പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേ ഇല്ല: സുപ്രിം കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നു. 144 ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെയെത്തിയത്. അതേസമയം കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന.

മൊത്തം 144 ഹർജികളാണ് സുപ്രിം കോടതിക്ക് ലഭിച്ചത്. അതിൽ 60 ഹർജികൾ ഇന്ന് പരിഗണിക്കും. 84 ഹർജികൾക്ക് നാലാഴ്ചത്തെ സമയം കോടതി ആവശ്യപ്പെട്ടു.

അറ്റോണി ജനറലിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം സുപ്രിം കോടതി നൽകിയതായി സൂചന. അസാം വിഷയത്തിൽ പ്രത്യേക വിധി കേൾക്കുന്നതിനായും സുപ്രിം കോടതി അനുമതി നൽകി.

അതോടൊപ്പം ഹൈക്കോടതികൾ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കേണ്ടതില്ലെന്നും സുപ്രിം കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി കേൾക്കുന്നത്.

ഊബര്‍ ഈറ്റ്‌സിനെ സ്വന്തമാക്കി സൊമാറ്റോ

ജനപ്രിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭമായ ഊബര്‍ ഈറ്റ്‌സ് ഇനി മുതല്‍ സൊമാറ്റോയുടെ ഭാഗമാകുന്നു. 350 മില്യണ്‍ ഡോളറിനാണ് സൊമാറ്റോ ഊബര്‍ ഈറ്റ്‌സിനെ ഏറ്റെടുത്തിരിക്കുന്നത്. 10% ഓഹരി ഊബറിന് നല്‍കാനും സൊമാറ്റോ തീരുമാനിച്ചിട്ടുണ്ട്. ഊബര്‍ ഈറ്റ്‌സിനെ സ്വന്തമാക്കിയതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറും.

Read more: ദേ, ഇതാണ് ‘മുക്കാല…’ പാട്ടിനൊപ്പം കിടിലന്‍ ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ച ആ ഡാന്‍സര്‍: വീഡിയോ

2017- ലാണ് ഊബര്‍ ഈറ്റ്‌സ് എന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭം ഇന്ത്യയില്‍ സജീവമായത്. അതേസമയം ഇന്ത്യയിലെ ഊബര്‍ ഈറ്റ്‌സ് സംരംഭം മാത്രമാണ് സൊമാറ്റോയ്ക്ക് വിറ്റത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഊബര്‍ ഈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. ഊബര്‍ ഈറ്റ്‌സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി. ഇന്ത്യയില്‍ സൊമാറ്റോയുടെ ഭാഗമായെങ്കിലും ഊബര്‍ ഈറ്റ്‌സിന്റെ ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും സംവിധാനം മാറ്റമില്ലാതെ തുടരും.

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്

ഡല്‍ഹിയില്‍ നിയമസഭാ ഇലക്ഷന്‍ അടുത്തമാസം എട്ടിന് നടക്കും. ഡല്‍ഹിയിലെ എഴുപത് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 നാണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.

ഈ മാസം 14 മുതല്‍ നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കാവുന്നതാണ്. ജനുവരി 21 ആണ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി. അതേസമയം നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുപക്ഷെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് സാധിച്ചേക്കാം. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷ സംവിധാനത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

എണ്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. 2689 പോളിംഗ് സ്‌റ്റേഷനുകളായിരിക്കും ഉണ്ടാവുക. സുരക്ഷയുടെ ഭാഗമായി നിരീക്ഷകര്‍ക്ക് പുറമെ സ്‌പെഷ്യല്‍ ഒബ്‌സര്‍വര്‍മാരെയും നിയമിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

2020 ! വിലക്കയറ്റത്തിന്റെ വർഷമോ.. സ്വർണ്ണവില 30,000 കടന്നു, പെട്രോളിനും ഡീസലിനും വില വർധിച്ചു

2020 ആരംഭം മുതൽ സ്വർണ്ണവിലയും എണ്ണവിലയും ഉള്ളിവിലയുമെല്ലാം കുതിച്ചുയരുകയാണ്. ജനവരി ആറ് ആകുമ്പോഴേക്കും സ്വർണ്ണത്തിന് വില 30,000 കടന്നു. ഇന്ന് മാത്രമായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഉയർന്നു. ഇതോടെ വില ഗ്രാമിന് 3775 ഉം പവന് 30,200 രൂപയുമായി. അതേസമയം ഈ വർഷം ആരംഭത്തിൽ 29,000 രൂപയാണ് സ്വർണ്ണവില.

പെട്രോൾ വില ജനുവരി ആറ് ആകുമ്പോഴേക്കും 77. 90 പൈസയായി ഉയർന്നിരിക്കുകയാണ്. ഡീസൽ വില 72. 71 പൈസയായും ഉയർന്നുകഴിഞ്ഞു. രാജ്യാന്തര വിപണയിൽ വില കുതിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യത.

