റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ

പ്രളയം തകർത്തെറിഞ്ഞ കേരളക്കരയുടെ പുനർനിർമ്മാണത്തിനായി 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ. 1805 കോടിയിൽ 807 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. 300 കോടി മരാമത്ത് റോഡുകളുടെ പുനർനിർമ്മാണത്തിനായും, 488 കോടി എട്ടു ജില്ലകളിൽ 603 കിലോമീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമാണത്തിനായും, 30 കോടി രൂപ ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴയ്ക്കുമീതെയുള്ള പാലത്തിനായും നൽകാൻ തീരുമാനമായി. 20.8 കോടി രൂപ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ടെക്‌നോളജി പ്രയോജനപ്പെടുത്താനായും ഉപയോഗിക്കാനാണ് നിർദ്ദേശം.

കണ്ടൽക്കാടുകളുടെ സംരക്ഷണം, വനത്തിൽനിന്ന് ആളുകളെ മാറ്റിപാർപ്പിക്കുക, വനാതിർത്തിക്കുള്ളിലെ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുക എന്നിവയ്ക്കായി 130 കോടി രൂപ. കുടുംബശ്രീയുടെ ഭാഗമായി ജീവനോപാധി പരിപാടികൾ നടപ്പാക്കുന്നതിന് 250 കോടി ജല അതോറിറ്റിയുടെ ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കുന്നതിനും പമ്പ്സെറ്റ്  മാറ്റുന്നതിനും 350 കോടി എന്നിങ്ങനെയുമാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിക്ക് ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കേരളം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരട് നിർദേശങ്ങളും കഴിഞ്ഞ ദിവസവും ചേർന്ന ഉപദേശക സമിതിയിൽ ചർച്ച ചെയ്തിട്ടുണ്ട്.

വാഹനാപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നിരത്തിലിറങ്ങിയാൽ മുഴുവൻ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനങ്ങളെ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപെടുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളും, അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 • ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക.
 • മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.
 • ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.
 • മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് ഓവർടേക്ക് ചെയ്യുക.
 • വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ഓവർടേക്ക് ചെയ്യാതിരിക്കുക.
 • മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച് ഓവർ ടെക്ക് ചെയ്യാതിരിക്കുക.
 • വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോടുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ:

 • വാഹനത്തിന്റെ ബ്രെയ്ക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ഹോൺ  അടിച്ചും, ലൈറ്റ് ഇട്ടും മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകണം.
 • ബ്രേക്ക് ഇല്ലെന്ന് അറിയുന്നതോടെ ആദ്യം ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് മാറ്റുക. തുടർന്ന് ബ്രേക്ക് പെഡലില്‍ പതിയെ കാലമര്‍ത്തുക. സാവധാനം പിറകെ പെഡലിൽ പൂർണമായും കാൽ അമർത്തുക.
 • ഗിയർ താഴ്ത്തി വാഹനത്തിന്‍റെ വേഗത കുറയ്ക്കുക. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. അതേസമയം പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറ്റിയാൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനാണ് സാധ്യത.
 • സാവധാനത്തിൽ ഘട്ടം ഘട്ടമായി മാത്രം ബ്രേക്ക് ഇടുക.
 • എ സി ഓൺ ചെയ്യുക. ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ എന്നിവ പ്രവർത്തിപ്പിക്കുക, ഇത് ഒരു പരിധി വരെ വാഹത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും.
 • വണ്ടി സൈഡ് ചേർത്തതിന് ശേഷം ഹാന്‍ഡ്‌ ബ്രേക്ക് ഇടുക. ഇത് വണ്ടി നിൽക്കാൻ സഹായിക്കും.

എന്നാൽ വാഹനത്തിന് ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആത്മസംയമനം കൈവിടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം പേടിച്ചാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.

വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അതുപോലെ അമിത സ്പീഡ് കുറയ്ക്കുക. കാരണം അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 13 കോടിയുടെ പ്രത്യേക പദ്ധതി

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. 13 കോടി രൂപയുടേതാണ് പദ്ധതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക.

