സൗഹൃദത്തിന്റെ ആഘോഷവുമായി ‘ആർആർആർ’ സിനിമയിലെ വിജയ് യേശുദാസ് ആലപിച്ച ഗാനമെത്തി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമായ ആർആർആറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവെച്ചുകൊണ്ടുള്ള ഗാനമാണ് അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ എത്തിയത്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഗാനം എത്തിയിരിക്കുന്നത്. പ്രിയം എന്ന പേരിലുള്ള മലയാള ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

മനോഹരമായ ഛായാഗ്രഹണമാണ്‌ പാട്ടിന്റെ ആകർഷണീയത. ഡാൻസേഴ്‌സും പാട്ടിന്റെ അണിയറപ്രവർത്തകരുമാണ് പാട്ടിൽ എത്തുന്നത്. ജൂനിയർ എൻ‌ടി‌ആറും രാം ചരണും പാട്ട് അവസാനിക്കുമ്പോൾ എത്തുന്നുണ്ട്. എം എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. മലയാളത്തിലുള്ള വരികൾ രചിച്ചിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. ജൂനിയർ എൻ‌ടി‌ആർ, രാം ചരൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read More:കണ്ണിറുക്കി ഒളിച്ചുകളിച്ച് രമ്യ നമ്പീശനും ഒരു കൊച്ചുമിടുക്കിയും; പാട്ടുവേദിയിലെ ക്യൂട്ട് നിമിഷം

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ചിത്രത്തിൽ സീതയായാണ് ആലിയ വേഷമിടുന്നത്. 

Story highlights- RRR Friendship day special song