അതേസമയം പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. 2020 ആരംഭം മുതലുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം ജനജീവിതത്തെ മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത്

രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു. ജനുവരി ഒന്നിനാണ് ചുമതലയേക്കുക. നിലവില്‍ കരസേന മേധാവിയായ ബിപിന്‍ റാവത്ത് ഡിസംബര്‍ 31 ന് വിരമിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ചുമതല ലഭിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രി സഭാ സമതിയാണ് ബിപിന്‍ റാവത്തിന്റെ നിയമനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. സംയുക്ത സേനാ മേധാവി ആയിരിക്കും സൈനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ് അഡൈ്വസര്‍.

കൂടാതെ കര, വ്യോമ, നാവിക സേനകളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പു വരുത്തുകയും ചെയ്യും. എന്നാല്‍ ഈ മൂന്ന് സേനകള്‍ക്ക് മേലുള്ള കമാന്‍ഡിങ് പവര്‍ സംയുക്ത സേനാ മേധാവിക്ക് ഉണ്ടായിരിക്കില്ല.

അയോധ്യവിധി: ഇരുകൂട്ടർക്കും ന്യായമായ വിധിയെന്ന് ചീഫ് ജസ്റ്റിസ്

അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഇരുകൂട്ടർക്കും ന്യായമായ നീതി ലഭിക്കുന്ന  രീതിയിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഹിന്ദു ക്ഷേത്രം തർക്ക ഭൂമിയിൽ നിർമ്മിക്കാൻ ഉപാധികളോടെ അനുമതി നൽകിയിരിക്കുകയാണ് സുപ്രിം കോടതി. അഞ്ച് ഏക്കർ സ്ഥലം മുസ്ലിങ്ങൾക്ക് ആരാധനാലയം പണിയുവാനും നൽകാൻ കോടതി വിധിച്ചു. തർക്ക ഭൂമി സർക്കർ ഏറ്റെടുക്കുകയും മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കുകയും ക്ഷേത്രം നിർമ്മിക്കാനുമാണ് കോടതി വിധി.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിയിലെ അംഗങ്ങൾ. 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ  വിധി 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു ഇന്ന്  പറയുന്നത്.

അതേസമയം രാജ്യം ഉറ്റുനോക്കിയ വിധി വരാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയത്.

സുപ്രിംകോടതി പുറപ്പെടുവിച്ച പ്രധാന ഉത്തരവുകൾ ഒറ്റനോട്ടത്തിൽ:

1. അയോധ്യ തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമ്മിക്കും

2.  5 ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് നൽകും

3. ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ട്രസ്റ്റിന് രൂപം നൽകണം

4. മൂന്ന് മാസത്തിനുള്ളിൽ പദ്ധതി തയാറാക്കണം

5. അലഹാബാദ് വിധി തെറ്റെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചു

6. തർക്കഭൂമി ബോർഡ് ഓഫ് ട്രസ്റ്റീസിന് നൽകും.

 

അയോധ്യവിധി ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ

അയോധ്യ കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. രാവിലെ 10.30 നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്.  134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി ഇന്ന് പ്രസ്താവിക്കുന്നത്. അതേസമയം അയോധ്യവിധി ഇന്ന്  വരാനിരിക്കെ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

2010 ലെ അലഹബാദ് ഹൈക്കോടതിയുടെ  വിധി 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകളിലാണ് ഇന്ന് സുപ്രീം കോടതി വിധി പറയുന്നത്. അതേസമയം വർഷങ്ങളായുള്ള തർക്കത്തിന് അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.

ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണത്തുടർച്ചയ്ക്ക് സാധ്യത; ബിജെപി മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിനൊപ്പം മഹാരാഷ്ട്രയും ഹരിയാനയും. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം തുടരുകയാണ്.  കോൺഗ്രസ് ഏറെ പിന്നിലാണ്. ഇരു സംസ്ഥാനങ്ങളിലും നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളും ഹരിയാനയിൽ 90 നിയമസഭാ മണ്ഡലങ്ങളങ്ങളുമാണ് ഉള്ളത്.

അതേസമയം ഹരിയാനയിൽ എൻ ഡി എയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന ലീഡ് നില കുറഞ്ഞിരിക്കുകയാണ്. അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഹരിയാനയിൽ ബിജെപിയ്ക്ക് 44, കോൺഗ്രസിന് 34, മറ്റുമുള്ളവ 16 എന്നിങ്ങനെയാണ്. മഹാരാഷ്ട്രയിൽ  ബിജെപിയ്ക്ക്  175 ഉം കോൺഗ്രസിന്  91 ഉം മറ്റുള്ളവ 22 ഉം സീറ്റുകളാണ് നിലവിൽ നേടിയിരിക്കുന്നത്.