മലമുകളിലെ കൊട്ടാരത്തിൽ രാജാവിനായി നിർമിച്ച ലിഫ്റ്റ്- രാവണന്റെ രാക്ഷസ കോട്ടയുടെ കാഴ്ചകളുമായി സിഗിരിയ

വളരെ മനോഹരമായ ഒട്ടേറെ സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ചരിത്രവും, പുരാണവുമൊക്കെ ഇടകലർന്നു കിടക്കുന്ന അത്തരം പ്രദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശ്രീലങ്കയിലെ സിഗിരിയ. ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരുപാട് ഐതീഹ്യങ്ങൾ നിറഞ്ഞതാണ്. മനോഹരമായ ഭൂപ്രകൃതി കൊണ്ടും നിർമാണ ശൈലികൊണ്ടും ലോകാത്ഭുതങ്ങളിൽ എട്ടാം സ്ഥാനം നേടിയ സിഗിരിയ പൈതൃക കാഴ്ചകളുടെ ഉറവിടമാണ്.

മലമുകളിലെ കോട്ടയും കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളും , പടവുകൾ, ഗുഹകൾ തുടങ്ങി ചരിത്ര രചനകൾ വരെ സിഗിരിയയിലുണ്ട്. ശ്രീലങ്കയിലെ മതാലെ ജില്ലയിലെ ദംബുള്ള ടൗണിലാണ് സിഗിരിയ സ്ഥിതി ചെയ്യുന്നത്. ഗുഹാക്ഷേത്രങ്ങളോട് സമാനമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഒരുപാട് ചുവർചിത്രങ്ങൾ പാറയ്ക്കുള്ളിലെ പല ഗുഹകളിലായുമുണ്ട്. പതിനാലാം നൂറ്റാണ്ട് വരെ ഇത് ബുദ്ധ സന്യാസിമാരുടെ കേന്ദ്രമായിരുന്നു. എന്നാൽ ഐതീഹ്യങ്ങളിലൂടെ സഞ്ചരിച്ചാൽ രാമായണത്തിലെ ശ്രദ്ധേയ സംഭവങ്ങൾ ഇവിടെയാണ് അരങ്ങേറിയത് എന്ന് പറയപ്പെടുന്നു.

രാവണന്റെ കോട്ടയും കൊട്ടാരവുമാണ് മലമുകളിൽ സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.. അതല്ല കശ്യപ രാജാവിന്റേതാണെന്നും പറയപ്പെടുന്നു. എന്നാൽ പാറയ്ക്കുള്ളിലെ ഗുഹകളിൽ ഒന്നിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ട് വന്നു പാർപ്പിച്ചതെന്നു കരുതുന്നു. വളരെ ആഡംബരത്തോടെ നിർമിച്ച ഒരു മൂന്നുനില കൊട്ടാരമായിരുന്നു പാറയ്ക്കുമുകളിൽ ഉണ്ടായിരുന്നത് എന്നത് കാഴ്ചകളിൽ വ്യക്തമാണ്.

ഒട്ടേറെ സൗകര്യങ്ങൾ നിറഞ്ഞ കൊട്ടാരത്തിൽ ലിഫ്റ്റുകളും ഉണ്ടായിരുന്നു എന്നതാണ് കൗതുകം. രാജാവിനും സന്ദർശകർക്കുമായി വെവ്വേറെ ലിഫ്റ്റുകൾ ആണുള്ളത്. ആയിരം പടവുകൾ കയറിയെ കൊട്ടാരത്തിലേക്ക് എത്താൻ കഴിയു. മുകളിൽ കൊട്ടാര അവശിഷ്ടങ്ങളും മറ്റുമാണെങ്കിൽ താഴെയും ഒരു കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിടീഷുകാരാണ് ഈ സ്ഥലം കണ്ടെത്തുന്നത്.

Story highlights- sigiria tourist spot