ഒരു കിലോ പ്ലാസ്റ്റിക് കൊടുത്താല്‍ ഒരു നേരത്തെ ഭക്ഷണം; അറിയാം ‘മാലിന്യ കഫേ’കളെക്കുറിച്ച്

January 30, 2021
Plastic cafe in South Delhi

പരിസ്ഥിതി സ്‌നേഹത്തെക്കുറിച്ച് പലരും പ്രസംഗിക്കാറുണ്ടെങ്കിലും അതൊന്നും പ്രവൃത്തിയില്‍ പലപ്പോഴും കാണാറില്ല. മാലിന്യങ്ങളെല്ലാം പലയിടങ്ങളിലായി വലിച്ചെറിയുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്രമരഹിതമായി വര്‍ധിച്ചു വരികയാണ് രാജ്യത്ത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ തികച്ചും വ്യത്യസ്തമായ ഒരു സംരംഭത്തിനു തന്നെ തുടക്കം കുറിച്ചിരിയ്ക്കുകയാണ് ദില്ലിയില്‍.

മാലിന്യ കഫേ എന്നാണ് ഈ സംരംഭത്തിന്റെ പേര്. ‘ പ്ലാസ്റ്റിക് ലാവോ ഖാനാ ഖാവോ’ എന്നതാണ് ആപ്തവാക്യം. കേള്‍ക്കുമ്പോള്‍ അല്‍പം കൗതുകം തോന്നുമെങ്കിലും ഈ മാലിന്യ കഫേകള്‍ക്ക് പ്രചാരം ഏറിവരികയാണ്. സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് മാലിന്യ കഫേ എന്ന ആശയത്തിന് പിന്നില്‍. ഇനി മാലിന്യ കഫേയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച്….

Read more: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ അമ്മയ്ക്കരികിലെത്തി മകന്‍; രസികന്‍ ക്യൂട്ട് വീഡിയോ

ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം മാലിന്യ കഫേയില്‍ കൊടുത്താല്‍ ഒരു നേരത്തെ ഭക്ഷണം കഴിയ്ക്കാം. അതും സൗജന്യമായി. സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി പങ്കാളിത്തമുള്ള റസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനുള്ള കൂപ്പണ്‍ ആണ് മാലിന്യ കഫേകളില്‍ നിന്നും ലഭിയ്ക്കുക. ഇതുപയോഗിച്ച് പ്രഭാത ഭക്ഷണമോ ഉച്ച ഭക്ഷണമോ അല്ലെങ്കില്‍ അത്താഴമോ കഴിയ്ക്കാം.

ദില്ലിയിലുടനീളം നിലവില്‍ 23-ഓളം മാലിന്യ കഫേകള്‍ക്കാണ് തുടക്കം കുറിച്ചിരിയ്ക്കുന്നത്. ഇവയില്‍ പന്ത്രണ്ട് കഫേകള്‍ സൗത്ത് സോണിലാണ്. മധ്യമേഖലയില്‍ പത്ത് കഫേകളും ഉണ്ട്. ഒരു കഫേ വെസ്റ്റ് സോണിലാണ് സ്ഥാപിച്ചിരിയ്ക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ശൂന്യമായ വാട്ടര്‍ ബോട്ടിലുകള്‍, പ്ലാസ്റ്റിക് കെയിനുകള്‍ എന്നിവയെല്ലാം മാലിന്യ കഫേകളില്‍ ഏല്‍പിയ്ക്കാവുന്നതാണ്.

Story highlights: Plastic cafe in South Delhi