സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന്; ഫലപ്രഖ്യാപനം മെയ് 2 ന്

Assembly Election Kerala Date

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിനും പ്രഖ്യാപിയ്ക്കും. ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിയ്ക്കും. മാര്‍ച്ച് 20നാണ് പത്രികാ സമര്‍പ്പണെ. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

കേരളത്തില്‍ ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണവും വര്‍ധിപ്പിയ്ക്കും. 40,771 പോളിങ് സ്‌റ്റോഷനുകളാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21,498 കേന്ദ്രങ്ങളായിരുന്നു. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ പ്രചരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തിന് അഞ്ച് പേര്‍ക്കാണ് അനുമതി. വാഹനജാഥയിലും അഞ്ച് വാഹനങ്ങളാണ് അനുവദിയ്ക്കുക. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം രണ്ട് പേരേ മാത്രമേ അനുവദിയ്ക്കൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിയ്ക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും തപാല്‍ വോട്ടിനുള്ള സൗകര്യവുമുണ്ട്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിയ്ക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ പറഞ്ഞു.

കേരളത്തിനൊപ്പം തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമായി 824 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. 18.69 കോടി വോട്ടര്‍മാരുണ്ട്.

Story highlights: Assembly Election Kerala Date