97-ാം വയസ്സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വിദ്യാ ദേവി

‘അയ്യോ എനിക്ക് പ്രായമായി, എന്നെക്കൊണ്ട് ഇനി ഒന്നിനും വയ്യേ…’ എന്നൊക്കെ പരിതപിക്കുന്നവര്‍ അറിയണം വിദ്യാ ദേവിയെക്കുറിച്ച്. തന്റെ 97-ാമത്തെ വയസ്സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. അതും പ്രായമൊക്കെ വെറുമൊരു നമ്പര്‍ മാത്രമല്ലേ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്.

രാജസ്ഥാനിലെ ശികാര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് 97- വയസ്സുകാരിയായ വിദ്യാ ദേവി മത്സരിച്ചതും വിജയിച്ചതും. പുരനാവാസ് പഞ്ചായത്തില്‍ നിന്നും മത്സരിച്ച ഇവര്‍ 207 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ നേടിയത് 843 വോട്ടുകള്‍. ആരതി മീന ആയിരുന്നു വിദ്യാ ദേവിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. വയസ്സ് 97 ആണെങ്കിലും ആരോഗ്യവതിയാണ് വിദ്യാ ദേവി. രണ്ട് കിലോമീറ്റര്‍ നടന്നാണ് ഇവര്‍ നോമിനേഷന്‍ നല്‍കാന്‍ പഞ്ചായത്തില്‍ എത്തിയത് പോലും.

Read more: ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

അതേസമയം വിദ്യാ ദേവി ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന ഉറപ്പാണ് വിദ്യാ ദേവി വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. സ്ഥലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും എല്ലായിടത്തും വെള്ളം എത്തിക്കുമെന്നും പാവപ്പെട്ട വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും വിദ്യാ ദേവി വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ പോലും ശ്രദ്ധ നേടി വിദ്യാ ദേവിയുടെ 97-ാം വയസ്സിലെ ഈ തിരഞ്ഞെടുപ്പ് വിജയം.

പ്ലാസ്റ്റിക് നിരോധിക്കാൻ ഒരുങ്ങി ചൈന; ഇതോടെ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകുമെന്ന് കണ്ടെത്തൽ

ലോകത്ത് മാലിന്യകൂമ്പാരങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. ഇതിൽ ഏറ്റവും അപകടകരവും മണ്ണിലിട്ടാൽ നശിച്ചുപോകാത്തതുമാണ് പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക്കിന്റ ഉപയോഗം ദിവസേന കൂടിവരുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പ്രകൃതി മലിനീകരണത്തിനും കാരണമാകും. ഇന്ന് ഏറ്റവും ഉപദ്രവകാരിയും വളരെ സുലഭമായി കാണുന്നതും പ്ലാസ്റ്റിക് ഉത്പന്നങ്ങൾകൊണ്ട് നിർമിച്ച വസ്തുക്കൾ തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ചൈന.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പുതിയ പദ്ധതിയുമായി എത്തുകയാണ് ദേശീയ വികസന പരിഷ്കരണ കമ്മീഷൻ. അഞ്ച് വർഷം കൊണ്ട് ഈ നയം നടപ്പാക്കാനാണ് തീരുമാനം. ഇത് നടപ്പാകുന്നതോടെ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകുമെന്നാണ് കണ്ടെത്തൽ.

പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30 % കുറയ്ക്കുക എന്നിവയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. ചൈനയിൽ 2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 അവസാനത്തോടെ എല്ലാ സ്ഥലങ്ങളിലും പൂർണമായും പ്ലാസ്റ്റിക് നിരോധിക്കാനാണ് തീരുമാനം.

Read also: നയൻതാരയുടെ ഗാനത്തിന് അനു സിത്താരയുടെ ചുവടുകൾ- വീഡിയോ

വർഷങ്ങളായി ചൈനയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നശിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ് അധികൃതർ. ലോകത്ത് ഏറ്റവുമധികം പ്ലസ്റ്റിക് ഇറക്കുമതി ചെയ്തിരുന്ന രാജ്യമായിരുന്നു ചൈന. എന്നാൽ 2017 ൽ വിദേശ പ്ലസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചിരുന്നു.

