താരസംഗമ രാവുമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ്; 25-ന് നാട്ടിക ബീച്ചില്‍

പൂരങ്ങളുടെ നാടായ തൃശ്ശൂരില്‍ താരസംഗമ രാവ് ഒരുങ്ങുന്നു. നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2019 തൃശ്ശൂരിലെ നാട്ടിക ബീച്ചില്‍ അരങ്ങേറും. ജനുവരി 25-നാണ് ഈ താരാഘോഷ രാവ്. പുരസ്‌കാരപകിട്ടും കലയുടെ വര്‍ണ്ണപ്പകിട്ടും ഒരുമിക്കുന്ന രാമു കാര്യാട്ട് ഫിലിം അവാര്‍ഡില്‍ നിരവധി താരങ്ങളും അണിചേരും. ത്രസിപ്പിക്കുന്ന നൃത്താഘോഷവും മനം നിറക്കുന്ന സംഗീതവര്‍ഷവുമാണ് അവാര്‍ഡ് നിശയിലെ പ്രധാന ആകര്‍ഷണങ്ങള്‍. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ജോജു ജോര്‍ജ്, നൈല ഉഷ, അനു സിത്താര, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ ഈ താരസംഗമ രാവില്‍ അണിനിരക്കുന്നു.

അതേസമയം മികച്ച ജനപ്രീതിയോടെ മുന്നേറുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെയാണ്. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. അനേകായിരങ്ങളാണ് ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തുന്നത്.

കാഴ്ചക്കാരില്‍ വിസ്മയം നിറയ്ക്കുന്ന പെറ്റ് ഷോ, ആഴക്കടല്‍ കാഴ്ചകളുമായി അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്‌ളവര്‍ ഷോ, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.

ഇതിനു പുറമെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

ആകാംക്ഷ നിറച്ച് ‘ഫോറന്‍സിക്’ ടീസര്‍

മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. സെവന്‍ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അഖില്‍ പോള്‍. ആകാംക്ഷ നിറച്ചുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത എത്തുക. അതേസമയം ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് ഈ കഥാപാത്രം. ടൊവിനോയും മംമ്താ മോഹന്‍ദാസുമാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നതും.

Read more: ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ

ഒരു കുറ്റകൃത്യത്തിന്റെ ശാസ്ത്രം എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും ‘ഫോറന്‍സിക്’ എന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഇത് ശരിവയ്ക്കുന്നു. പുതുമുഖ താരങ്ങളായ നിരവധി കുട്ടികളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

‘മോഹന്‍ലാല്‍ -ജാക്കി ചാന്‍ ചിത്രം നായര്‍സാന്‍’; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞത് ഒരു സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. മോഹന്‍ലാല്‍- ജാക്കി ചാന്‍ കൂട്ടുകെട്ടില്‍ നായര്‍സാന്‍ എന്ന പേരില്‍ പുതിയ ചിത്രം വരുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ആല്‍ബര്‍ട്ട് ആന്റണി.

സ്വാതന്ത്ര്യ സമര സേനാനിയായ അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍ എന്നയാളുടെ കഥ പറയുന്ന ചിത്രമാണ് നായര്‍സാന്‍ എന്നും മോഹന്‍ലാലാണ് ചിത്രത്തില്‍ അയ്യപ്പന്‍പിള്ള മാധവന്‍ നായരായെത്തുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കണ്ണേ മടങ്ങുക എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആല്‍ബര്‍ട്ട് ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്റണി പറയുന്നത്.

അതേസമയം ബിഗ് ബ്രദര്‍ ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സിദ്ദിഖാണ് ചിത്രത്തിന്റെ സംവിധായകന്‍. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാലിന് പുറമെ, അറബ്ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഇര്‍ഷാദ്, സാര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കാട്ടുതീയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയില്‍ പൊടിക്കാറ്റും രൂക്ഷം

