പഴയ സ്‌കൂൾ ബസ് വീടാക്കി മാറ്റി; കുട്ടികൾക്കൊപ്പം ലോകം ചുറ്റുന്ന ദമ്പതികൾ

യാത്രകളെ പ്രണയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, യാത്രകൾ നടത്താൻ പലർക്കും സമയവും സാഹചര്യവും അനുകൂലമാകാറില്ല. ലോക്ക് ഡൗൺ കാലത്താണ് പലരും യാത്രകളൊക്കെ നഷ്‍ടമായതിന്റെ വിഷമം അനുഭവിച്ചത്. എല്ലാവരും വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയപ്പോൾ അമേരിക്കയിലെ ഒരു കുടുംബം വീടിനു പുറത്ത് മനോഹരമായൊരു അന്തരീക്ഷമുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഒരു പഴയ സ്‌കൂൾ ബസ് പുനരുദ്ധാരണം ചെയ്ത് മനോഹരമായ മൂന്നു ബെഡുള്ള ഒരു സഞ്ചരിക്കുന്ന വീടാക്കി മാറ്റി ഈ കുടുംബം.

ലോക്ക് ഡൗൺ കാലത്താണ് എലിസബത്ത് സ്പൈക്കും ഭർത്താവ് സ്പൈക്കും അവരുടെ രണ്ട് കുട്ടികളും ഒരു ചെറിയ യാത്ര നടത്താൻ തീരുമാനിച്ചത്. പക്ഷേ, അവർ ഒരു സാധാരണ കാറോ വാനോ അല്ല യാത്രയ്ക്കായി എടുത്തത്. ഒരു പഴയ സ്‌കൂൾ ബസ് രൂപം മാറ്റിയാണ്.

അവർ മൂന്ന് കിടക്കകളും മറ്റ് സൗകര്യങ്ങളും അടങ്ങുന്ന ഒരു മൊബൈൽ -ഹോമായി പഴയ സ്‌കൂൾ ബസ് മാറ്റി. 15,000 ഡോളർ ചെലവഴിച്ച് ആയിരുന്നു സ്‌കൂൾ ബസ് വീടാക്കിയത്. എലിസബത്തും സ്പൈക്കും 2020 ജൂണിൽ യാത്രയും ആരംഭിച്ചു. ചെറുപ്പം മുതൽ ഇങ്ങനൊരു സ്വപ്നം ഉണ്ടായിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം സ്‌കൂളുകൾ അടച്ചതും മറ്റു ജോലികൾ ചെയ്യാനുള്ള സാഹചര്യമില്ലാതാകുകയും ചെയ്തതോടെ അവർ ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയായിരുന്നു.

കുട്ടികൾക്കായി ഒരു ബങ്ക് ബെഡിനൊപ്പം ഒരു ക്വീൻ സൈസ് വലുപ്പമുള്ള ബെഡും ബസിൽ ഇവർ ഒരുക്കി.
ബസിൽ ഒരു കുളിമുറി, ഒരു ഷവർ റൂം, ഒരു ചെറിയ അടുക്കള എന്നിവയും ഉണ്ട്. ബസ് തയ്യാറായതിനുശേഷം ഈ കുടുംബം 16 -ലധികം അമേരിക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു. യാത്രയ്ക്കിടയിൽ കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു.

Story highlights- Family transforms old school bus into a three-bed home