തായ്ലാൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്.

അതേസമയം 2020 ജനുവരി ആദ്യവാരം മുതൽ കേരളത്തിലും പ്ലാസ്റ്റിക് നിരോധിച്ചു. നിരോധിച്ച പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചാലും വില്‍പന നടത്തിയാലും ആദ്യ തവണ പതിനായിരം രൂപ പിഴയടക്കേണ്ടി വരും. ആവര്‍ത്തിച്ചാല്‍ ഇരുപത്തയ്യായിരം രൂപയും തുടര്‍ന്നാല്‍ അമ്പതിനായിരം രൂപയുമാണ് പിഴ.

കേരളത്തിൽ നിരോധിച്ച പ്ലാസ്റ്റിക്കുകള്‍

*പ്ലാസ്റ്റിക് സഞ്ചികള്‍
*പ്ലാസ്റ്റിക് ഷീറ്റ്പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ
*പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ പ്ലേറ്റ്, കപ്പ്, ബാഗ്, ബൗള്‍
*പ്ലാസ്റ്റിക് കുടിവെള്ള പൗച്ച്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍
*500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍
*മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍
*ഫ്‌ളെക്‌സ്, പ്ലാസ്റ്റിക് ബാനര്‍

നയൻതാരയുടെ ഗാനത്തിന് അനു സിത്താരയുടെ ചുവടുകൾ- വീഡിയോ

മലയാള സിനിമയുടെ മുഖശ്രീയായി മാറിയ നടിയാണ് അനുസിത്താര. നൃത്ത രംഗത്ത് സജീവമായ അനു സിത്താരയുടെ ഒരു വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. ലവ് ആക്ഷൻ ഡ്രാമയിലെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ് അനു സിത്താര പങ്കുവെച്ചിരിക്കുന്നത്.

ഓഫ് വൈറ്റ് നിറത്തിലുള്ള അനാർക്കലി അണിഞ്ഞാണ് പാട്ടിനൊപ്പം അനു സിത്താര ചുവടിടുന്നത്. പതിവിലും സുന്ദരിയായെന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Styling : @asaniya_nazrinCostume : SwapnaEarring : @styledby_an

Posted by Anu Sithara on Sunday, 19 January 2020

‘മാമാങ്കം’ എന്ന സിനിമയിലാണ് അനു സിത്താര അവസാനമായി എത്തിയത്. പരമ്പരാഗത കേരളീയ സ്ത്രീയുടെ വേഷവിധാനത്തിലാണ് അനു സിത്താര ‘മാമാങ്ക’ത്തിൽ വന്നത്. ഒട്ടേറെ ചിത്രങ്ങളാണ് അനു സിത്താരയുടേതായി റിലീസ് ചെയ്യാനുള്ളത്.

Read More:ആധാറിലെയും വോട്ടേഴ്‌സ് ഐ ഡി കാർഡിലെയും ഫോട്ടോയോർത്ത് വിഷമിക്കേണ്ട- ഇഷ്ടമുള്ള ഫോട്ടോ ഇനി നൽകാം

വിവാഹ ശേഷം സിനിമയോട് വിട പറയുന്ന നടിമാരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് അനു സിത്താര. വിവാഹശേഷമാണ് നടി സിനിമ ലോകത്ത് സജീവമായത്.

കുക്കീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ക്രോം

ഏറെ ജനസ്വീകാര്യതയുള്ള സേര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍ ക്രോം. എന്തിനും ഏതിനും ഗൂഗിള്‍ ക്രോമില്‍ തിരയുന്നവരാണ് നമ്മളില്‍ അധികവും. ഇപ്പോഴിതാ പുതിയൊരു നീക്കത്തിനൊരുങ്ങുകയാണ് ഗൂഗിള്‍ ക്രോം . ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയിരുന്ന കുക്കീസ് സംവിധാനം ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുക്കീസ് ഒഴിവാക്കാനാണ് ഗൂഗിള്‍ ക്രോം തീരുമാനിച്ചിരിക്കുന്നത്.

