വരുംതലമുറയ്ക്കായി ഒരു തുള്ളി കരുതൽ; ഇന്ന് ലോക ജലദിനം

March 22, 2021
world water day

കനത്ത വേനൽച്ചൂടിൽ പലയിടങ്ങളിലും ശുദ്ധജലം കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ഓരോ തുള്ളി ജലവും അമൂല്യമാണെന്ന് ഓർമ്മപ്പെടുത്തികൊണ്ട് ഒരു ദിനം കൂടി..ഇന്ന് ലോക ജലദിനം. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ ഓർമ്മിപ്പിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം…ശുദ്ധജലത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും മാർച്ച് 22 ജലദിനമായി ആചരിക്കുന്നു.

ഈ വർഷത്തെ ജലദിന സന്ദേശം ‘ജലമൂല്യം’ എന്നതാണ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ജലത്തിന്റെ മൂല്യം അതിന്റെ വിലയേക്കാൾ അമൂല്യമാണ്. 2030 ആകുമ്പോഴേക്കും എല്ലാവർക്കും വെള്ളവും ശുചിത്വവും ഉറപ്പുവരുത്തുക എന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനത്തിന് കരുത്തുപകരുകയാണ് ഈ ജലദിനം ലക്ഷ്യമിടുന്നത്.

കുടിവെള്ളം ഇപ്പോൾ തന്നെ പലയിടങ്ങളിലും കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്ക് ഇനി അധികം ദൂരമില്ല, അടുത്ത ലോക മഹായുദ്ധം നടക്കാൻ പോകുന്നത് വെള്ളത്തിന്റെ പേരിൽ ആയിരിക്കുമെന്നുമൊക്കെ പറയുന്നത് നമ്മെ ഓർമ്മിപ്പിക്കുന്നത് വരാൻ പോകുന്ന ജലക്ഷാമം എന്ന വലിയ വിപത്തിനെക്കുറിച്ചാണ്.

ജലക്ഷാമത്തിന് പ്രധാനകാരണം ഒരുപരിധിവരെ നമ്മൾ തന്നെയാണ്. ജലമലിനീകരണം, വരൾച്ച, വെള്ളപൊക്കം, ജലക്ഷാമം തുടങ്ങി പ്രകൃതി ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ നാം തന്നെയാണ്. വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള ജലം ഇന്ന് ഭൂമിയിൽ ലഭ്യമല്ല. ലോകത്ത് ഇപ്പോൾ തന്നെ 2.1 ബില്യൺ ജനങ്ങൾ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കുടിവള്ള സ്രോതസുകൾ എല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിയ്ക്കുകയാണ്.

Read also:  ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മലയാളത്തിൽ നിന്ന് 17 ചിത്രങ്ങൾ

ദിനം പ്രതി മുറിച്ചുമാറ്റപെടുന്ന മരങ്ങളും, വെട്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാടുകളും, പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളുമൊക്കെ പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതും നാം തന്നെയാണ്.

ഈ ജലദിനത്തിൽ ജലക്ഷാമം തടയുന്നതിന്റെ മാർഗങ്ങൾ കണ്ടെത്തി, കരുതിവയ്ക്കാം വരുംതലമുറയ്ക്കായി ഒരു തുള്ളി കരുതൽ.

Story Highlights: World water day 2021