കൈകൂപ്പി നിൽക്കുന്ന വീടുകൾ, മഞ്ഞിലും വെയിലിലും അമ്പരപ്പിക്കുന്ന ദൃശ്യചാരുത- ജപ്പാനിലെ ഏറ്റവും മനോഹരമായ ഗ്രാമം

ചില സ്ഥലങ്ങൾ വ്യത്യസ്ത സംസ്‍കാരങ്ങളിലൂടെ അനുഭൂതി പകരാറുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് അത്തരം പ്രദേശങ്ങളിൽ വ്യത്യസ്തമായ ജീവിതരീതി രൂപപ്പെടും. അങ്ങനെ കാഴ്ചകൾ കൊണ്ടും സാംസ്ക്കാരിക വൈവിധ്യം കൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു സ്ഥലമാണ് ജപ്പാനിലെ ഷിരാകവ. ജപ്പാനിലെ ഏറ്റവും മനോഹരവും പരമ്പരാഗതവുമായ ഗ്രാമങ്ങളിലൊന്നാണ് ഷിരാകവ. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾ എല്ലാ വർഷവും ഈ ഗ്രാമം സന്ദർശിക്കാറുണ്ട്.

അതിശയകരമായ പ്രകൃതിദത്തമായ അന്തരീക്ഷമാണ് ഷിരാകവയുടെ പ്രത്യേകത. ഇവിടെ ഉയർന്ന പർവതങ്ങളും കനത്ത മഞ്ഞുവീഴ്ചയും ഉള്ളതിനാൽ അയൽ പ്രദേശങ്ങളുമായുള്ള ഇടപെടൽ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ അതുല്യമായ സാംസ്കാരിക ജീവിതശൈലിയാണ് ഈ ഗ്രാമത്തിലുള്ളത്.

1995 ഡിസംബറിൽ ഷിരാകവ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു. അതിന്റെ ഒരു കാരണം വയലുകളും പർവതങ്ങളും പോലുള്ള മികച്ച പ്രകൃതിദൃശ്യങ്ങളാണ്. ഗ്രാമത്തിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള സവിശേഷമായ മാർഗ്ഗമാണ് മറ്റൊരു കാരണം. ഗ്രാമീണ ഭവനങ്ങളുടെ അറ്റകുറ്റപ്പണികളും നിർമാണവുമെല്ലാം ഗ്രാമീണർ സ്വയം പരിപാലിക്കുന്നതിനാൽ നൂറുകണക്കിന് വർഷങ്ങളായി ഒരു പ്രത്യേക ജീവിതരീതിയാണ് ഇവിടുള്ളത്. ഈ കാരണങ്ങളാലാണ് ഈ ഗ്രാമത്തെ ലോക പൈതൃക പ്രദേശമായി തിരഞ്ഞെടുത്തത്.

ജപ്പാനിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് ഷിരാകാവയുടെ പ്രധാന കാലാവസ്ഥാ സവിശേഷതകളിൽ ഒന്ന്. ഡിസംബർ മുതൽ മാർച്ച് വരെ മഞ്ഞുവീഴ്ച 2 മുതൽ 3 മീറ്റർ വരെ ഉയരത്തിലെത്തും. ഇടയ്ക്കിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നതുകൊണ്ട് വീടുകൾ പണിയുമ്പോൾ കട്ടിയുള്ള മേൽക്കൂരകൾ ഉപയോഗിക്കുന്നു.

ഇവിടെ വീടുകൾക്കെല്ലാം ഒരേ രൂപമാണ്. ഒരേ തരത്തിലുള്ള മേൽക്കൂരകൾ. അതിന്റെ കാരണവും രസകരമാണ്. പ്രാർത്ഥിക്കാൻ കൈകൂപ്പുന്ന ആകൃതിയിലാണ് ഇവിടുത്തെ വീടുകൾ. ജാപ്പനീസ് ഭാഷയിൽ ഇങ്ങനെ കൈകൂപ്പുന്നതിനെ ഗാഷോ എന്ന് വിളിക്കുന്നു, വീടുകൾ നിർമ്മിക്കുന്ന രീതി ഇതിന് സമാനമാണ്.

Read More: ടോപ് സിംഗർ കുരുന്നുകൾക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാർ- റിപ്പബ്ലിക് ദിനം കേരള പോലീസിനൊപ്പം

അതുകൊണ്ട് ഈ വീടുകളെ ഗാഷോ എന്നാണ് വിളിക്കുന്നത്. മേൽക്കൂര വളരെ കുത്തനെയുള്ളതാണ്, അതിനാൽ മഞ്ഞ് അതിൽ നിന്ന് എളുപ്പത്തിൽ താഴേക്ക് വീഴും. മേൽക്കൂരയുടെ ഘടന വീടിനുള്ളിൽ പത്തായം പോലെ വിപുലമായ സ്ഥലം നൽകും. ഇത് സിൽക്ക് നിർമിക്കാനുള്ള സാധനങ്ങൾ സംഭരിക്കുന്നതിനും പട്ടുനൂൽ വളർത്തുന്നതിനും ഉപയോഗിച്ചിരുന്നു. എല്ലാ വീടുകൾക്കും എല്ലാ വർഷവും അറ്റകുറ്റപണികൾ നടക്കും. അതുകൊണ്ട് തന്നെ നൂറുകണക്കിന് വർഷങ്ങൾ പിന്നിട്ടാലും ഈ വീടുകൾ ഒരു കേടുപാടുമില്ലാതെ നിലനിൽക്കും.

Story highlights- landscapes of Japan’s Shirakawago village attract tourists