ഓസ്‌ട്രേലിയയില്‍ വലിയ നാശം വിതച്ച കാട്ടുതീയ്ക്ക് പിന്നാലെ പൊടിക്കാറ്റും രൂക്ഷമാകുന്നു. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരമേഖലയിലാണ് പൊടിക്കാറ്റ് ശക്തമായിരിക്കുന്നത്. പൊടിക്കാറ്റിന് പുറമെ വ്യാപകമായ ആലിപ്പഴം വീഴ്ചയും ഓസ്‌ട്രേലിയയില്‍ ശക്തമാണ്. ന്യൂ സൗത്ത് വെയില്‍സിന്റെ തലസ്ഥാനമായ സിഡ്‌നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എന്നാല്‍ വിക്ടോറിയയില്‍ കാട്ടുതീ ഇതുവരെ ശമിച്ചിട്ടില്ല. പ്രദേശത്ത് മഴ ഉണ്ടായെങ്കിലും അത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ തടസം സൃഷ്ടിക്കുകയാണ് ചെയ്തത്. സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ കോടി കണക്കിന് ജീവജാലങ്ങള്‍ ചത്തതായാണ് കണക്കാക്കപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ ടൂറിസം രംഗത്തെ തന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട് കാട്ടുതീ. കാട്ടുതീയില്‍ നിരവധി മനുഷ്യ ജീവനുകളും പൊലിഞ്ഞു. രണ്ടായിരത്തിലധികം വീടുകളും തകര്‍ന്നു.

അതേസമയം ഓസട്രേലിയയില്‍ മഴ ശക്തമായി പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ മഴ ലഭിച്ചാല്‍ കാട്ടുതീ പൂര്‍ണ്ണമായും കെടുത്താന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസം പകരുന്ന ഒന്നാണ് മഴ. എന്നാല്‍ മഴ കനത്താല്‍ മറ്റൊരു വെല്ലുവിളിയും ഓസ്‌ട്രേലിയ നേരിടേണ്ടി വരും. കാട്ടുതീയില്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ പലതും നദികളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും ഒഴികിയെത്താന്‍ സാധ്യതയുണ്ട്. ഇത് ജലജീവികളെ ഏറെ മോശകരമായി ബാധിക്കും.

അഴകുള്ള തലമുടിയ്ക്ക് ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

പെണ്ണിനഴക് മുടിയാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും മുടിയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. അഴകുള്ള മുടി ആഗ്രഹിക്കുന്നവരുടെ എണ്ണം കുറവല്ല. മുടിയുടെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കാന്‍ മിക്കവരും തയാറുമാണ്. ചില ഭക്ഷണങ്ങളും മുടിയുടെ വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കാറുണ്ട്. മുടിയുടെ സംരക്ഷണത്തിന് സഹായകരമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

നെല്ലിക്ക: കാണാന്‍ കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. മുഖകാന്തിക്കും ഉത്തമമായ നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യസംരക്ഷണത്തിന് ഏറെ ഗുണകരമാണ്.

ഇലക്കറികള്‍: ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടിയുടെ അറ്റംപൊട്ടുന്നത് തടയുന്നതിനും ഇലക്കറികള്‍ സഹായിക്കുന്നു. മുരിങ്ങയിലയും ചീരയിലയുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും.

കറിവേപ്പില: ഇലക്കറികള്‍ പോലെതന്നെ കറിവേപ്പില ധാരാളമായി അടങ്ങിയ കറികള്‍ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടി സമൃദ്ധമായി വളരുന്നതിനും കറിവേപ്പില ഉത്തമമാണ്.

മത്സ്യങ്ങള്‍: പ്രോട്ടീനും കാല്‍സ്യവും ധാരളമടങ്ങിയ മത്സ്യങ്ങള്‍ ഇന്ന് സുലഭമാണ്. ഇവ മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനും സഹായിക്കും. മുടി കൊഴിയുന്നത് തടയാനും പുതിയ മുടി കിളിര്‍ക്കുന്നതിനും മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

ധാന്യങ്ങള്‍: തവിട് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നതും മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും. ആന്റി ഓക്‌സിഡന്റുകളും വിറ്റമിന്‍ ഈ-യും ഇത്തരം ധാന്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 13 കോടിയുടെ പ്രത്യേക പദ്ധതി

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. 13 കോടി രൂപയുടേതാണ് പദ്ധതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക.

