ലൈവായി ആടിനെ ഗ്രിൽ ചെയ്യാൻ ഫിറോസിനൊപ്പം മിഥുനും; ഒപ്പം ഒരു സർപ്രൈസും…

പാചകകലയിലെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമായ രുചികളുമായി മലയാളികളുട തീൻ മേശയിൽ രുചി വിളമ്പാൻ എത്തുന്ന ഫിറോസിനെ കാണാൻ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം  മിഥുൻ രമേശ്. മിഥുൻ രമേശ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് മിഥുനും അണിയറപ്രവർത്തകരും യുട്യൂബിൽ വൈറലായ ഫുഡ്ബ്ലോഗർ ഫിറോസിനെ കാണാൻ എത്തിയത്.

ആടിനെ ലൈവായി ഗ്രിൽ ചെയ്യുന്നതും വിഡിയോയിൽ കാണുന്നുണ്ട്. വ്യത്യസ്തമായ ഈ പ്രമോഷനെ അഭിനന്ദിച്ച് നിരവധി ആളുകളും എത്തുന്നുണ്ട്. മിഥുൻ നായകനായി എത്തുന്ന ചിത്രം ഡിസംബർ ആറിന് തിയേറ്ററുകളിൽ എത്തും.

രാജു ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. ചിത്രത്തിൽ ജിമ്മി എന്ന കഥാപാത്രമായാണ് മിഥുൻ എത്തുന്നത്. ജിമ്മി എന്നു പേരുള്ള ഒരു നായയും ചിത്രത്തില്‍ എത്തുന്നുണ്ട്. പൂര്‍ണ്ണമായും ദുബായിലാണ് സിനിമയുടെ ചിത്രീകരണം.

Read also: കുതിച്ചുയർന്ന് കാർട്ടോസാറ്റ്- 3; വാനോളം അഭിമാനത്തിൽ ഇന്ത്യ 

ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാം കുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഐശ്വര്യയ്ക്ക് ഒരു കിടിലൻ പിറന്നാൾ ആശംസയുമായി ആസിഫ് അലി; വീഡിയോ

യുവതാര നിരകളിൽ ഏറെ ശ്രദ്ധേയമായ താരങ്ങളാണ് ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ലക്ഷമിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് ഒരു കിടിലൻ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി.

ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ‘വിജയ് സൂപ്പറും പൗർണ്ണമിയും’. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് ആസിഫ് അലി താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയത്. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.

Read also; മനോഹരമാണ് ഈ മാതൃസ്നേഹം; മനസ്സിലാണ് ‘ഇട്ടിമാണി’: റിവ്യൂ വായിക്കാം 

അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്‍, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

 

മഞ്ജുവിനെ ചേർത്തുനിർത്തി ധനുഷ്; ശ്രദ്ധനേടി ‘അസുരൻ’ ലൊക്കേഷൻ ചിത്രങ്ങൾ 

മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

രണ്ട് വിത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലിപ്പു ലുക്കിലുളളതാണ് ധനുഷിന്റെ ഒരു ലുക്ക്. ശാന്ത മുഖഭാവത്തോടെയുള്ളതാണ് താരത്തിന്റെ മറ്റൊരു ലുക്ക്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

അതേസമയം മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായ മഞ്ജു തങ്ങളുടെ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചത് ഭാഗ്യമാണെന്നും, എല്ലാവരോടും വളരെ നന്നായി മാത്രം സംസാരിക്കുന്ന താരം ലൊക്കേഷനിൽ എല്ലാവരുടെയും പ്രിയങ്കരിയാണെന്നും സംവിധായകൻ വെട്രിമാരൻ നേരത്തെ പറഞ്ഞിരുന്നു. ഈ കഥാപാത്രം ചെയ്യാൻ മഞ്ജുവിനേക്കാൾ മികച്ച മറ്റൊരാൾ ഇല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.  ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്‍ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിനും ലഭിച്ചത് അതേസമയം ആദ്യ ചിത്രം ധനുഷിനൊപ്പം ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് മഞ്ജു വാര്യർ.

തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ‘വട ചെന്നൈ’യ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇരുവർക്കുമൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നുവെന്ന വാര്‍ത്ത ആരാധകരിൽ ഇരട്ടി മധുരം നല്കിയിരിക്കുകയാണ്.