പരസ്യ വിതരണം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗരീതി പകര്‍ത്താന്‍ വെബ്സൈറ്റുകള്‍ ആശ്രയിക്കുന്നത് കുക്കീസിനെയാണ്. ബ്രൗസര്‍ ശേഖരിച്ചുവയ്ക്കുന്ന കുക്കീസിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പരസ്യ കമ്പനികള്‍ ഉപയോക്താക്കളുടെ താല്‍പര്യത്തിന് അനുസരിച്ച പരസ്യങ്ങള്‍ എത്തിക്കുന്നത്. ഉദാഹരണത്തിന്, ഇന്റര്‍നെറ്റില്‍ നാം ഒരു പ്രത്യേക ഫോണ്‍ തിരയുകയാണെങ്കില്‍ തുടര്‍ന്ന് നാം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ എല്ലാം ഈ ഫോണിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബ്രൗസറിലെ കുക്കീസ് ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഉപയോക്താവിന്‍റെ താല്‍പര്യങ്ങള്‍ തിരിച്ചറിയുന്നത്.

Read more: പുതിയ ഭാവത്തില്‍ പൃഥ്വിരാജ്; ശ്രദ്ധ നേടി ‘ആടുജീവിതം’ ലുക്ക്‌

കുക്കീസ് ഒഴിവാക്കുന്നതു വഴി ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത ലഭ്യമാകും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് മറ്റ് നിരവധി വഴികള്‍ ഉള്ളതുകൊണ്ടുതന്നെ കുക്കീസ് ഒഴിവാക്കുന്നത് ഗൂഗിളിന്റെ പരസ്യ വിതരണത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. അതേസമയം സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സഫാരി, ഡക്ക് ഡക്ക് ഗോ പോലുള്ള ബ്രൗസറുകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ക്രോമിന്റെ പുതിയ തീരുമാനം.

നിസ്സാരമല്ല ഈ വേദനകള്‍; കാരണങ്ങള്‍ പലതാണ്

അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസ്സാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം.

കൈവിരലുകളിലെ വേദന
കംപ്യൂട്ടര്‍ അധിഷ്ഠിതമായ ജോലി ചെയ്യുന്നവരിലാണ് കൈവിരലുകളില്‍ കൂടുതലായും വേദന കണ്ടുവരാറ്. തുടര്‍ച്ചയായി കൈവിരലുകളില്‍ വേദനയുണ്ടാകാറുണ്ടെങ്കില്‍ കൃത്യമായ വൈദ്യസഹായം തേടുന്നതാണ് നല്ലത്. ചികിത്സിക്കാതിരുന്നാല്‍ കൈകളിലെ പേശികള്‍ ചുരുങ്ങുകയും തന്മൂലം കൈകകളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുകയും ചെയ്‌തേക്കാം.

തലവേദന
പലരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. എന്നാല്‍ സഹിക്കാന് വയ്യാത്ത തരത്തില്‍ കഠിനമായ തലവേദനയുണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത്. ഒരുപക്ഷെ ബ്രെയ്ന്‍ അന്യൂറിസം ആവാം ഇത്തരം തലവേദനകളുടെ കാരണം. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ തലച്ചോറിലെ രക്തശ്രാവത്തിന് ഇത്തരം തലവേദനകള്‍. വിട്ടുമാറാത്ത തലവേദന പലപ്പോഴും ബ്രെയ്ന്‍ ട്യൂമറിന്റെയും ലക്ഷണമാണ്.

നടുവേദന
കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. നടുവേദനയെ അവഗണിക്കുന്നത് അത്ര നല്ലതല്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നട്ടെല്ലിലെ തേയ്മാനവും കഠിനമായ നടുവേദനയുടെ കാരണമാണ്. കൃത്യമായ സമയത്ത് വൈദ്യസഹായം ഉറപ്പാക്കുക.

നെഞ്ചുവേദന
പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് നെഞ്ചുവേദന. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

വയറുവേദന
പലതരം കാരണങ്ങളാല്‍ വയറുവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകാറുള്ള വയറുവേദനയെ അത്ര നിസ്സാരമാക്കരുത്. വയറിന്റെ താഴെ വലത്തുഭാഗത്തായി വരുന്ന വേദന അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമാവാം. വയറുവേദന കടുത്തതാണെങ്കില്‍ കൃത്യമായി ചികിത്സ ലഭ്യമാക്കണം.

