മിമിക്രി വേദിയിൽ നിന്നും മലയാളി ഹൃദയങ്ങൾ കീഴടക്കിയ അത്ഭുതകലാകാരൻ; മണി ഓർമ്മകളിൽ സിനിമാലോകം

March 6, 2021
kalabhavan mani

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു കലാഭവൻ മണി. യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണി കലാ കേരളത്തെ കണ്ണീരിലാഴ്ത്തി കാല യവനികക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് അഞ്ച് വർഷം.

നാടൻപാട്ടിന്റെ ശീലുകളിലൂടെയും ശുദ്ധഹാസ്യത്തിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് കലാഭവൻ മണി. ചാലക്കുടിയിൽ നിന്നും മിമിക്രി വേദികളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ കലാഭവൻ മണി മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളിൽ ഒരാളാണ്. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് കലാഭവന്‍ മണി സജീവമാകുന്നത്.

കോമഡി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച മണി നാടൻപാട്ടുകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറി. മണി പാടി നടന്ന പാട്ടുകളൊക്കെയും ഇന്നും പ്രേക്ഷകര്‍ ഏറ്റുപാടാറുണ്ട്. കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും പില്‍ക്കാലത്ത് സീരിയസായ നായക കഥാപാത്രമായും വില്ലനായും മണി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Read also: ജാനകിയമ്മയുടെ പാട്ടുമായെത്തി ആസ്വാദക ഹൃദയങ്ങൾ തൊട്ട് ദേവൂട്ടി; അതിമനോഹരം ഈ ആലാപന മികവ്

‘അക്ഷരം’ എന്ന സിനിമയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കഥാപാത്രമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവന്‍ മണിയുടെ അരങ്ങേറ്റം. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ സിനിമാലോകത്ത് ശ്രദ്ധേയനാക്കി. മണി നായക കഥാപാത്രമായെത്തിയ ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ‘കരുമാടിക്കുട്ടന്‍’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം മലയാളി ഹൃദയങ്ങളിൽ മണി എന്ന കലാകാരന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു.

Story Highlights: kalabhavan mani memmories