കലൈപുള്ളി എസ് താണുവിന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരൻ ഒരുക്കുന്നത് തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണെന്നാണ് അറിയുന്നത്.

 

‘നിർഭയ’യായി നമിത; പുതിയ ചിത്രം ഒരുങ്ങുന്നു

നമിത പ്രമോദിനെ പ്രധാന  കഥാപാത്രമാക്കി ഷാജി പാടൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് നിർഭയ.  സ്‌മൃതി  സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ നാരായണൻ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ ചിത്രമാണ്. ‘നോ ആക്സിഡന്റ് ഈസ് ആക്സിഡന്റൽ’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം ഒരുക്കുന്നത്. നമിത പ്രമോദ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നമിതയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് ചിത്രമാകും.

‘അബ്രഹാമിന്റെ സന്തതികൾ’ക്ക് ശേഷം ഷാജി പാടൂർ ഒരുക്കുന്ന ചിത്രമാണ് നിർഭയ. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.

അതേസമയം നമിത മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മാർഗംകളി. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് മാര്‍ഗംകളി.  ബിബിന്‍ ജോര്‍ജും നമിതാ പ്രമോദും ഗൗരി ജി കിഷനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

Read also: ഇത് ആരും പറയാത്ത കഥ; റെയിൽവേ ഗാർഡ്സിന്‍റെ കഥയുമായി പൃഥ്വി 

ശശാങ്കന്‍ മയ്യനാടാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബൈജു സന്തോഷ്, സിദ്ദിഖ്, ഹരീഷ് കണാരാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, ശാന്തി കൃഷ്ണ,  സൗമ്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിത്യസ്ത കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഗോപി സുന്ദറാണ് മാര്‍ഗംകളി എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാര്‍ഗംകളി.

രണ്ട് വർഷത്തെ ചിത്രീകരണത്തിന് ശേഷം ‘ട്രാൻസ്’ പൂർത്തിയായി; ഫഹദ് ചിത്രം ഉടൻ

ഫഹദ് ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഫഹദിന്റേതായി പുറത്തിറങ്ങാനുള്ള ട്രാൻസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. രണ്ടുവർഷത്തിലധികമായി അനൗൺസ് ചെയ്ത സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് ട്രാൻസ് പൂർത്തിയായത്. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.

അതേസമയം സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ചിത്രത്തിന്റെ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

അജയൻ ചാലിശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് 

ഒടുവിൽ രണ്ട് വർഷത്തെ ചിത്രീകരണത്തിന് ശേഷം ട്രാൻസ് പൂർത്തിയായി. ജീവിതത്തിലെ ഏറ്റവും വലിയ സിനിമ ! ഒരു ടൺ സന്തോഷം! 
അൻവറിക്ക,അമലേട്ടൻ, ഫഹദ് ,എന്റെ സഹപ്രവർത്തകർ, മസ്ഹർ, വിഷ്ണു , ലെൻ,രതീഷ് ,കണ്ണൻ,അൻസാറിക്ക,മറ്റു കട്ടക്ക് ഒപ്പം നിന്ന ചങ്കുകൾക്കും ഉമ്മകൾ ! 

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.

അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയടി വാങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്തത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമയായിരിക്കും ചിത്രത്തെ വ്യത്യസ്തതമാക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

Read also: എന്തൊരു സമ്മർസോൾട്ടാണിത്!! സോഷ്യൽ മീഡിയയെ അതിശയിപ്പിച്ച് ഒരു പെൺകുട്ടി

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ ‘വരത്തനി’ലും നായകനായി എത്തിയത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ– ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു.

സുകുമാരക്കുറുപ്പിന്‍റെ കഥപറയാൻ ദുൽഖർ എത്തുന്നു; ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു; വീഡിയോ

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം ‘ കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖർ സൽമാനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷം ദുൽഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ചിത്രത്തിൽ ദുൽഖർ സൽമാനായിരിക്കും സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുക. ഈ ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്ന് താരം നേരത്തെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ദുല്‍ഖറിനെ കൂടാതെ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍…” എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്.  സെക്കൻഡ് ഷോ, കൂതറ എന്നീ സിനിമകൾക്കു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.


1984 ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷൂറൻസ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം ഇപ്പോൾ സിനിമയാകാൻ പോകുന്നത്.

