ചൂടുകാലത്ത് പഴങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്; പക്ഷെ ശ്രദ്ധവേണം ചില കാര്യങ്ങളില്‍

Tips to remove pesticides from fruits

പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും ചെറുതായി മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന്റെ കാര്യത്തില്‍ കാര്യമായ കുറവില്ല. ചൂടുകാലത്ത് ഭക്ഷണത്തില്‍ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. കാര്യം നല്ലതുതന്നെ. വേനല്‍ക്കാലത്ത് പഴങ്ങള്‍ ധാരാളമായി കഴിക്കുന്നത് ഏറെ ഗുണകരവും ഒപ്പം ആരോഗ്യകരവുമാണ്. ചൂടുകാലത്ത് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടുന്നു. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. ശരീരത്തിലെ നിര്‍ജ്ജലീകരണാവസ്ഥയെ ചെറുക്കാനും ഒരു പരിധി വരെ പഴവര്‍ഗങ്ങള്‍ സഹായിക്കുന്നു.

എന്നാല്‍ ധാരാളം കീടനാശിനികളും വിഷാംശങ്ങളുമൊക്കെ നിറഞ്ഞ പഴ വര്‍ഗങ്ങളാണ് പലപ്പോഴും വിപണികളില്‍ നിന്നും നമുക്ക് ലഭിക്കാറുള്ളത്. ഇത്തരം പഴ വര്‍ഗങ്ങള്‍ ഒരുപക്ഷെ ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും നമ്മുടെ ആരോഗ്യത്തിന്. കീടനാശിനികള്‍ നിറഞ്ഞ പഴവര്‍ഗങ്ങള്‍ അമിതമായി കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

Read more: പ്രാർത്ഥിക്കാം ഒപ്പം അത്ഭുതക്കാഴ്ചകളും ആസ്വദിക്കാം; അമ്പരപ്പിച്ച് മലഞ്ചെരുവിൽ തൂങ്ങിക്കിടക്കുന്ന അമ്പലം

എന്നാല്‍ പഴങ്ങളെ കീടനാശിനികളില്‍ നിന്നും വിമുക്തമാക്കുന്നതിന് വീടുകളില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. ഉപ്പ് ഇട്ട വെള്ളത്തില്‍ പഴങ്ങള്‍ കഴുകുന്നത് വിഷാംശത്തെ ഇല്ലായ്മ ചെയ്യാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. മുന്തിരി, ആപ്പിള്‍, പേരയ്ക്ക, മാമ്പഴം തുടങ്ങിയ ഫല വര്‍ഗങ്ങള്‍ ഉപ്പു ലായനിയില്‍ അര മണിക്കൂര്‍ മുക്കിവെച്ച ശേഷം ശുദ്ധ വെള്ളത്തില്‍ കഴുകി വേണം ഉപയോഗിക്കാന്‍.

അതുപോലെ തന്നെ വൈറ്റ് വിനാഗരിയും നാരങ്ങാ നീരും ചേര്‍ന്ന മിശ്രിതം സ്പ്രേ ബോട്ടിലിലാക്കി പഴങ്ങളില്‍ തളിക്കുന്നതും കീടനാശിനികളുടെ അംശത്തെ പഴവര്‍ഗങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ സഹായിക്കും. തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുന്ന പഴങ്ങളും ശുദ്ധ ജലത്തില്‍ കഴുകിയ ശേഷം ഭക്ഷിക്കുന്നതാണ് നല്ലത്. ബേക്കിങ് സോഡ ചേര്‍ത്ത വെള്ളത്തില്‍ പഴവര്‍ഗങ്ങള്‍ കഴുകുന്നതും വിഷാംശത്തെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

Story highlights: Tips to remove pesticides from fruits