‘അരുവി’ ഹിന്ദിയിലേക്ക്; നായികയായി ഫാത്തിമ സന ​​ഷെയ്ഖ്

ഏറെ അംഗീകാരങ്ങൾ നേടിയ തമിഴ് ചിത്രമാണ് അരുവി. 2017ൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിൽ അദിതി ബാലനാണ് ടൈറ്റിൽ കഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ, ചിത്രം ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഫാത്തിമ സന ഷെയ്‌ഖാണ് അദിതി അവതരിപ്പിച്ച വേഷത്തിൽ എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഇ നിവാസാണ് നായകനാകുന്നത്.

അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലാണ് ഏറ്റവുമൊടുവിൽ ഫാത്തിമ സന ​​ഷെയ്ഖ് വേഷമിട്ടത്. അതേസമയം, ഫാത്തിമ നായികയായ അജീബ് ദസ്താൻസ് ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്.അരുവിയിൽ അദിതി അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതിൽ ആവേശഭരിതയാണ് ഫാത്തിമ. ‘അരുവിയുടെ റീമേക്ക് ചെയ്യുന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ്, മാത്രമല്ല കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ ആഗ്രഹിക്കുന്നു. ഈ മികച്ച ചിത്രത്തിനായി ഇ നിവാസുമായി ഒത്തുചേർന്നതിൽ വളരെയധികം സന്തോഷം. ഈ യാത്ര ആരംഭിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്’. ഫാത്തിമയുടെ വാക്കുകൾ.

Read More: രോഗത്തെയും പ്രായത്തേയും ഇടിച്ച് തോൽപ്പിച്ച് ഒരു മുത്തശ്ശി; പ്രചോദനമാണ് ഈ ജീവിതം

2021 പകുതിയോടെയാണ് ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലേക്ക് എത്തുമ്പോഴും സിനിമയുടെ കഥയിൽ മാറ്റമുണ്ടാകില്ല. തമിഴിൽ അരുൺ പ്രഭു കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അരുവി. സിനിമയിലെ പ്രകടനത്തിന് അദിതി ബാലന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

Story highlights- Fatima Sana Sheikh to star in Hindi adaption of award winning Tamil film Aruvi