 

‘ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുരാത്രി ഒന്നിച്ചിരുന്നാൽ തീരാവുന്ന പ്രശ്‍നങ്ങളെയുള്ളു എല്ലായിടത്തും’ ; ശ്രദ്ധനേടി ‘ഇസാക്കിന്റെ ഇതിഹാസം’ ട്രെയ്‌ലർ

മലയാളി പ്രേക്ഷകർക്കിടയിൽ ഒരേസമയം ആകാംഷയും ഒപ്പം ചിരിയും നിറച്ച് ഇസാക്കിന്റെ ഇതിഹാസം ഒരുങ്ങുന്നു. ആർ കെ അജയ കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. ‘ഇസാക്കിന്റെ ഇതിഹാസം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേര് പോലെ തന്നെ ചിത്രം ഒരു ക്രിസ്ത്യൻ പാശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതാണെന്ന് സൂചിപ്പിക്കും വിധമാണ് ചിത്രത്തിന്റെ ട്രെയ്‌ലറും തയാറാക്കിയിരിക്കുന്നത്.

അതേസമയം ഒരു ക്രിസ്ത്യൻ പള്ളിയും ക്രൂശിൽ കിടക്കുന്ന യേശു ക്രിസ്തുവിന്റെ രൂപവും ഒപ്പം കത്തിച്ചുവെച്ച മെഴുകുതിരിയും മങ്ങിയ വെളിച്ചത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു ആൾരൂപവും ഒക്കെയായി ആരാധകരെ പേടിയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ തയാറാക്കിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രം ഒരു ഹൊറർ ചിത്രമാണെന്നാണെങ്കിലും ചിത്രം പൂർണമായും ഒരു കോമഡി എന്റെർറ്റൈനെർ ആണെന്നാണ് സംവിധായൻ ആർ കെ അജയ കുമാർ നേരത്തെ സൂചിപ്പിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ സിംഗിൾ ഷോട്ട് ഗാനരംഗം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗോപിസുന്ദറിൻ്റെ ഈണത്തിൽ നെൽസൺ പാടി അഭിനയിച്ച ഇസാഖിൻ്റെ ഇതിഹാസത്തിലെ ഈ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഭഗത് മാനുവൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, അശോകൻ, കലാഭവൻ ഷാജോൺ, ഗീത വിജയൻ, പോളി വിൽസൻ  എന്നിവരും എത്തുന്നുണ്ട്. ഉമാ മഹേശ്വര  ക്രിയേഷൻസിന്റെ ബാനറിൽ അയ്യപ്പൻ ആർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർ കെ അജയ കുമാറും സുഭാഷ് കുട്ടിക്കലും ചേർന്നാണ്. ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് ഗോപി സുന്ദറാണ്.

Read also: പ്രണയാര്‍ദ്ര ഭാവങ്ങളില്‍ പ്രഭാസും ശ്രദ്ധ കപൂറും; കൈയടി നേടി ‘സഹോ’യിലെ പ്രണയഗാനം

ഏറെ ആകാംഷയും സസ്‍പെൻസും നിറച്ചുകൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ട്രെയ്‌ലറും ആരാധകർക്കിടയിൽ സമ്മാനിച്ച കൗതുകം ചിത്രത്തിലും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

‘ഐ നോ യു ആർ സർപ്രൈസ്ഡ്’ ചിരിപടർത്തി ‘ലൗ ആക്ഷൻ ഡ്രാമ’ ടീസർ

നിവിൻ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നടൻ മോഹൻലാലും പ്രണവ് മോഹൻലാലും ചേർന്നാണ് ടീസർ  പുറത്തുവിട്ടത്.

ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ ദിനേശനേയും ശോഭയേയും വെള്ളിത്തിരയിൽ എത്തിക്കുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം ഉറുവശിയും അജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

Read also: ‘അടി, ഇടി, ബഹളം’; തരംഗമായി ‘ബ്രദേഴ്‌സ് ഡേ’ ട്രെയ്‌ലർ 

തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങള്‍ക്ക് അച്ഛന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകള്‍ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍ ഇനിയുമേറെ കൗതുകങ്ങള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ധ്യാന്‍ ശ്രീനിവാസനും ഇത്തരത്തില്‍ സംവിധാന രംഗത്തേക്ക് ചുവടുമാറുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ചിത്രത്തെ കാത്തിരിക്കുന്നത്. അതേസമയം ‘കുട്ടിമാമ’ എന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. ശ്രീനിവാവസനും ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.