ഹോങ്കോങ്ങിലെ കെട്ടിടങ്ങൾക്ക് നാലാം നിലയില്ല; മാത്രമല്ല, നടുവിൽ ഒരു ദ്വാരവും; വിചിത്രമായ വിശ്വാസങ്ങളുടെ രഹസ്യം

ഉയരമുള്ള കെട്ടിടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകളും നിറഞ്ഞ, തിരക്കേറിയതും ആധുനികവുമായ നഗരം എന്ന ഖ്യാതി ഹോങ്കോങ്ങിനുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന സ്കൂൾ കെട്ടിടങ്ങൾ പോലും സ്ഥിതി ചെയ്യുന്നത് ഹോങ്കോങ്ങിലാണ്. എല്ലാത്തരത്തിലും അങ്ങേയറ്റം പുരോഗമനം ഉണ്ടെങ്കിലും ഒന്നുമാത്രം കാലങ്ങളായി കൈമാറി വന്നുകൊണ്ടിരിക്കാറുണ്ട്. അതാണ്, ഹോങ്കോങ് ജനതയുടെ അമിതമായ അന്ധവിശ്വാസം.

എത്രയധികം ആധുനികമായ നഗരം പടുത്തുയർത്തിയെന്ന് പറഞ്ഞാലും പഴയതുപോലെ അന്ധവിശ്വാസങ്ങളെ അതേപടി ഇവർ നിലനിർത്തുന്നു. ജീവിതസാഹചര്യങ്ങളിൽ മാറ്റം വന്നപ്പോൾ ലോകത്തെ പലയിടങ്ങളിൽ നിന്നും ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ തുടച്ചുനീക്കിയെങ്കിലും ഹോങ്കോങ്ങിലെ അതിവേഗ ജീവിതം അവ നിലനിർത്താൻ സഹായിച്ചതായി ജനങ്ങൾ പറയുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും ഹോങ്കോങ് സന്ദർശിക്കേണ്ടി വന്നാൽ അവിടുത്തെ അന്ധവിശ്വാസങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കണം. വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ച് അറിയേണ്ടവരും തീർച്ചയായും മനസിലാക്കേണ്ട ഒന്നാണ് ഹോങ്കോങ്ങിലെ അന്ധവിശ്വാസങ്ങൾ.

ഹോങ്കോങ് ജനതയുടെ ഏറ്റവും വലിയ വിശ്വാസങ്ങളിൽ ഒന്നാണ് സംഖ്യകളുമായി ബന്ധപ്പെട്ടത്. ഹോങ്കോങ്ങിന്റെ സംഖ്യാശാസ്ത്രത്തേക്കാൾ പേരുകേട്ടതൊന്നുമില്ലെന്ന് പറയാം. ഏറ്റവും പ്രസിദ്ധമായത് നിർഭാഗ്യകരമായ നാലാം നമ്പറാണ്. അതുപോലെ ചൈനീസ് ഭാഷയുടെ വകഭേദമായ മാൻഡറിൻ , കന്റോണീസ് ഭാഷകളിൽ നാലിന്റെ ഉച്ചാരണം ‘മരണം’ എന്ന വാക്കിന് സമാനമാണ്. ഇതിനർത്ഥം നാലാം നമ്പർ നിർഭാഗ്യകരമായ നമ്പറുകളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ പല പഴയ കെട്ടിടങ്ങളിലും, നാലാം നമ്പറുള്ള എല്ലാ നിലകളും ഒഴിവാക്കിയിട്ടുണ്ടെന്ന് കാണാൻ സാധിക്കും. നാലുമായി ബന്ധപ്പെട്ട ഒന്നും ഇവർ സമ്മാനമായി നൽകാറില്ല. അല്ലെങ്കിൽ, ഫോൺ നമ്പറുകളിൽ പോലും നാല് വരാതിരിക്കാൻ ശ്രമിക്കാറുണ്ട്.

