത്തെ പ്രധാന ആകര്‍ഷണം. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Read more: ചലച്ചിത്രതാരം ഉര്‍വശിയുടെ 28 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അഭിമുഖ വീഡിയോ ശ്രദ്ധനേടുന്നു

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘മാരി 2’. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. വില്ലന്‍ കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസും ചിത്രത്തിലെത്തിയിരുന്നു. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നായികയായി എത്തിയത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്.

2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ ‘മാരി’ എന്ന ചിത്രവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ‘മാരി 2’ ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്.

Story highlights: Maari 2 – Rowdy Baby video song crosses one billion views