പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന് ലഭിച്ചത് വട്ടപ്പൂജ്യം; ഇന്ന് ഇംഗ്ലീഷ് ഭാഷാ ട്രെയ്നർ- പ്രചോദനമാണ് സുധി പൊന്നാനിയുടെ ജീവിതം

August 13, 2021

പരാജയത്തിൽ നിന്നും വിജയം കൊയ്യുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. പരിഹാസങ്ങളും അവഗണനകളും നേരിട്ട ഒരു ഭൂതകാലം അങ്ങനെ വിജയം രുചിച്ചവർക്ക് പങ്കുവയ്ക്കാനുണ്ടാകും. അത്തരത്തിൽ ഒട്ടേറെ ആളുകൾക്ക് പ്രചോദനമാകുന്ന ഒരു മനോഹരമായ വിജയഗാഥയാണ് പൊന്നാനി സ്വദേശിയായ സുധി പൊന്നാനിയുടേതും. പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കാത്തത്. ഒരു ജോലിക്ക് ശ്രമിക്കുമ്പോൾ മുതൽ പൊതുസമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ വരെ ഇംഗ്ലീഷ് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സാധിക്കാത്തത് പലരെയും അന്തർമുഖരാക്കാറുണ്ട്.

ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയവരിൽ പോലും ഒഴുക്കോടെ സംസാരിക്കാൻ അറിയുന്നവർ ചുരുക്കമാണ്. അവിടെയാണ് സുധി പൊന്നാനിയുടെ കഥ വ്യത്യസ്തമാകുന്നത്. ‘ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്’ എന്ന വെള്ളം സിനിമയിലെ ഡയലോഗ് അക്ഷരംപ്രതി ശരിവയ്ക്കുന്ന അനുഭവമാണ് സുധിയുടേത്. പഠനത്തിൽ പിന്നോട്ട് നിന്നിരുന്ന, കലാപരമായി മുന്നിട്ട് നിന്നിരുന്ന സുധിക്ക് പത്താം ക്ലാസിൽ ഇംഗ്‌ളീഷിന് ലഭിച്ചത് വട്ടപൂജ്യമാണ്.

പത്താം ക്ലാസ്സിൽ പരീക്ഷ കഴിഞ്ഞ് അധ്യാപിക ഉത്തരക്കടലാസ് വിതരണം ചെയ്തപ്പോൾ സുധിയുടെ പേപ്പർ മാത്രം അവസാനത്തേക്ക് മാറ്റിവെച്ചു. ഏറ്റവും ഒടുവിൽ പൊതുവെ ഏറ്റവുമധികം മാർക്ക് ഉള്ളവർക്കാണ് കൊടുക്കാറുള്ളത്. ആ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജീവിതത്തെ മാറ്റിമറിച്ച ആ വട്ടപ്പൂജ്യം സുധി പ്രതീക്ഷിച്ചിരുന്നില്ല. ഒടുവിൽ കയ്യിലേക്ക് പേപ്പർ കിട്ടിയപ്പോൾ അധ്യാപിക ആ കടലാസ്സിൽ ഒരു ലുട്ടാപ്പിയുടെ ചിത്രവും വരച്ചിരുന്നു. വെറുതെ പഠിച്ചിട്ട് കാര്യമില്ല എന്നായിരിക്കാം ആ അധ്യാപിക ഉദ്ദേശിച്ചതെന്നും അവർ ആത്മാർത്ഥമായാണ് ആ മാർക്ക് നൽകിയതെന്നും സുധി പറയുന്നു.

പിന്നീട് മലയാളമറിയാത്ത ഒരു പെൺകുട്ടിയോട് അറിയാവുന്ന ഏതാനും വാക്കുകളുപയോഗിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോളാണ് അടുത്ത പരിഹാസം സുധിക്ക് നേരിടേണ്ടി വന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണെന്നു ആ കുട്ടി പറഞ്ഞിട്ടും അറിയാവുന്ന ഏതാനും വാചകങ്ങളിൽ ഒന്നായ ആർ യു മാരീഡ് എന്ന ചോദ്യമാണ് സുധി ചോദിച്ചത്. അന്ന് ആ കുട്ടി വളരെ മോശമായി സംസാരിച്ചുവെന്നും അതോടെ ഇംഗ്ലീഷ് പഠിക്കുന്നതിന്റെ ആവശ്യകത മനസിലാക്കി എന്നും സുധി പറയുന്നു.

പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ ട്രിപ്പ് പോയപ്പോൾ അവിടെയുള്ളവരോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിച്ചു. വീണ്ടും വീണ്ടും സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോകുകയും ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെ എത്തുന്ന വിദേശികൾ പറയുന്നത് മനസിലാക്കി മറുപടി നൽകി തുടങ്ങിയപ്പോൾ ഗ്രാമർ ഭയം ഇല്ലാതെ സംസാരിക്കാൻ സുധിക്ക് ആത്മവിശ്വാസം വർധിച്ചു. പിന്നീട് ഗോവയിലേക്ക് ഒറ്റയ്ക്കായി യാത്രകൾ. അവിടെ നിന്നും സിദ്ധു മനസിലാക്കി സംസാരിച്ചാൽ മാത്രം മതി, ഇംഗ്ലീഷ് പഠിക്കാം.

ഇന്ന് ഇംഗ്ലീഷ് കെയർ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ആണ് സുധി പൊന്നാനി. ഒട്ടേറെ പ്രഗത്ഭർ ഈ സ്ഥാപനത്തിൽ ഇംഗ്ലീഷ് അധ്യാപകരായി പ്രവർത്തിക്കുന്നു. ഒത്തിരിപേർക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രചോദനവും വഴിയുമൊരുക്കി സുധി നയിക്കുന്ന ഇംഗ്ലീഷ് കെയർ. ഇംഗ്ലീഷ് സംസാരിക്കാൻ അവർ നൽകുന്ന പരിശീലനങ്ങളും വ്യത്യസ്തമാണ്. എഴുതി ഗ്രാമർ തിരുത്തി പഠിപ്പിക്കുകയല്ല ഇവിടെ. സംസാരിക്കുക. കേൾക്കുക. ഇതാണ് ഇംഗ്ലീഷ് കെയറിന്റെ വിജയമന്ത്രം.

ഒരു ഭാഷയും ആരും എഴുതിയും വായിച്ചും പഠിക്കുന്നതല്ല. കേട്ടും സംസാരിച്ചുമാണ്. അതെ രീതിയിൽ ശ്രമിക്കുകയും പിന്നീട് ഗ്രാമർ മനസിലാക്കുകയും ചെയ്‌താൽ ഇംഗ്ലീഷ് ആർക്കും ഒരു ബാലികേറാ മലയല്ല. അതിനായി ആദ്യം വേണ്ടത് നല്ലൊരു കേൾവിക്കാരനാകുക, സംസാരിക്കാൻ ശ്രമിക്കുക എന്നതാണ്. മലയാളികളെ സംബന്ധിച്ച് ഗ്രാമർ നോക്കി പരിഹസിക്കുന്ന രീതിയാണ്. എന്നാൽ, മറ്റു സ്ഥലങ്ങളിൽ അവർ എല്ലാം കേട്ട് അർത്ഥം മനസിലാക്കാൻ ശ്രമിക്കും. അത് വീണ്ടും സംസാരിക്കാൻ പ്രേരിപ്പിക്കും. എല്ലാവര്ക്കും സുധി പൊന്നാനിയുടെ ജീവിതം ഒരു മാർഗ്ഗദീപമാണ്.

Story highlights- sudhi ponnani success story