അതേസമയം, ഒൻപത്, എട്ട് അക്കങ്ങൾ അങ്ങേയറ്റം ഭാഗ്യമാണെന്നും കണക്കാക്കപ്പെടുന്നു. ഒൻപതിന്റെ ഉച്ചാരണം ‘നിത്യം’ എന്നതിന് തുല്യമായും എട്ട് ‘ ഭാഗ്യസൂചകം ’ എന്നതിനും സമാനമായി കണക്കാക്കുന്നു. അതുകൊണ്ട് ആളുകൾ പലപ്പോഴും അവരുടെ ജീവിതത്തിൽ ഈ നമ്പറുകൾ തിരഞ്ഞെടുക്കാറുണ്ട്. എട്ടു നിലയുള്ള കെട്ടിടങ്ങൾക്ക് ഇവിടെ ഉയർന്ന വിലയാണ് . അതുപോലെ ‘നിത്യത’ എന്നതിന്റെ ഭാഗമായി പങ്കാളികൾക്ക് 99 റോസാപ്പൂക്കൾ സമ്മാനമായി നൽകുന്നതും ഹോങ്കോങ് ജനതയുടെ പതിവാണ്. ഹോങ്കോങ്ങിലേക്കും പുറത്തേക്കും ഉള്ള നിരവധി അന്താരാഷ്ട്ര ഫ്ലൈറ്റ് റൂട്ടുകളിൽ അവയുടെ ഫ്ലൈറ്റ് നമ്പറിൽ എട്ട് ഉണ്ട്.

ചൈനീസ് പാരമ്പര്യത്തിൽ ചുവപ്പ് ഒരു ഭാഗ്യ നിറമാണെന്നത് പ്രസിദ്ധമാണ്. ചൈനീസ് പുതുവർഷത്തിൽ ഹോങ്കോങ്ങിലെ തെരുവുകളിലേക്ക്നോക്കിയാൽ ചുവന്ന അലങ്കാരങ്ങൾ, ചുവന്ന വസ്തുക്കൾ, ചുവന്ന വേഷം ധരിച്ച ആളുകൾ എന്നിങ്ങനെ കാണാം. അതേസമയം, കറുപ്പും വെളുപ്പും വിലാപ സമയങ്ങളിൽ ധരിക്കാൻ ഉപയോഗിക്കുന്നു.

മറ്റൊന്ന്, ഹോങ്കോങ്ങിൽ പരസ്പരം കൈമാറുന്ന സമ്മാനങ്ങൾക്കും ഓരോ പ്രത്യേകത ഉണ്ടെന്നതാണ്. ഓരോ സമ്മാനവും എന്തെങ്കിലും സന്ദേശം കൈമാറണം. പ്രധാനമായും കറുപ്പ് അല്ലെങ്കിൽ വെളുപ്പ് നിറമുള്ള എന്തും സമ്മാനിക്കുന്നത് നിർഭാഗ്യകരമാണെന്ന് കണക്കാക്കുന്നു. മറ്റൊന്ന് പച്ചനിറത്തിലുള്ള തൊപ്പിയാണ്. ആ തൊപ്പി ശരിക്ക്യോ സമ്മനമായി നൽകുകയോ ചെയ്താൽ അതിനർത്ഥം നിങ്ങൾ വഞ്ചിക്കപ്പെടുന്നു എന്നാണ്. മാത്രമല്ല, ചൈനീസ് പാരമ്പര്യം അനുസരിച്ച് ക്ലോക്ക് സമ്മാനമായി നൽകിയാൽ അതിന്റെ സന്ദേശം അവസാനത്തിന് തയ്യാറെടുക്കുന്നു എന്നാണ്.

Read More: ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തെ പ്രകൃതി അണിയിച്ചൊരുക്കിയപ്പോൾ; മനോഹരമായ കാഴ്ച

മറ്റൊരു പരമ്പരാഗത ചൈനീസ് വിശ്വാസം ഡ്രാഗൺ ഗേറ്റുകളാണ്. ഹോങ്കോങ്ങിലെ ചില കെട്ടിടങ്ങൾക്ക് വിചിത്രമായി നടുക്ക് ഒരു ദ്വാരം ഉണ്ട്, ഒരു ഭാഗം നഷ്‌ടമായതുപോലെ. കാരണം, ഹോങ്കോങ്ങിലെ പർവതങ്ങളിൽ ഡ്രാഗണുകൾ ഉണ്ടെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട്, ഈ ദ്വാരങ്ങൾ അവർക്ക് ദാഹമുണ്ടാകുമ്പോൾ വെള്ളത്തിലേക്ക് പറക്കാൻ സഹായിക്കാനായി നിർമിക്കുന്നതാണ്. ഒരു ഡ്രാഗൺ ഗേറ്റ് ഇല്ലാത്ത കെട്ടിടങ്ങൾ അവരെ ദേഷ്യം പിടിപ്പിക്കുകയും നിർഭാഗ്യത്തിന് കാരണമാവുകയും ചെയ്യും എന്ന് ഹോങ്കോങ് ജനത വിശ്വസിക്കുന്നു.

Story highlights- Superstitions and traditional beliefs in Hong Kong