പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു

സംസ്ഥാനത്ത് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുപ്രകാരം മാര്‍ച്ച് 15 മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കും.

ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും പി എസ് സിയുടെ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം. കാലക്രമേണ ബയോമെട്രിക് പരിശോധന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് പുറമെ ഒഎംആര്‍ പരീക്ഷകളിലും നിര്‍ബന്ധമാക്കും.

Read more: എം ജി ആര്‍ ലുക്കില്‍ അരവിന്ദ് സ്വാമി; മികച്ച വരവേല്‍പ്‌

ബയോമെട്രിക് പരിശേധന നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പ്രാരംഭഘട്ടത്തില്‍ പി എസ് സിയുടെ കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ ഹാളിലേക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളൂ.

അതേസമയം പരീക്ഷ എഴുതാനെത്തുന്നതിന് പുറമെ വിവിധ തസ്തികകളുടെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധനയ്ക്കായി എത്തുമ്പോഴും ജോലിയില്‍ പ്രവേശിക്കുമ്പോഴുമെല്ലാം ബയോമെട്രിക് പരിശോധന നടത്തുന്നതിനെക്കുറിച്ചും പി എസ് സിയുടെ ആലോചനയിലുണ്ട്.

ആരോഗ്യ ബോധവത്കരണം നല്‍കാന്‍ ട്രോളന്മാരും

ട്രോളന്മാര്‍ അരങ്ങു വാഴുന്ന കാലമാണ് ഇത്. എന്തിനും ഏതിനും ട്രോളുണ്ടാക്കുന്ന ഇവര്‍ ആരോഗ്യ ബോധവല്‍കരണത്തിനായി നേരിട്ടിറങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ ഹെല്‍ത്തി കേരള മീം കോണ്ടസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ജനപ്രിയ ട്രോള്‍ കൂട്ടായ്മകളായ ഐസിയു, ട്രോള്‍ മലയാളം, ട്രോള്‍ റിപ്പബ്ലിക്ക്, SCT(School College Trolls) എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ മീം കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്.

പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി ജനങ്ങളില്‍ ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് നാഷ്ണല്‍ ഹെല്‍ത്ത് മിഷനും ജനപ്രിയ സമൂഹമാധ്യമ കൂട്ടായ്മകളും ചേര്‍ന്ന് ഹെല്‍ത്തി കേരള ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.

ഡിസംബര്‍ എട്ട് മുതല്‍ ജനുവരി എട്ട് വരെയാണ് മീം കോണ്ടെസ്റ്റില്‍ പങ്കെടുക്കുവാനുള്ള അവസരം. ആരോഗ്യ ബോധവല്‍കരണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തയാറാക്കി മത്സരാര്‍ത്ഥികള്‍ ക്യാമ്പയിന്‍ നടക്കുന്ന പേജുകളിലേക്ക് അയക്കുകയാണ് വേണ്ടത്.

ലഹരിക്കെതിരായ ബോധവല്‍കരണം, ജങ്ക് ഫുഡ് സംസ്‌കാരത്തില്‍ നിന്നുള്ള മോചനം, മാനസീകാരോഗ്യം, വ്യായാമത്തിന്റെ പ്രാധാന്യം, ശരിയായ ആഹാരശീലം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരാര്‍ത്ഥികള്‍ പോസ്റ്റുകള്‍ തയാറാക്കേണ്ടത്. ഇതിനുപുറമെ ആരോഗ്യ സംബന്ധിയായ പൊതു വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന പോസ്റ്റുകളും തയാറാക്കാം.

ഓരോ പേജിലും ഏറ്റവും മികച്ച പോസ്റ്റുകള്‍ തയാറാക്കുന്ന മൂന്നു പേര്‍ക്കാണ് സമ്മാനം നല്‍കുക. ഓരോ പേജിലും ഒന്നാമതെത്തുന്ന ആള്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 3000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 2000 രൂപയുമാണ് സമ്മാനം. ജനുവരി 12 ന് ദേശീയ യുവജന ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും.

കോന്നിയിൽ വിജയക്കൊടി പാറിച്ച് എൽ ഡി എഫ്; ചരിത്രമെഴുതി കെ യു ജനീഷ് കുമാര്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ കോന്നിയിൽ വിജയമുറപ്പിച്ചു. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോന്നിയിൽ കെ യു ജനീഷ്  വിജയം നേടിയത്. യു ഡി എഫ് സ്ഥാനാർഥി മോഹൻരാജിനെ പിന്തള്ളിയാണ് ജനീഷ് കോന്നിയിൽ ചരിത്രം കുറിച്ചത്. അതേസമയം വട്ടിയൂർക്കാവിലും എൽ ഡി എഫിനാണ് വിജയം. വി കെ പ്രശാന്ത് 14251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം ഉറപ്പിച്ചത്.

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ജയിച്ചു. 3673 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി ജെ വിനോദിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് 33843 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ 13529 വോട്ടുകളും നേടി.

 

ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണത്തുടർച്ചയ്ക്ക് സാധ്യത; ബിജെപി മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിനൊപ്പം മഹാരാഷ്ട്രയും ഹരിയാനയും. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം തുടരുകയാണ്.  കോൺഗ്രസ് ഏറെ പിന്നിലാണ്. ഇരു സംസ്ഥാനങ്ങളിലും നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളും ഹരിയാനയിൽ 90 നിയമസഭാ മണ്ഡലങ്ങളങ്ങളുമാണ് ഉള്ളത്.

