കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമില്ല; മനസ്സിലുള്ളത് മറ്റൊരു ആക്ഷൻ ത്രില്ലർ: മിഥുൻ മാനുവൽ

‘ആട്’, ‘ആൻമരിയ കലിപ്പിലാണ്’,’ അലമാര’, ‘ആട് 2’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ തുടങ്ങിയ ഫാമിലി എന്റർടൈനർ ചിത്രങ്ങൾക്ക് ശേഷം അഞ്ചാം പാതിരാ എന്ന ത്രില്ലർ ചിത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിരാ. ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ട് തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ഹൗസ് ഫുള്ളാണ്.

അതേസമയം മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് 2 വിജയാഘോഷ വേളയിലാണ് മിഥുന്‍ മാനുവൽ പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ പലതവണ ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിട്ടും ഇതിൽ സംതൃപ്തി ലഭിക്കാത്തതിനാലാണ് കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഒഴിവാക്കുന്നതെന്നും മിഥുൻ മാനുവൽ അറിയിച്ചു.

അതേസമയം മനസ്സിൽ ഇപ്പോഴുള്ളത് ഒരു ത്രില്ലർ ചിത്രമാണെന്നാണ് മിഥുൻ അറിയിച്ചത്. എന്നാൽ അത് അഞ്ചാം പാതിരാ പോലെയല്ല, ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രമാണെന്നും മിഥുൻ മാനുവൽ ദി ക്യൂ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

1990 ൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ.

വമ്പൻ താരനിരകളുമായി ഫഹദ് ചിത്രം; ശ്രദ്ധനേടി ട്രാൻസ് പോസ്റ്റർ

കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. രണ്ടുവര്ഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിൽ ഫഹദിന്റെ നായികയായി നസ്രിയ നാസിം എത്തുന്നുവെന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഫഹദിനും നസ്രിയയ്ക്കും പുറമെ ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തൻ,ഗൗതം മേനോൻ തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ വമ്പൻ താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ട്രാൻസ് ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ എത്തും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.

Read also: പ്രിയ നായിക കാർത്തികയുടെ മകന്റെ വിവാഹ റിസപ്ഷനിൽ മോഹൻലാൽ എത്തിയപ്പോൾ- വീഡിയോ

ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്ഥത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമയായിരിക്കും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ ‘വരത്തനി’ലും നായകനായി എത്തിയത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ– ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു. അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയടി വാങ്ങുമെന്നതിൽ സംശയമില്ല.

ഇത് അക്കോസേട്ടന്റെ പ്രിയപ്പെട്ട ഉണ്ണിക്കുട്ടൻ; യോദ്ധ ഓർമ്മകളിലൂടെ സംഗീത് ശിവൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലും ജഗതി ശ്രീകുമാറും ഒരു കൂട്ടം അഭിനേതാക്കളും ചേർന്ന് വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച ‘യോദ്ധ’. മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ് അക്കോസേട്ടനും ഉണ്ണിക്കുട്ടനും. വെള്ളിത്തിരയിൽ ഈ കഥാപാത്രങ്ങളെ എത്തിച്ച സംവിധായകൻ സംഗീത് ശിവനും ആരാധകർ ഏറെയാണ്.

അതേസമയം എല്ലാവിധ ചേരുവകകളോടും കൂടി മലയാളത്തിന് സമ്മാനിച്ച ആ മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുകേൾക്കുന്നുണ്ട്. ‘ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാൽ ഇതിന്റെ ബാക്കി എന്ന നിലയിൽ ആലോചിച്ചാൽ ആ ചിത്രത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്നും നല്ലൊരു കഥ വന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും’ സംവിധായകൻ സംഗീത് ശിവൻ പറഞ്ഞു.

മലയാളികൾക്ക് നേപ്പാൾ രസകരമായ ഒരു ഓർമയായി മാറുന്നത് യോദ്ധ എന്ന ചിത്രത്തിലെ മനോഹരമായ രംഗങ്ങളിലൂടെയാണ്. യോദ്ധയിലെ ലാമയും, അക്കോസേട്ടനും ഉണ്ണിക്കുട്ടനും അശ്വതിയും കുട്ടിമാമയുമെല്ലാം മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളാണ്.

Read also: അതിവേഗം 5000 റണ്‍സ് തികച്ച നായകന്‍; ചരിത്രം കുറിച്ച് വിരാട് കോലി

1992 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ശശിധരൻ ആറാട്ടുവഴിയാണ്. മലയാളത്തിന് മികച്ച നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവൻ. ഗാന്ധർവം,​ നിർണയം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും വിരിഞ്ഞത് സംഗീത് ശിവൻ എന്ന സംവിധായകനിലൂടെയാണ്.

‘ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ’; ഹൃദയംതൊട്ട് ടൊവിനോ ചിത്രത്തിന്റെ ടീസർ

‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്…’ മലയാളികൾ എന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു മറുപടിയാണ് ഇത്. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഒരു സിനിമയുടെ പേരായിരിക്കുകയാണ്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ പ്രേക്ഷകരിലേക്കെത്തുന്നത്. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’.

ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദും അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയറ്ററുകളിലെത്തിക്കുന്നത്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു. ബി കെ ഹരിനാരായണനും വിനായക് ശശികുമാറും ആണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക.

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. അത്രമേല്‍ ജനകീയനായ നടന്‍ കൂടിയാണ് ടൊവിനോ. താരം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് എക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഷൈലോക്കിലെ മനോഹര ഗാനങ്ങൾ; വീഡിയോ

‘ഡാർക്ക് മെയ്ക്കപ്പ് ഇട്ട നെഗറ്റീവ് ടച്ചുള്ള ഹീറോ; പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിനെക്കുറിച്ച് സംവിധായകന്റെ വാക്കുകൾ ഇങ്ങനെ. ജനുവരി 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം ദുബായിൽ വച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ വീഡിയോ പുറത്തുവിട്ടത്.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ് നായകന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നത്. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

Read also: ദേ, ഇതാണ് ‘മുക്കാല…’ പാട്ടിനൊപ്പം കിടിലന്‍ ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ച ആ ഡാന്‍സര്‍: വീഡിയോ

ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. മമ്മൂട്ടിക്കൊപ്പം മകളായും കാമുകിയായും അമ്മയായും വെള്ളിത്തിരയിൽ എത്തിയ കഥാപാത്രമാണ് മീന. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്.

ഹോളിവുഡ് ആക്ഷൻ രംഗങ്ങളുമായി ദി കുങ്ഫു മാസ്റ്റർ; എബ്രിഡ് ഷൈൻ ചിത്രം ഉടൻ

ഹോളിവുഡ് ആക്ഷൻ രംഗങ്ങളുമായി മലയാളത്തിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റർ’. നീത പിള്ളയും ജിജി സ്കറിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ കുങ്ഫു എന്ന ആയോധന കല പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 24 ന് ചിത്രം തിയേറ്ററിൽ എത്തും.

പൂമരം എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് നീത പിള്ള വെള്ളിത്തിരയിൽ എത്തുന്നത്. സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിർമിക്കുന്നത്. അർജുൻ രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. ചിത്രത്തിന്റെ എഡിറ്റിംഗ്‌ കെ ആർ മിഥുൻ.

1983, ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റർ’. അതേസമയം ജാക്കിച്ചാൻ, ബ്രൂസിലി ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ദി കുങ്ഫു മാസ്റ്റർ ഒരുക്കുന്നതെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.

നിഗൂഢതകള്‍ നിറച്ച് വൈദിക വേഷത്തില്‍ സിജു വില്‍സണ്‍; ‘വരയന്‍’ ഒരുങ്ങുന്നു

സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട് ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം. സിനിമയ്ക്ക് മുമ്പേ പുറത്തെത്തുന്ന ഇത്തരം സൂചനകളില്‍ നിന്നാണ് പലപ്പോഴും പ്രേക്ഷകര്‍ സിനിമയുടെ സ്വഭാവത്തെ തിരിച്ചറിയുന്നതു പോലും.

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ വിസ്മയമാം വിധം അവതരിപ്പിക്കുന്ന മലയാളികളുടെ പ്രിയതാരമാണ് സിജു വില്‍സണ്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘വരയന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. നിഗൂഡതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വൈദികനും, കൊന്തയും, കത്തിയും ചേരയുമെല്ലാം ഉണ്ട് പോസ്റ്ററില്‍.

Read more: അരവിന്ദ് സ്വാമിയുടെ എം ജി ആര്‍ ലുക്കിന് പിന്നില്‍ മലയാളി മേക്ക്അപ് ആര്‍ടിസ്റ്റ് പട്ടണം റഷീദ്‌

‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’

ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം കുഞ്ഞിക്ക; കുടുംബചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

താരങ്ങളെപോലെത്തെന്നെ അവരുടെ കുടുംബവിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ഇരുവരുടെയും ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ദുൽഖറിന്റെ ഒരു കുട്ടിക്കാലചിത്രം. മമ്മൂട്ടിക്കും മമ്മൂട്ടിയുടെ പിതാവ് ഇസ്‍മയിലിനും ഒപ്പമുള്ള ഒരപൂർവ്വ ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനംകവരുന്നത്.

‘മൂന്ന് തലമുറകൾ ഒരൊറ്റ ഫ്രെമിയിൽ’ എത്തിയ ചിത്രം ആരാധകരിൽ കൗതുകമുണർത്തുന്നുണ്ട്. അതേസമയം ഇതിനൊപ്പം മറ്റ് നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ മനം കവരുന്നുണ്ട്. മമ്മൂട്ടിയുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള നടന്മാരാണ് മമ്മൂട്ടിയും മകൻ ദുൽഖറും. മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവും മമ്മൂക്കയും ഒന്നിക്കുന്ന ചിത്രം ജനുവരി 23 ന് തിയേറ്ററിൽ എത്തും. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also: ‘ഞാന്‍ നടനാകുമെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്’- അധ്യാപികയെ പരിചയപ്പെടുത്തി ഷറഫുദ്ധീൻ

‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ് നായകന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.