‘അരുവി’ ബോളിവുഡിലേക്ക്; അദിതി ബാലന്റെ വേഷത്തിൽ ഫാത്തിമ സന

May 14, 2021

വളരെയധികം നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമാണ് അരുവി. അദിതി ബാലൻ നായികയായി എത്തിയ സ്ത്രീകേന്ദ്രീകൃത ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന് ബോളിവുഡ് റീമേക്ക് ഒരുങ്ങുകയാണ്. ദംഗൽ, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫാത്തിമ സന ഷെയ്ഖ് ആണ് റീമേക്കിൽ നായികയായി എത്തുന്നത്.

2017ലാണ് അരുവി റിലീസ് ചെയ്തത്. അരുവിയിലൂടെയാണ് അദിതി ബാലൻ അഭിനയ ലോകത്തേക്ക് ചുവടുവവെച്ചത്. റീമേക്കിൽ വേഷമിടാൻ ഒരുങ്ങുന്ന ഫാത്തിമ സന ഇതിനുമുൻപ് അഭിനയിച്ചതെല്ലാം മൾട്ടി സ്റ്റാറർ ചിത്രങ്ങളിലാണ്. ആദ്യമായാണ് സ്ത്രീകേന്ദ്രീകൃത വേഷത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ നടിയെന്ന നിലയിൽ ശ്രദ്ധേയമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഫാത്തിമ പറയുന്നു.

അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലാണ് ഏറ്റവുമൊടുവിൽ ഫാത്തിമ സന ​​ഷെയ്ഖ് വേഷമിട്ടത്. അതേസമയം, ഫാത്തിമ നായികയായ അജീബ് ദസ്താൻസും ശ്രദ്ധനേടിയിരുന്നു.അരുവിയിൽ അദിതി അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതിൽ ആവേശഭരിതയാണ് ഫാത്തിമ.

‘അരുവിയുടെ റീമേക്ക് ചെയ്യുന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ്, മാത്രമല്ല കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ ആഗ്രഹിക്കുന്നു. ഈ മികച്ച ചിത്രത്തിനായി ഇ നിവാസുമായി ഒത്തുചേർന്നതിൽ വളരെയധികം സന്തോഷം. ഈ യാത്ര ആരംഭിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്’. ഫാത്തിമയുടെ വാക്കുകൾ.

Read More: ആഴക്കടലിലെ സ്നേഹപ്രകടനം; കൗതുകമായി തിമിംഗലങ്ങളുടെ അപൂർവ്വ വിഡിയോ

ഹിന്ദിയിലേക്ക് എത്തുമ്പോഴും സിനിമയുടെ കഥയിൽ മാറ്റമുണ്ടാകില്ല. തമിഴിൽ അരുൺ പ്രഭു കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അരുവി. സിനിമയിലെ പ്രകടനത്തിന് അദിതി ബാലന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

Story highlights- fathima sana in aruvi bollywood remake