ഇത് കണ്ണാടിപോലെ സുതാര്യം; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് അപൂർവ നീരാളി, വിഡിയോ

July 14, 2021

കടലിലെ നിഗൂഢ രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ അന്വേഷണം തുടർന്നുകൊണ്ടേയിരിക്കുകയാണ്… ഓരോ ദിവസവും ഓരോ പുതിയ അറിവുകളായാണ് കടലിനടിയിലെ ലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ നിരവധി രഹസ്യങ്ങൾ പേറിയ ഒരു നിരീക്ഷണത്തിനിടെയിൽനിന്നും ഗവേഷകർക്ക് ലഭിച്ചതാണ് ഒരു അപൂർവ നീരാളിയുടെ ചിത്രങ്ങൾ.. സാധാരണ നീരാളി എന്ന് കേൾക്കുമ്പോൾ വൈവിധ്യമാർന്ന നിറങ്ങളോടെ നിരവധി കൈകളുമായി കടലിനടിയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പൊതുവെ ഓർമിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു നീരാളിയുടെ കാഴ്ചയാണ് പസഫിക് സമുദ്രത്തിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്.

ദേഹം കണ്ണാടി പോലെ സുതാര്യമായ ഒരു അപൂർവ ഇനത്തിൽപെട്ട നീരാളിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ അപൂർവ നീരാളിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം സമ്പന്നമായ സമുദ്ര ജൈവശേഖരമുള്ള ഫീനിക്‌സ് ദ്വീപുകൾക്ക് സമീപത്തുനിന്നാണ് ഈ വിചിത്ര നീരാളിയെ കണ്ടെത്തിയത്. സാധാരണ നീരാളികളെപോലെത്തന്നെ ആറു കൈകളാണ് ഇവയ്ക്കും ഉള്ളത്. എന്നാൽ ഇവയുടെ ശരീരം കണ്ണാടി പോലെ സുതാര്യമായതിനാൽ ഇവ മറ്റ് ജീവികളുടെ അക്രമണത്തിൽ നിന്നും രക്ഷനേടും.

Read also:ഒന്ന് ഉറങ്ങിയാൽ ഉണരുന്നത് 25 ദിവസങ്ങൾക്ക് ശേഷം; വർഷത്തിൽ 300 ദിവസവും ഉറങ്ങേണ്ടിവരുന്ന ഒരാൾ, അപൂർവ രോഗാവസ്ഥ

സുതാര്യ ശരീരമുള്ള നീരാളിയെക്കുറിച്ച് ശാസ്ത്രലോകത്തിന് നേരത്തെതന്നെ അറിവുള്ള കാര്യമാണ്. കണ്ണുകളും ദഹനവ്യവസ്ഥയിലെ അവയവങ്ങളുമൊഴിച്ചാൽ ഇവ തീർത്തും കണ്ണാടി ചില്ലുപോലെയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രലോകത്തെ സംബന്ധിച്ച് ഇവയെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പലപ്പോഴും തിമിംഗലത്തിന്റെയും സ്രാവുകളുടേയുമൊക്കെ വയറ്റിൽ നിന്നാണ് ഇവയുടെ ശരീരഭാഗങ്ങൾ ഗവേഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights; glass octopus video goes viral