‘എന്തൊരു പ്രകടനം’- ഇന്ത്യയുടെ റെക്കോർഡ് വിജയത്തിൽ ആവേശം പങ്കുവെച്ച് താരങ്ങൾ

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ മിന്നുന്ന വിജയം കരസ്ഥമാക്കി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്തിന് അഭിമാനമായി മാറിയ അവസരത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് സിനിമാ താരങ്ങൾ. ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങൾ ഇന്ത്യയുടെ അഭിമാന നിമിഷം ആഘോഷമാകുന്നത്. ദുൽഖർ സൽമാൻ. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങിയവർ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചു.

‘മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല.വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക’- ദുൽഖർ സൽമാൻ കുറിക്കുന്നു. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പേജിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. നടന്‍ പൃഥ്വിരാജും ഇന്ത്യന്‍ ടീമിന് അഭിനന്ദനം അറിയിച്ചിരുന്നു.

‘ഞാന്‍ കണ്ട ഏറ്റവും വലിയ പോരാട്ടം 2001 ഈഡന്‍ ഗാര്‍ഡന്‍സ് ആയിരിക്കാം. എന്നാല്‍ ഇത് ഒരു പരമ്പര മുഴുവനായി, ഇത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പാടി നടക്കാനുള്ള ഒരു നാടോടി കഥയാണ്. ആസ്‌ട്രേലിയ നിങ്ങള്‍ നന്നായി കളിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുന്നു’ എന്നാണ് പൃഥ്വിരാജ് ഇന്ത്യയുടെ വിജയത്തെ പറ്റി കുറിച്ചത്.

പൃഥ്വിരാജിന്റെ പോസ്റ്റിന് രസകരമായ ഒരു കമന്റുമായി സുപ്രിയയും എത്തി. കാലത്ത് മുതല്‍ ടിവിക്ക് മുന്നിലാണല്ലോ ഇനിയെങ്കിലും അവിടെ നിന്ന് എണീറ്റൂടെ എന്നാണ് സുപ്രിയ കമന്റ് ചെയ്തിരിക്കുന്നത്.

Read More: സുകുമാരക്കുറുപ്പിന്റെ ജീവിതകഥയുമായി ‘കുറുപ്പ്’ മെയ് 28ന് തിയേറ്ററുകളിലേയ്ക്ക്

അതേസമയം,  മൂന്ന് വിക്കറ്റിനാണ് ഓസീസിനെ സ്വന്തം മണ്ണില്‍ ഇന്ത്യ കീഴടക്കിയത്. വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍(91), അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(56), ഋഷഭ് പന്ത് (89) എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Story highlights- celebrities about india’s success