സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ‘മഹാ’ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും

കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തീവ്രമഴ പെയ്യാന്‍ സാധ്യതയുള്ള എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും.

ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ ലക്ഷദ്വീപില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 22 കി.മീ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലൂടെ മഹാ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരാനാണ് സാധ്യത.

കേരളത്തെ കൈപിടിച്ചുയർത്തി രാജ്യം

എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് രാജ്യം. മഴക്കെടുതിയിൽ നാശം വിതച്ച കേരളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ റദ്ദാക്കി. സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ ചെറിയ  പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. രാവിലെ ഒമ്പതരയ്ക്ക് രാജ്ഭവനിൽ ഗവർണർ പി സദാശിവം പതാക ഉയർത്തും.

അതേസമയം രാജ്ഭവനിൽ നടത്തുന്ന പതിവ് വിരുന്ന് സംസ്ഥാനം നേരിട്ട മഴക്കെടുതിയെത്തുടർന്ന് റദ്ദാക്കിയിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവൻ രക്ഷാ പതക്കും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും മറ്റ് പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് കേരളത്തിൽ മഴയ്ക്ക് ശമനമുണ്ട്.  റെഡ് അലർട്ട് ഇന്ന് ജില്ലയിൽ എവിടെയുമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഛത്തീസ്ഗഡ് വഴി വടക്കുപടിഞ്ഞാറേക്കു നീങ്ങിയതോടെയാണു കേരളത്തിൽ മഴയ്ക്ക് കുറവ് ഉണ്ടായത്. എന്നാൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 105 ആയി.

 

രക്ഷാ പ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്‍റെ കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് മോഹന്‍ലാലിന്‍റെ വിശ്വാശാന്തി ഫൗണ്ടേഷന്‍

മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണം കവര്‍ന്ന ലിനുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മോഹന്‍ലാല്‍ ചെയര്‍മാനായുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. മേജര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ചു. അടിയന്തര സഹായമായി ലിനുവിന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കി.

അതേസമയം ലിനുവിന്റെ കുടുംബത്തിന് നടന്‍ ജയസൂര്യ അഞ്ച് ലക്ഷം രൂപയും സഹായം നല്‍കി. ലിനുവിന്റെ അമ്മയെ വിളിച്ച് നടന്‍ മമ്മൂട്ടിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വീട് മഴയെടുത്തപ്പോള്‍ ലിനുവും അച്ഛനും അമ്മയും സഹോദരങ്ങളും സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറി. തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കുന്നതിനായി കൂട്ടുകാര്‍ക്കൊപ്പം ലിനു പോയി. എന്നാല്‍ കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെ ലിനുവിനെ കാണാതായി. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ മൃദദേഹം സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

മഴക്കെടുതി; ജീഷ്മയുടെ പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങില്ല, സഹായ ഹസ്തവുമായി സുമനസുകൾ

കോഴിക്കോട്, ചാത്തമംഗലത്തെ രാജശേഖരന്റെ വീട്ടിൽ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു…ഇത്രയും നാൾ സ്വരൂക്കൂട്ടി വച്ചതെല്ലാം ചേർത്ത് മകൾ ജീഷ്മയുടെ വിവാഹം നടത്താൻ ഒരുങ്ങുകയായിരുന്നു രാജശേഖരനും ഭാര്യയും. പെട്ടന്നാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ചാലിയാറിൽ നിന്നും ഒഴുകിവന്ന ജലം ആറു സെന്റ് ഭൂമിയിൽ ഉണ്ടായിരുന്ന വീടും സ്വരക്കുകൂട്ടിവച്ച സർവ്വതും നശിച്ചത്.

ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ വീട്ടിൽ നിന്ന് ഒന്നും എടുക്കാനായില്ല. കോഴിക്കോടെ ദുരിതാശ്വാസ ക്യാമ്പിലാണ് ജീഷ്മയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. വിവാഹത്തിന്റെ ആഘോഷങ്ങളോ, സന്തോഷങ്ങളോ ഇപ്പോൾ ജീഷ്മയുടെയും കുടുംബത്തിന്റെയും മുഖത്തില്ല. കടലോളം ദുഃഖം മാത്രമാണ് ആ മുഖങ്ങളിൽ.