കാല്‍വേദന
കാല്‍മുട്ടുകളിലുണ്ടാകുന്ന വേദന, കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന വേദന തുടങ്ങി കാലുകളില്‍ ഉണ്ടാകുന്ന വേദനകള്‍ പലവിധമാണ്. ഇത്തരം വേദനകളും പലപ്പോഴും ചില രോഗങ്ങളുടെ സൂചനകളും ലക്ഷണങ്ങളുമാണ്. അതിനാല്‍ കൃത്യസമയത്ത് വൈദ്യസഹായം തേടുക.

റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ കഴിക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ

റെഡി റ്റു ഈറ്റ് ഭക്ഷണങ്ങളോടുള്ള മനുഷ്യന്റെ താത്‌പര്യം തുടങ്ങിയിട്ട് കാലം കുറച്ചായി. എളുപ്പത്തിൽ തീൻ മേശകളിൽ സ്വാദിഷ്‌ടവും കളർഫുള്ളുമായ ഭക്ഷണ വിഭവങ്ങൾ എത്തുന്നുവെന്നതുതന്നെയാണ് റെഡി ടു ഈറ്റ്  ഇത്രയധികം ജനപ്രിയമാകുന്നത്.

പലപ്പോഴും പാചകം ചെയ്യാനുള്ള മടിയും പുറത്ത് നിന്ന് ഭക്ഷണങ്ങൾ കഴിക്കാൻ കാരണമാകാറുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ വിഭവങ്ങളിൽ ചേർക്കുന്നതും നമ്മെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകുന്നു.

എന്നാൽ പ്ലാസ്റ്റിക് കവറിങ്ങോടുകൂടി മാർക്കറ്റുകളിൽ വാങ്ങിക്കാൻ കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപ് ചില അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം: 

പലപ്പോഴും ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ദിവസങ്ങളോളം കേടുവരാതെ ഇരിക്കുന്നതും കാണാറുണ്ട്. ഇവയിൽ ചേർക്കുന്ന രാസപദാർത്ഥങ്ങളും ചേരുവകകളും വലിയ അപകടമാണ്. വലിയ അളവുകളിൽ ഇവയിൽ മണത്തിനും രുചിക്കുമൊക്കെയായി ചേർക്കപ്പെടുന്ന പ്രിസർവേറ്റീവുകൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

Read also: പ്രേക്ഷക മനംതൊട്ട് സ്റ്റൈൽ മന്നനും നയൻസും; മനോഹരം ഈ ഗാനം

യൂറിക് ആസിഡ് വർധന, കാൻസർ, സന്ധിരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ തയാറാക്കിയ ഭക്ഷണങ്ങൾ കാരണമാകാറുണ്ട്. അതുപോലെ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം,വൃക്കരോഗങ്ങൾ എന്നിവയ്ക്കും ഈ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള സോഡിയത്തിന്റെ അളവ് കാരണമാകുന്നു. 

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ അമിതമായ അളവിൽ മധുരം ചേർക്കാറുണ്ട്. ഇത് ഫാറ്റി ലിവർ, പ്രമേഹം അമിതവണ്ണം എന്നിവയ്ക്കും കാരണമാകും. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞു.

ക്വളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് കേരളത്തിൽ നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടത്തും പ്ലാസ്റ്റിക് ലഭ്യമാണ്. മാരകമായ വിഷമാണ് പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ വരുന്നത്. മണ്ണിലിട്ടാൽ ഒരിക്കലും അലിഞ്ഞുപോകാത്ത പ്ലാസ്റ്റിക് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്.