അതേസമയം ഹരിയാനയിൽ എൻ ഡി എയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന ലീഡ് നില കുറഞ്ഞിരിക്കുകയാണ്. അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഹരിയാനയിൽ ബിജെപിയ്ക്ക് 44, കോൺഗ്രസിന് 34, മറ്റുമുള്ളവ 16 എന്നിങ്ങനെയാണ്. മഹാരാഷ്ട്രയിൽ  ബിജെപിയ്ക്ക്  175 ഉം കോൺഗ്രസിന്  91 ഉം മറ്റുള്ളവ 22 ഉം സീറ്റുകളാണ് നിലവിൽ നേടിയിരിക്കുന്നത്.

ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്‌നാട്ടിൽ എത്തിയതായി സൂചന; സംസ്ഥാനത്ത് കനത്ത സുരക്ഷ

ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയതായി സൂചന. രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത  ജാഗ്രത തുടരുന്നു. ശ്രീലങ്ക വഴിയാണ് മലയാളിയുള്‍പ്പടെയുളള 6 അംഗ സംഘം തമിഴ്‌നാട്ടിലെത്തിയതെന്നാണ് വിവരം. അതേസമയം കോയമ്പത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ തുടരുകയാണ്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഭീകരർ കടന്നതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. ലഷ്‌കര്‍ സംഘം അക്രമണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയെ തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എഡിജിപിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാടിന്റെ അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അടിയന്തര സഹായത്തിനായി ഇനി 112-ലേക്ക് വിളിക്കൂ; എമർജൻസി റെസ്‌പോൺസ് സിസ്റ്റത്തിന്റെ സേവനം ലഭ്യമാക്കി സർക്കാർ

കേരളത്തിൽ എവിടെയും അടിയന്തര സഹായത്തിനായി എമർജൻസി റെസ്പോൺസ് സിസ്റ്റത്തിന്റെ സേവനം ലഭ്യമാക്കി അധികൃതർ. 112 എന്ന ടോൾഫ്രീ നമ്പറിലാണ് അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി വിളിക്കേണ്ടത്. രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സേവനം തേടാം.

അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നനമ്പർ:

പൊലീസ് സഹായങ്ങൾക്കായി- 100

ഫയർ ഫോഴ്‌സ് സേവനങ്ങൾക്കായി- 101

ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക്- 108

സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സേവനത്തിനായി- 181

മഴദുരന്തത്തിന് മീതെ സ്നേഹത്തിന്റെ പണക്കുടുക്കയുമായി കുരുന്നുകൾ

കേരളം നേരിട്ട മഹാദുരന്തത്തിൽ നിന്നും അതിജീവനത്തിന്റെ കരം പിടിച്ച് മുന്നേറിക്കൊണ്ടിരിക്കുയാണ് കേരള ജനത. മഹാദുരന്തത്തിൽ നിന്നും ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന കേരളത്തിന്  ചെറുതും വലുതുമായ ഒരുപാട് സഹായവുമായി നിരവധിയാളുകളാണ് ദിവസേന എത്തുന്നത്. പ്രായ ഭേദമന്യേ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒരുപാട് സുമനസുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുക്കയിൽ സൂക്ഷിച്ചുവച്ച മുഴുവൻ പൈസയുമായി ക്യാമ്പിലെത്തിയ രണ്ട് കുഞ്ഞുമക്കളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സ്നേഹസമ്മാനവുമായി എത്തിയ ഈ കുഞ്ഞുങ്ങൾ ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ്.

ആലുവ തൈക്കാട്ടുകരയിലെ ‘മലബാറിന് ഒരു കൈത്താങ്ങ്’  എന്ന കളക്ഷൻ സെന്ററിലാണ് ഈ കുരുന്നുകൾ സ്നേഹസമ്മാനവുമായി എത്തിയത്. അനുജൻ തന്റെ കൈയിലെ നോട്ടുകൾ മുഴുവൻ നൽകി. ചേച്ചി തന്റെ കൈയിൽ കരുതിയിരുന്ന മുഴുവൻ ചില്ലറയും കളക്ഷൻ പോയിന്റിൽ ഏൽപ്പിച്ചു. അവസാന ചില്ലറ തുട്ടും മേശയിൽ വച്ച ചേച്ചിയോട് ‘മുഴുവൻ കൊടുക്കല്ലേടി’ എന്ന് പറയുന്ന കുഞ്ഞനിയന്റെ നിഷ്കളങ്കത നിറഞ്ഞ വാക്കുകളും ക്യാമ്പിൽ ചിരി പടർത്തി.

പ്രളയം തകർത്ത കേരളത്തിന്റെ വേദനയിലും ആശ്വാസത്തിന്റെ പൊൻതൂവൽ സ്പർശവുമായി എത്തുകയാണ് ഈ പിഞ്ചോമനകൾ.

സംസ്ഥാനത്ത് മഴയ്ക്ക് ശമനം; കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം

സംസ്ഥാനത്ത് മഴയ്ക്ക് ശമനം. റെഡ് അലർട്ട് ഇന്ന് ജില്ലയിൽ എവിടെയുമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഛത്തീസ്ഗഡ് വഴി വടക്കുപടിഞ്ഞാറേക്കു നീങ്ങിയതോടെയാണു കേരളത്തിൽ മഴയ്ക്ക് കുറവ് ഉണ്ടായത്. എന്നാൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 105 ആയി.

മണ്ണിടിച്ചിൽ ഉണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും മണ്ണിനടിയിൽപെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മഴ കുറവായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് അനുകൂലമായ കാലാവസ്ഥയാണ്. ഇന്ന് കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ ഉണ്ടായ വൻദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യം ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്. എന്നാൽ അതിന് ശേഷം രക്ഷാപ്രവർത്തനം നല്കുന്നതിനിടയിൽ വീണ്ടും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി ഇതിൽ 46 ലധികം കുടുംബങ്ങൾ മണ്ണിനടിയിൽ ആയിരുന്നു. ഉറ്റവരെ തേടി ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ ഇപ്പോഴും കുടുംബക്കാരും രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.