നാട്ടികയുടെ കടലോരത്ത് പാട്ടുകളുടെ തിരയിളക്കം ഒരുങ്ങുന്നു

തൃശൂരിൽ ആവേശത്തിളക്കം സൃഷ്ടിച്ചുണ്ട് നാട്ടിക ബീച്ച് ഫെസ്റ്റ് അരങ്ങേറുകയാണ്. വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ പാട്ടുകളുടെ തിരയിളക്കം ഒരുക്കാൻ ജനുവരി 26 ന് ഒരുങ്ങുന്നത് വമ്പൻ സംഗീതരാവ്.

ജനപ്രിയ ഗായകർ പാടിത്തിമിർക്കുന്ന സംഗീത പുരസ്‌കാര നിശ ‘മ്യൂസിക് റ്റുമോറോ 2020’ അവാർഡിൽ നിരവധി സംഗീത പ്രതിഭകൾ എത്തുന്നു. തെന്നിന്ത്യൻ പിന്നണി ഗാനരംഗത്തെ പ്രണയഗായകൻ സിദ് ശ്രീറാം, യുവഹൃദയങ്ങൾ കീഴടക്കിയ സംഗീത സംവിധായകൻ ഗോപി സുന്ദർ, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, സൗമ്യ, ഇഷാൻ ദേവ്, അമൃത സുരേഷ്, മധുമതി നാരായണി, അഭയ ഹിരണ്മയി തുടങ്ങി പ്രതിഭകൾ അണിനിരക്കും.

അതേസമയം പത്ത് ദിവസം നീണ്ടു നിൽക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റിൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാട്ടികയുടെ തീരങ്ങളിൽ ജനസാഗരമലയടിക്കുമ്പോൾ മാറ്റ് കൂട്ടാനായി കൂറ്റൻ പട്ടങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിമുതൽ ഏഴു മണി വരെയാണ് പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. 

നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2019 ജനുവരി 25ന് അരങ്ങേറും. പുരസ്‌കാരപകിട്ടും കലയുടെ വര്‍ണ്ണപ്പകിട്ടും ഒരുമിക്കുന്ന രാമു കാര്യാട്ട് ഫിലിം അവാര്‍ഡില്‍ നിരവധി താരങ്ങളും അണിചേരും.

അതേസമയം മികച്ച ജനപ്രീതിയോടെ മുന്നേറുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെയാണ്. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. അനേകായിരങ്ങളാണ് ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തുന്നത്.

Posted by NattikaOfficial on Tuesday, 21 January 2020

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമില്ല; മനസ്സിലുള്ളത് മറ്റൊരു ആക്ഷൻ ത്രില്ലർ: മിഥുൻ മാനുവൽ

‘ആട്’, ‘ആൻമരിയ കലിപ്പിലാണ്’,’ അലമാര’, ‘ആട് 2’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ തുടങ്ങിയ ഫാമിലി എന്റർടൈനർ ചിത്രങ്ങൾക്ക് ശേഷം അഞ്ചാം പാതിരാ എന്ന ത്രില്ലർ ചിത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിരാ. ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ട് തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ഹൗസ് ഫുള്ളാണ്.

അതേസമയം മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് 2 വിജയാഘോഷ വേളയിലാണ് മിഥുന്‍ മാനുവൽ പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ പലതവണ ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിട്ടും ഇതിൽ സംതൃപ്തി ലഭിക്കാത്തതിനാലാണ് കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഒഴിവാക്കുന്നതെന്നും മിഥുൻ മാനുവൽ അറിയിച്ചു.

അതേസമയം മനസ്സിൽ ഇപ്പോഴുള്ളത് ഒരു ത്രില്ലർ ചിത്രമാണെന്നാണ് മിഥുൻ അറിയിച്ചത്. എന്നാൽ അത് അഞ്ചാം പാതിരാ പോലെയല്ല, ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രമാണെന്നും മിഥുൻ മാനുവൽ ദി ക്യൂ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

1990 ൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ.

പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേ ഇല്ല: സുപ്രിം കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നു. 144 ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെയെത്തിയത്. അതേസമയം കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന.

മൊത്തം 144 ഹർജികളാണ് സുപ്രിം കോടതിക്ക് ലഭിച്ചത്. അതിൽ 60 ഹർജികൾ ഇന്ന് പരിഗണിക്കും. 84 ഹർജികൾക്ക് നാലാഴ്ചത്തെ സമയം കോടതി ആവശ്യപ്പെട്ടു.

അറ്റോണി ജനറലിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം സുപ്രിം കോടതി നൽകിയതായി സൂചന. അസാം വിഷയത്തിൽ പ്രത്യേക വിധി കേൾക്കുന്നതിനായും സുപ്രിം കോടതി അനുമതി നൽകി.