സെപ്‌തംബർ എട്ടിനാണ് ജീഷ്മയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. വിവാഹം മുടങ്ങുമോയെന്നുള്ള വിഷമത്തിൽ കഴിയുന്ന ഈ കുടുംബത്തിന് നേരെ സഹായ ഹസ്തവുമായി നിരവധി നന്മനിറഞ്ഞ മനുഷ്യരാണ് ഇപ്പോൾ എത്തുന്നത്. നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ ജീഷ്മയുടെ വിവാഹം ഞങ്ങൾ നടത്തുമെന്ന് പറഞ്ഞ് നിരവധിപ്പേരാണ് ജീഷ്മയ്ക്കും കുടുംബത്തിനും ഒപ്പം എത്തുന്നത്.

ഇന്നസെന്‍റിന്‍റെ ഒരു വര്‍ഷത്തെ എം പി പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. ഒരു വര്‍ഷത്തെ എം പി പെന്‍ഷന്‍ തുകയായ മൂന്ന് ലക്ഷം രൂപയാണ് ഇന്നസെന്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്നസെന്റ്തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഒരു വർഷത്തെ എം.പി പെൻഷൻ ഞാൻ നൽകുകയാണ്.

മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറി.
25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണ്ണമായും ദുരിതബാധിതർക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.

എം.പി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നൽകിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി.

ഇതൊക്കെ വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു.

സി.എം. ഡി.ആർ.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ.

കെ.വി.അബ്ദുൾ ഖാദർ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.

രക്ഷാപ്രവര്‍ത്തനത്തിനിടെ മരണം കവര്‍ന്ന ലിനുവിന്‍റെ കുടുംബത്തിന് സഹായഹസ്തവുമായി ജയസൂര്യ

സംസ്ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി നടന്‍ ജയസൂര്യ. ലിനുവിന്റെ അമ്മയുമായി ജയസൂര്യ ഫോണില്‍ സംസാരിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയാണ് താരം ലിനുവിന്റെ കുടുംബത്തിന് നല്‍കിയത്.

ലിനു ചെയ്തത് മഹത്തരമായ കാര്യമാണെന്നും ഈ സഹായം ഒരു മകന്‍ നല്‍കുന്നതായി കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ബേപ്പൂരിലാണ് ലിനുവിന്റെ വീട്.

Read more:മഴക്കെടുതി; ‘ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതിബിൽ 2020 ജനുവരിവരെ പിഴ കൂടാതെ അടയ്ക്കാമെന്ന്’ വൈദ്യുതി മന്ത്രി എംഎം മണി

വീട് മഴയെടുത്തപ്പോള്‍ ലിനുവും അച്ഛനും അമ്മയും സഹോദരങ്ങളും സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറി. തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കുന്നതിനായി കൂട്ടുകാര്‍ക്കൊപ്പം ലിനു പോയി. എന്നാല്‍ കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെ ലിനുവിനെ കാണാതായി. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ മൃദദേഹം സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; 10,000 ആദ്യസഹായം

സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കും. ദുരിത ബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read more:കവളപ്പാറയ്ക്ക് എതിര്‍വശത്തെ മലയില്‍ വിള്ളല്‍; പ്രദേശവാസികളെ ക്യാമ്പിലേയ്ക്ക് മാറ്റി

അതേസമയം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായം എന്ന നിലയില്‍ 10,000 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

 

കവളപ്പാറയ്ക്ക് എതിര്‍വശത്തെ മലയില്‍ വിള്ളല്‍; പ്രദേശവാസികളെ ക്യാമ്പിലേയ്ക്ക് മാറ്റി

കേരളത്തില്‍ മഴ ശക്തമാകുന്നു. പലയിടങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ നടുക്കിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു.

വിള്ളല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍ നിന്നുമാണ് ആളുകളെ ഒഴിപ്പിച്ചത്. വില്ലേജ് ഓഫീസര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Read more:പെയ്‌തൊഴിയാതെ മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

അതേസമയം കനത്ത മഴയെത്തുടര്‍ന്ന് കവളപ്പാറയിലെ തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഇന്ന് ഒരു മൃദദേഹംകൂടി കവളപ്പാറയില്‍ നിന്നും കണ്ടെടുത്തിരുന്നു. നിലവില്‍ കവളപ്പാറയില്‍ നിന്നും 26 മൃദദേഹങ്ങളാണ് കണ്ടെത്തിയിരിയ്ക്കുന്നത്.