തിരുവനന്തപുരം റോഡ് ഡവലപ്പ്‌മെന്റ് കമ്പനി (ടി.ആര്‍.ഡി.എല്‍) യോഗത്തിലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. അതേസമയം രണ്ട് മുതല്‍ രണ്ടരകോടി രൂപ വരെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കായി ചിലവ് വരുമെന്നും കണ്ടെത്തി. ഈ തുക സ്‌പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാനുള്ള ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. അഞ്ച് കോടിയാണ് ടെന്‍ഡര്‍ തുക. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം ആരംഭിക്കും.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്‍റെ സിറ്റി റോഡ്…

Posted by Pinarayi Vijayan on Monday, 20 January 2020

പിറന്നാള്‍ നിറവില്‍ ടൊവിനോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന താരമാണ് ടൊവിനോ തോമസ്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ താരത്തിന് സാധിക്കുന്നു. പിറന്നാള്‍ നിറവിലാണ് ടൊവിനോ ഇന്ന്. ആരാധകരും ചലച്ചിത്ര രംഗത്തുള്ളവരുമടക്കം നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ സുന്ദരാ…’ എന്ന അടിക്കുറിപ്പു ചേര്‍ത്ത് ടൊവിനോയുടെ രസകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആശംസ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘വൈറസ്’ എന്ന ചിത്രത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും ഫോട്ടോയ്‌ക്കൊപ്പം പൂര്‍ണിമ ചേര്‍ത്തിട്ടുണ്ട്.

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതും ഇന്നാണ്. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Wishing my dearest Tovi a very happy birthday and the best wishes for his upcoming movie Kilometers and Kilometers. I am…

Posted by Dulquer Salmaan on Monday, 20 January 2020

Read more: ‘ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ’; ഹൃദയംതൊട്ട് ടൊവിനോ ചിത്രത്തിന്റെ ടീസർ

ടൊവിനോ തോമസിന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2012- ല്‍ തിയേറ്ററുകളിലെത്തിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ ചലച്ചിത്ര പ്രവേശനം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി, ഗോദ, മായാനദി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, ലൂസിഫര്‍, ഉയരെ, കല്‍ക്കി, വൈറസ്, ലൂക്ക, എടക്കാട് ബറ്റാലിയന്‍ 06 ഇങ്ങനെ നീളുന്നു ടൊവിനോ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍.

അതിവേഗം 5000 റണ്‍സ് തികച്ച നായകന്‍; ചരിത്രം കുറിച്ച് വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചരിത്രം സൃഷ്ടിക്കുന്നതില്‍ ബഹു കേമനാണ്. ബാറ്റുമായി കോലി ക്രീസില്‍ ഇറങ്ങുമ്പോള്‍ മിക്കപ്പോഴും പുതു ചരിത്രങ്ങളും പിറവിയെടുക്കുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയുടെ അവസാന മത്സരത്തിലും ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

കഴിഞ്ഞ 19-ാം തീയതിയായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നടന്നത്. ബംഗളൂരുവില്‍ വെച്ചു നടന്ന മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി. നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോര്‍ഡാണ് പുതിയതായി വിരാട് കോലി കുറിച്ചിരിക്കുന്നത്.

നായകനായതിന് ശേഷം കളിച്ച തന്റെ 82-ാം ഇന്നിങ്‌സിലാണ് കോലി അതിവേഗം 5000 റണ്‍സ് എന്ന ചരിത്രം സൃഷ്ടിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി 127 ഇന്നിങ്‌സുകള്‍ കൊണ്ടാണ് 5000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ധോണിയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും. 131 ഇന്നിങ്‌സുകളില്‍ നിന്നുമായി 5000 റണ്‍സ് തികച്ച മുന്‍ ഓസിസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 135 മത്സരങ്ങളില്‍ നിന്നായി 5000 റണ്‍സ് തികച്ച മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഗെയിം സ്മിത്താണ് നാലാം സ്ഥാനത്ത്.

Read more: ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ

അടുത്തിടെ 2019 വര്‍ഷത്തെ ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഐസിസി പ്രഖ്യാപിച്ച പുരസ്‌കാര പട്ടികയിലും വിരാട് കോലി ഇടം നേടിയിരുന്നു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിയ ആരാധകരെ തിരുത്തിയതാണ് വിരാട് കോലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൂടാതെ 2019 വര്‍ഷത്തെ ഐസിസിയുടെ ഏകദിന ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും കോലിക്കായിരുന്നു.