അതോടൊപ്പം ഹൈക്കോടതികൾ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കേണ്ടതില്ലെന്നും സുപ്രിം കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി കേൾക്കുന്നത്.

സ്ഥിരമായി ഹോട്ടലിൽ എത്തുന്ന അതിഥി; രസകരം ഈ വീഡിയോ

ആനകമ്പത്തിന്റെ വാർത്തകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഇടംനേടാറുണ്ട്. അതുപോലെ കുസൃതികാട്ടുന്ന ആനയുടെ വീഡിയോകളും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആനയുടെ ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഉത്സവപ്പറമ്പിലെ പൂരകാഴ്ചകൾക്കൊപ്പം താളമിടുന്ന ആനയുടെ വീഡിയോയും വൈറലായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ് ഒരു കാട്ടാന. ശ്രീലങ്കയിലെ ജെറ്റ്‌വിങ് യാല ഹോട്ടലിൽ സ്ഥിരമായി എത്തുന്ന അതിഥിയാണ് നാട്ടാ കോട്ടാ എന്ന് വിളിപ്പേരുള്ള ആന. ദിവസവും ഹോട്ടലിൽ എത്തുന്ന നാട്ടാ കോട്ടാ ഹോട്ടലിനകത്ത് കയറി അവിടെ മുഴുവൻ ചുറ്റിനടന്ന ശേഷമാണ് തിരികെ പോകുന്നത്.

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ഈ ഹോട്ടലിലെ ജീവനക്കാർക്ക് സ്ഥിരം കാഴ്ചയാണ് നാട്ടാ കോട്ട. എന്നാൽ അവിടെയെത്തുന്ന വിനോദസഞ്ചാരികൾ ആനയെക്കണ്ട് ഭയപെടാറുണ്ടായിരുന്നു. എന്നാൽ ആനയെ കാണുന്നതിനായി ഹോട്ടലിൽ എത്തുന്നവരും ഇപ്പോൾ ധാരാളമാണെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്.

Read also: റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ആറു മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. അതോടൊപ്പം ആനയുടെ പേരിന് പിന്നിലെ കഥയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നാട്ടാ കോട്ട എന്ന പേരിന്റെ അർഥം മുറിവാലൻ എന്നാണ്. ഒരു അപകടത്തിൽപെട്ട് ആനയുടെ വാലിന്റെ അറ്റം മുറിഞ്ഞുപോയിരുന്നു. ഇതോടെയാണ് ഹോട്ടൽ ജീവനക്കാർ ആനയെ നാട്ടാ കോട്ട എന്ന് വിളിക്കാൻ തുടങ്ങിയത്.

Get to know Natta Kota

A glimpse into the life of Natta Kota, our favourite resident! 🐘

Posted by Jetwing Hotels on Sunday, 1 September 2019

റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ

പ്രളയം തകർത്തെറിഞ്ഞ കേരളക്കരയുടെ പുനർനിർമ്മാണത്തിനായി 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ. 1805 കോടിയിൽ 807 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. 300 കോടി മരാമത്ത് റോഡുകളുടെ പുനർനിർമ്മാണത്തിനായും, 488 കോടി എട്ടു ജില്ലകളിൽ 603 കിലോമീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമാണത്തിനായും, 30 കോടി രൂപ ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴയ്ക്കുമീതെയുള്ള പാലത്തിനായും നൽകാൻ തീരുമാനമായി. 20.8 കോടി രൂപ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ടെക്‌നോളജി പ്രയോജനപ്പെടുത്താനായും ഉപയോഗിക്കാനാണ് നിർദ്ദേശം.

കണ്ടൽക്കാടുകളുടെ സംരക്ഷണം, വനത്തിൽനിന്ന് ആളുകളെ മാറ്റിപാർപ്പിക്കുക, വനാതിർത്തിക്കുള്ളിലെ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുക എന്നിവയ്ക്കായി 130 കോടി രൂപ. കുടുംബശ്രീയുടെ ഭാഗമായി ജീവനോപാധി പരിപാടികൾ നടപ്പാക്കുന്നതിന് 250 കോടി ജല അതോറിറ്റിയുടെ ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കുന്നതിനും പമ്പ്സെറ്റ്  മാറ്റുന്നതിനും 350 കോടി എന്നിങ്ങനെയുമാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിക്ക് ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കേരളം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരട് നിർദേശങ്ങളും കഴിഞ്ഞ ദിവസവും ചേർന്ന ഉപദേശക സമിതിയിൽ ചർച്ച ചെയ്തിട്ടുണ്ട്.

വാഹനാപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നിരത്തിലിറങ്ങിയാൽ മുഴുവൻ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനങ്ങളെ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപെടുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളും, അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 • ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക.
 • മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.
 • ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.
 • മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് ഓവർടേക്ക് ചെയ്യുക.
 • വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ഓവർടേക്ക് ചെയ്യാതിരിക്കുക.
 • മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച് ഓവർ ടെക്ക് ചെയ്യാതിരിക്കുക.
 • വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോടുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ:

 • വാഹനത്തിന്റെ ബ്രെയ്ക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ഹോൺ  അടിച്ചും, ലൈറ്റ് ഇട്ടും മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകണം.
 • ബ്രേക്ക് ഇല്ലെന്ന് അറിയുന്നതോടെ ആദ്യം ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് മാറ്റുക. തുടർന്ന് ബ്രേക്ക് പെഡലില്‍ പതിയെ കാലമര്‍ത്തുക. സാവധാനം പിറകെ പെഡലിൽ പൂർണമായും കാൽ അമർത്തുക.
 • ഗിയർ താഴ്ത്തി വാഹനത്തിന്‍റെ വേഗത കുറയ്ക്കുക. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. അതേസമയം പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറ്റിയാൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനാണ് സാധ്യത.
 • സാവധാനത്തിൽ ഘട്ടം ഘട്ടമായി മാത്രം ബ്രേക്ക് ഇടുക.
 • എ സി ഓൺ ചെയ്യുക. ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ എന്നിവ പ്രവർത്തിപ്പിക്കുക, ഇത് ഒരു പരിധി വരെ വാഹത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും.
 • വണ്ടി സൈഡ് ചേർത്തതിന് ശേഷം ഹാന്‍ഡ്‌ ബ്രേക്ക് ഇടുക. ഇത് വണ്ടി നിൽക്കാൻ സഹായിക്കും.

എന്നാൽ വാഹനത്തിന് ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആത്മസംയമനം കൈവിടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം പേടിച്ചാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.

വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അതുപോലെ അമിത സ്പീഡ് കുറയ്ക്കുക. കാരണം അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി.

മമ്മൂട്ടിക്കൊപ്പം പിറന്നാൾ മധുരം നുകർന്ന് ടൊവിനോ തോമസ്; വീഡിയോ

കുറഞ്ഞ കാലയളവിനുള്ളിൽ ആരാധക ശ്രദ്ധ നേടിയ യുവതാരമാണ് ടൊവിനോ തോമസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാൾ. പിറന്നാൾ ദിനം പ്രിയതാരം മമ്മൂട്ടിക്കൊപ്പമാണ് താരം ആഘോഷിച്ചത്.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് താരം പിറന്നാൾ കേക്ക് മുറിച്ചത്. പിന്നീട് ഇരുവരും പരസ്പരം സ്നേഹാശംസകൾ നേരുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. അതേസമയം താരത്തിന് പിറന്നാൾ ആശംസകളുമായി താരങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പൂർണിമ ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ടൊവിനോയ്ക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.

Read also: ‘മോഹന്‍ലാല്‍ -ജാക്കി ചാന്‍ ചിത്രം നായര്‍സാന്‍’; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

2012- ല്‍ തിയേറ്ററുകളിലെത്തിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോ തോമസിന്റെ സിനിമ അരങ്ങേറ്റം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി, ഗോദ, മായാനദി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, ലൂസിഫര്‍, ഉയരെ, കല്‍ക്കി, വൈറസ്, ലൂക്ക, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

ടോവിനോ തോമസ് ബര്ത്ഡേ ആഘോഷം മമ്മൂക്കയ്ക്ക് ഒപ്പം ലൊക്കേഷനിൽ ..

Posted by Robert (Jins) on Tuesday, 21 January 2020

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്; 41 റൺസിന് ജപ്പാൻ ഓൾ ഔട്ട്, ഇന്ത്യയ്ക്ക് ജയം

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ രണ്ടാം ജയം തേടി കളിക്കളത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച വിജയം. ഇന്ത്യക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 41 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലും കാർത്തിക് ത്യാഗി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആകാശ് സിംഗ് (2), വിദ്യാധർ പാട്ടിൽ (1) എന്നിങ്ങനെയാണ് ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് നേട്ടം.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ഫീൽഡിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കം മുതൽ പാളിച്ചകളോടെയാണ് ജപ്പാൻ കളിക്കളത്തിൽ എത്തിയത്. അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രം സ്കോർ ബോർഡിൽ ഉണ്ടായിരിക്കെ ജപ്പാന്റെ ആദ്യ വിക്കറ്റ് വീണു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു.

അതേസമയം ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു.  ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ 297 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 207 റൺസ് നേടാനെ കഴിഞ്ഞുള്ളു.