മുഖത്ത് 13 തുന്നിക്കെട്ടലുമായി ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മത്സരിച്ച സൈനികന്‍

August 2, 2021
Satish Kumar fought with 13 stitches on his face in Tokyo Olympics

ലോകം ഒളിമ്പിക്‌സ് ആവേശത്തിലാണ്. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഒളിമ്പിക്‌സ് പുരോഗമിക്കുന്നതെങ്കിലും ആവേശത്തിന് കുറവില്ല. ടോക്യോ ഒളിമ്പിക്‌സിലെ പല കൗതുകങ്ങളും കായിക ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരത്തില്‍ അണിനിരക്കുന്ന താരങ്ങള്‍ ഓരോരത്തരും നല്‍കുന്ന പ്രചോദനവും കരുത്തും പ്രതീക്ഷയും ചെറുതല്ല. മെഡലുകള്‍ നേടാനായില്ലെങ്കിലും പ്രകടനങ്ങള്‍ക്കൊണ്ട് കായിക ലോകത്തിന്റെ ഹൃദയം കവര്‍ന്ന നിരവധിപ്പേരുമുണ്ട് ടോക്യോ ഒളിമ്പിക്‌സില്‍.

ഇന്ത്യയുടെ ബോക്‌സിങ് താരം സതീശ് കുമാറും ഹൃദയം കവര്‍ന്നിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹം പരാജയപ്പെട്ടങ്കിലും പതറാത്ത മനോധൈര്യത്തിന് കൈയടിക്കുകയാണ് രാജ്യം. 13 സ്റ്റിച്ചുകളുമായാണ് ക്വാര്‍ട്ടറില്‍ സതീശ് കുമാര്‍ മത്സരാക്കാനിറങ്ങിയത്. ഭാര്യയും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും രാജ്യത്തിന് വേണ്ടി മുറിവുകളുലമായി അദ്ദേഹം റിങ്ങിലിറങ്ങി. ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടെങ്കിലും ജനകോടികളുടെ മനസ്സില്‍ അദ്ദേഹം നേടിയത് പകരം വയ്ക്കാനില്ലാത്ത വിജയമാണ്.

Read more: ബഹിരാകാശത്ത് വെച്ച് തേൻകുപ്പി തുറന്നാൽ സംഭവിക്കുന്നത്- വിചിത്രമായ കാഴ്ച

പ്രീ- ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് അദ്ദേഹത്തിന് മുഖത്തും താടിയെല്ലിലുമായി പരിക്കേറ്റത്. പുരുഷ വിഭാഗം സൂപ്പര്‍ ഹെവി വെയ്റ്റ് ബോക്‌സിങ്ങിലാണ് സതീശ് കുമാര്‍ മത്സരിച്ചത്. പലരും പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും മുഖത്തെ തുന്നലുകളുമായി അദ്ദേഹം ക്വാര്‍ട്ടറില്‍ മത്സരിക്കാന്‍ തയാറാവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബുലങ്ഷഹറില്‍ നിന്നുള്ള സൈനികനാണ് സതീശ് കുമാര്‍. ഒളിമ്പിക്‌സിലെ സൂപ്പര്‍ വെയ്റ്റ് ബോക്‌സിങ്ങില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനും സതീശ് കുമാര്‍ ആണ്.

Story highlights: Satish Kumar fought with 13 stitches on his face in Tokyo Olympics