തിരുവനന്തപുരം റോഡ് ഡവലപ്പ്‌മെന്റ് കമ്പനി (ടി.ആര്‍.ഡി.എല്‍) യോഗത്തിലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. അതേസമയം രണ്ട് മുതല്‍ രണ്ടരകോടി രൂപ വരെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കായി ചിലവ് വരുമെന്നും കണ്ടെത്തി. ഈ തുക സ്‌പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാനുള്ള ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. അഞ്ച് കോടിയാണ് ടെന്‍ഡര്‍ തുക. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം ആരംഭിക്കും.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്‍റെ സിറ്റി റോഡ്…

Posted by Pinarayi Vijayan on Monday, 20 January 2020

പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ല, സെന്‍സസുമായി മാത്രം സഹകരിക്കും: കേരള സര്‍ക്കാര്‍

ദേശീയ പൗരത്വ പട്ടികയും(എന്‍ ആര്‍ സി) ജനസംഖ്യ രജിസ്റ്ററും (എന്‍ പി ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍. എന്നാല്‍ സെന്‍സസുമായി സഹകരിക്കുമെന്നും മന്ത്രിസഭ അറിയിച്ചു. തിരുവനന്തപുരത്തു വെച്ചു നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്‍ പി ആറുമായി സഹകരിക്കില്ലെന്ന കാര്യം കേന്ദ്ര സെന്‍സസ് കമ്മീഷ്ണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

സെന്‍സസിനൊപ്പം ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോപങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്നും സര്‍ക്കാര്‍ ചൂണ്ടികാട്ടി. സെന്‍സസില്‍ സഹകരിക്കുമെങ്കിലും ജനന തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെ പുതിയതായി ഉള്‍പ്പെടുത്തിയ രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Read more: 3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യം, കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക്: ജല അതോറിറ്റിയുടെ ശുപാര്‍ശ

പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ തന്നെ, ദേശീയ പൗരത്വ പട്ടികയുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ പൗരത്വ പട്ടികയോടും ജനസംഖ്യ രജിസ്റ്ററിനോടും സഹകരിക്കില്ലെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായത്.

3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യം, കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക്: ജല അതോറിറ്റിയുടെ ശുപാര്‍ശ

ഉപഭോക്താക്കള്‍ക്ക് 3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമായി നല്‍കാന്‍ സംസ്ഥാന ജല അതോറിറ്റിയുടെ ശുപാര്‍ശ. 3000 ലിറ്ററിലധികം കുടിവെള്ളം ഉപയോഗിച്ചാല്‍ സ്ലാബ് തിരിച്ചാകും നിരക്ക് ഈടാക്കുക.

5000 ലിറ്ററിന് മുകളില്‍ കുടിവെള്ളം ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ആറ് രൂപ ഈടക്കണമെന്നും സംസ്ഥാന ജല അതോറിറ്റി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ 10,000 വരെയുള്ള സ്ലാബിലുള്ളവര്‍ക്ക് നാല് രൂപയില്‍ നിന്നും എട്ടു രൂപയാക്കണമെന്നും 15,000 ലിറ്റര്‍ വരെ കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആറ് രൂപയില്‍ നിന്ന് നിന്ന് 10 രൂപയാക്കണമെന്നും 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് രൂപയില്‍ നിന്നും 15 രൂപയാക്കണമെന്നും ജല അതോറിറ്റിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

കൂടാതെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പുറമെയുള്ള ആവശ്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും 15,000 ലിറ്റര്‍ മുതലുള്ള സ്ലാബിന് 60 രൂപ ഈടാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉയര്‍ന്ന ഉപയോഗമുള്ള സ്ലാബുകളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാനും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10,000 ലിറ്റര്‍ സൗജന്യമായി നല്‍കണമെന്നും സംസ്ഥാന ജല അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

