കൊവിഡ് കാലത്തും പ്രൗഢി മങ്ങാതെ 72-ാം റിപ്പബ്ലിക് ദിനം

January 26, 2021

കൊവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. പ്രൗഢി ഒട്ടും ചോരില്ലെങ്കിലും വളരെയധികം മാറ്റങ്ങൾ ഇത്തവണ പരേഡിലും പരിപാടികളിലും ഉണ്ട്. ദില്ലി രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. മുൻവർഷങ്ങളിൽ ചെങ്കോട്ട വരെയാണ് പരേഡ് നടന്നിരുന്നത്. എന്നാൽ ഇക്കുറി നാഷണൽ സ്റ്റേഡിയത്തിൽ അവസാനിക്കും. അതേസമയം, പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും കുറച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിൽ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം ഉണ്ടാകുന്നത്. അതേസമയം, കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒന്നരലക്ഷത്തോളം ആളുകൾ പരേഡ് കാണാൻ എത്തിയെങ്കിലും ഇത്തവണ അത് 25000 ആയി ചുരുക്കി.

മാർച്ച് ചെയ്യുന്ന കണ്ടിജൻറുകളുടെ എണ്ണം 144ൽ നിന്നും 96ലേക്ക് കുറച്ചു. സാമൂഹിക അകലം കണക്കിലെടുത്താണിത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കും ഇത്തവണ പരേഡിൽ പങ്കെടുക്കും. ടി-90 ടാങ്കുകൾ, സംവിജയ് ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ, സുഖോയ് 30 ഫൈറ്റർ ജെറ്റുകൾ അടക്കമുള്ളവയുടെ പ്രദർശനവും ഉണ്ടാകും.

Read More: ‘നസ്രേത്തിൻ നാട്ടിലെ..’- ദി പ്രീസ്റ്റിലെ ആദ്യ ഗാനമെത്തി

കേരളത്തിൽ നിന്നും കയര്‍ വ്യവസായം വിഷയമാക്കി അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യവും പരേഡിൽ അണിനിരക്കുന്നുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന കർഷക മാർച്ചിനോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Story highlights- 72th republic day