മാവേലി, മലബാര്‍ എക്‌സ്പ്രസ്സുകള്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

December 1, 2020

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച പതിമൂന്നോളം ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡിന്റെ അനുമതി പ്രകാരം മലബാര്‍, മാവേലി എക്‌സ്പ്രസ്സുകളടക്കം പതിമൂന്ന് ട്രെയിനുകള്‍ സര്‍വീസ് പുനഃരാരംഭിക്കും. മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഡിസംബര്‍ 4 വെള്ളിയാഴ്ച മുതല്‍ പുനഃരാരംഭിക്കും. മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഈ മാസം പത്തുമുതലും സര്‍വീസ് പുനഃരാരംഭിക്കും.

എന്നാല്‍ കൊവിഡ് കാല പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ സജീവമായിരിക്കില്ല. റിസര്‍വേഷന്‍ വഴിയാണ് യാത്ര ചെയ്യാന്‍ അവസരം. ചെന്നൈ- തിരുവനന്തപുരം, ചെന്നൈ മംഗളൂരു, ചെന്നൈ- പാലക്കാട്, ചെന്നൈ- ഗുരുവായൂര്‍ എന്നീ ട്രെയിനുകളും ഡിസംബര്‍ എട്ടാം തീയതി മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു.

അതേസമയം പരശുറാം, എറനാട്, രാജ്യറാണി തുടങ്ങിയ പകല്‍സമയത്ത് സഞ്ചരിക്കുന്ന എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും എന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Story highlights: Malabar and Maveli express restart