ക്രിസ്‌മസ്‌ ആഘോഷത്തിനൊരുങ്ങി ലോകജനത; കൗതുകമായി ലോകത്തിലെ ആദ്യത്തെ ക്രിസ്‌മസ്‌ കാർഡിന്റെ ചിത്രങ്ങൾ

December 23, 2021

മഞ്ഞു കാഴ്ചകൾ നിറച്ചെത്തിയ ഡിസംബർ മാസത്തെ ഇരുകൈകളും നീട്ടിയാണ് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഏറ്റെടുക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമകളുമായി എത്തുന്ന ക്രിസ്മസിന്റെ ഓർമകളാണ് ഡിസംബർ മാസത്തിന്റെ പ്രത്യേകത. നാടും നഗരവുമെല്ലാം ക്രിസ്‌മസ്‌ ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്‌മസ്‌ വിഷസുകൾ കൈമാറിയും പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകജനത. അതിനിടെയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ക്രിസ്‌മസ്‌ ആശംസകൾ പങ്കുവയ്ക്കാൻ ഉപയോഗിച്ചിരുന്ന ലോകത്തെ ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ്.

177 വർഷങ്ങൾക്ക് മുൻപ് 1843 ലാണ് ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ് പുറത്തിറങ്ങിയത്. വിക്ടോറിയൻ കാലഘട്ടത്തിന്റെ ഒരു രൂപരേഖയാണ് ഈ കാർഡിൽ ഒരുക്കിയിരിക്കുന്നത്. വൈൻ ഗ്ലാസുകൾ പിടിച്ചിരിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നത്. ആദ്യം തയാറാക്കിയ കാർഡിന്റെ 1000 കോപ്പികളാണ് അന്ന് പ്രിന്റ് ചെയ്തത്. എന്നാൽ ഇതിന്റെ 30 കോപ്പികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

Read also; സാന്റാക്ലോസായി അണിയിച്ചൊരുക്കിയ നിങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കൂ, സമ്മാനം നേടൂ

ചിത്രകാരനായ ജോൺ കാൽകോട്ട് ആണ് ഈ മനോഹരമായ ക്രിസ്‌മസ്‌ കാർഡിന് പിന്നിൽ. പുതുവത്സരാശംസകളും ക്രിസ്മസ് ആശംസകളും നേർന്നു കൊണ്ടാണ് കാർഡ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ പത്തൊൻപതാം നൂറ്റാണ്ടിനെ സൂചിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഈ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആ കാലഘട്ടത്തിൽ നിരവധി വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു ഈ കാർഡ്.

Story Highlights:Worlds First Christmas card