അടുക്കളയിൽ നിന്നൊരു ചിത്രം; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരുങ്ങുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. അടുക്കളയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

സംവിധായകന്‍ ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍ എന്നിവരാണ്. അതേസമയം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് പേര് നൽകിയിട്ടില്ല. നവദമ്പതികളുടെ വേഷത്തിലാണ് ചിത്രത്തിൽ സുരാജും നിമിഷയും എത്തുന്നത്.

ജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അതേസമയം ജന ഗണ മനയാണ് സൂരജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് നിമിഷ സജയൻ. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവർക്കൊപ്പമാണ്‌ നിമിഷ നായാട്ടിൽ വേഷമിടുന്നത്. ജോജു ജോർജ് നായകനായി വേഷമിട്ട് അവാർഡ് നേടിയ ചിത്രമായ ‘ജോസഫി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടാണ് നായാട്ടിന്റെ സംവിധാനം.

Story highlights: the great indian kitchen film