തൃശൂരിലെ ഓരോ മണൽത്തരികളെയും ചുംബിച്ചുകൊണ്ട് നാൽചക്രങ്ങളിലെ വേഗരാജാക്കന്മാർ

തൃശൂരിന്റെ പടിഞ്ഞാറൻ തീരത്ത് ജനസാഗരങ്ങളുടെ മനംകവരുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റ്. ജനുവരി 16 ന് ആരംഭിച്ച ബീച്ച് ഫെസ്റ്റ് നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ മനോഹരമായ കാഴ്ചകൾക്കൊപ്പം കാഴ്ചക്കാർക്ക് ഇഷ്‌ടാനുസരണം സാധനങ്ങൾ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലക്കുറവിനൊപ്പം ഇഷ്‌ടാനുസരണം സാധനങ്ങളും തിരഞ്ഞെടുക്കാം.

തൃശൂരിന്റെ മുഴുവൻ മനം കവർന്നുകൊണ്ട് തൃശൂരിലെ ഓരോ മണൽ തരികളെയും ചുംബിച്ചുകൊണ്ട് ഇന്നലെ അരങ്ങേറിയ കാർ റേസ് കാണികൾക്ക് ആവേശത്തിരയിളക്കം സൃഷ്ടിച്ചു. നാൽചക്രങ്ങളിലെ വേഗരാജാവിനെ തീരുമാനിക്കാൻ ഇന്നലെ വൈകുന്നേരം മൂന്ന് മണിയ്ക്ക് അരങ്ങേറിയ കാർ റേസിൽ നിരവധി വാഹനങ്ങൾ എത്തിയിരുന്നു.

ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങളുടെ വമ്പൻ ശേഖരം, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്‌ളവർ ഷോ, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാർക്ക് അക്വാ ഷോ എന്നിവയെല്ലാം മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read also: കുഞ്ഞിനൊപ്പം ചങ്ങാത്തം കൂടി മുള്ളൻപന്നി; വൈറൽ വീഡിയോ

വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിൽ ഉണ്ട്.

കണ്ണിന് കുളിർമയേകുന്ന കാഴ്ചകള്‍ക്കൊപ്പം മേളയിൽ എത്തുന്നവർക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

കുഞ്ഞിനൊപ്പം ചങ്ങാത്തം കൂടി മുള്ളൻപന്നി; വൈറൽ വീഡിയോ

സൗഹൃദത്തിന് അതിർവരമ്പുകൾ ഇല്ലെന്ന് പറഞ്ഞുകേൾക്കാറുണ്ട്. ഇപ്പോഴിതാ ആളുകൾ പൊതുവെ ഭയക്കുന്ന മുള്ളൻപന്നിക്കൊപ്പം സൗഹൃദം പങ്കിടുന്ന ഒരു കൊച്ചുകുഞ്ഞാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ശരീരം മുഴുവൻ മുള്ളുള്ള ജീവിയാണ് മുള്ളൻപന്നി. പൊതുവെ മനുഷ്യരുമായി ചങ്ങാത്തം കൂടാത്ത പ്രകൃതക്കാരാണ് ഈ ജീവികൾ. എന്നാൽ മനുഷ്യരുടെ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ചെറിയ കുട്ടിയുടെ കൂടെ നടക്കുന്ന മുള്ളൻപന്നിയാണ് വീഡിയോയിൽ കാണുന്നത്. കുട്ടിയുടെ താളത്തിനൊപ്പമാണ് കക്ഷിയുടെയും നടത്തം. കുട്ടി ഓടുമ്പോൾ ഒപ്പം ഓടുകയും തിരിഞ്ഞുനടക്കുമ്പോൾ കൂടെക്കൂടുകയുമൊക്കെ ചെയ്യുന്നുണ്ട് താരം.

Read also: പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ല, സെന്‍സസുമായി മാത്രം സഹകരിക്കും: കേരള സര്‍ക്കാര്‍

അതേസമയം സംഭവം എവിടെയാണെന്ന് വ്യക്തമല്ല. എങ്കിലും നിരവധി ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. പ്രവീൺ കസ്വാൻ എന്ന ആളാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മുള്ളൻ പന്നിയെന്നും അടിക്കുറുപ്പായി അദ്ദേഹം ചേർത്തിട്ടുണ്ട്

അതേസമയം ഇത് കുട്ടിയുടെ വീട്ടിൽ വളർത്തുന്ന മുള്ളൻപന്നിയാകാമെന്നാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്. കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.