2014-ലാണ് സംസ്ഥാനത്ത് കുടിവെള്ള നിരക്ക് അവസാനമായി വര്‍ധിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ 1200 കോടിയോളം രൂപയുടെ കുടിശ്ശിക ജല അതോറിറ്റിക്കുണ്ട്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നില്‍ ഒന്നുമാത്രമാണ് വരവായി ലഭിക്കുന്നതെന്നും ജല അതോറിറ്റി വ്യക്തമാക്കി. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ചെലവാകുന്നത് 24-ഓളം രൂപയാണ്. എന്നാല്‍ 9 രൂപ മാത്രമാണ് 1000 ലിറ്ററില്‍ നിന്നും വരുമാനമായി ലഭിക്കുന്നത്. ഇക്കാരണത്താലാണ് 3000 ലിറ്ററിന് മുകളില്‍ കുടിവെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും അധിക തുക ഈടാക്കാന്‍ സംസ്ഥാന ജല അതോറിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു

സംസ്ഥാനത്ത് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുപ്രകാരം മാര്‍ച്ച് 15 മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കും.

ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും പി എസ് സിയുടെ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം. കാലക്രമേണ ബയോമെട്രിക് പരിശോധന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് പുറമെ ഒഎംആര്‍ പരീക്ഷകളിലും നിര്‍ബന്ധമാക്കും.

Read more: എം ജി ആര്‍ ലുക്കില്‍ അരവിന്ദ് സ്വാമി; മികച്ച വരവേല്‍പ്‌

ബയോമെട്രിക് പരിശേധന നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പ്രാരംഭഘട്ടത്തില്‍ പി എസ് സിയുടെ കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ ഹാളിലേക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളൂ.

അതേസമയം പരീക്ഷ എഴുതാനെത്തുന്നതിന് പുറമെ വിവിധ തസ്തികകളുടെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധനയ്ക്കായി എത്തുമ്പോഴും ജോലിയില്‍ പ്രവേശിക്കുമ്പോഴുമെല്ലാം ബയോമെട്രിക് പരിശോധന നടത്തുന്നതിനെക്കുറിച്ചും പി എസ് സിയുടെ ആലോചനയിലുണ്ട്.

ഇന്ന് അർധ രാത്രി മുതൽ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ ട്രേഡ് യൂണിയൻ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് അര്ധരാത്രി മുതൽ ആരംഭിക്കുന്ന പണിമുടക്ക് നാളെ രാത്രി 12 മണിവരെ നീളും. അതേസമയം പണിമുടക്ക് ശബരിമല തീർത്ഥാടകരെ ബാധിക്കില്ല.

കേന്ദ്ര സംസ്ഥാന ജീവനക്കാർ, ദേശീയ ട്രേഡ് യൂണിയൻ, ബി എസ് എൻ എൽ, ബാങ്ക് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പാൽ, പത്രം, ആശുപത്രി, ടൂറിസം എന്നിവയെ പണിമുടക്ക് ബാധിക്കില്ല. ശബരിമല തീർത്ഥാടകരെയും ഹർത്താൽ ബാധിക്കില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങളും നിരത്തിലിറങ്ങില്ലെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍

കേരളത്തില്‍ പ്ലാസ്റ്റിക്കുകള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി എതിര്‍പ്പുകള്‍ വിവിധ ഇടങ്ങളില്‍ നിന്നും ഉയര്‍ന്നെങ്കിലും പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയില്ല.

അതേസമയം നിരോധിച്ച പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചാലും വില്‍പന നടത്തിയാലും ആദ്യ തവണ പതിനായിരം രൂപ പിഴയടക്കേണ്ടി വരും. ആവര്‍ത്തിച്ചാല്‍ ഇരുപത്തയ്യായിരം രൂപയും തുടര്‍ന്നാല്‍ അമ്പതിനായിരം രൂപയുമാണ് പിഴ.

അതേസമയം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ സ്റ്റോക്കുകള്‍ വ്യാപാരികളുടെ കൈവശം ഉണ്ടെങ്കിലും ജനുവരി 15 വരെ ഇവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍

*പ്ലാസ്റ്റിക് സഞ്ചികള്‍
*പ്ലാസ്റ്റിക് ഷീറ്റ്പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ
*പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ പ്ലേറ്റ്, കപ്പ്, ബാഗ്, ബൗള്‍
*പ്ലാസ്റ്റിക് കുടിവെള്ള പൗച്ച്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍
*500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍
*മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍
*ഫ്‌ളെക്‌സ്, പ്ലാസ്റ്റിക് ബാനര്‍