സ്റ്റൈലിഷ് ലുക്കില്‍ ദീപിക പദുക്കോണ്‍; ഫാഷന്‍ലോകത്ത് ശ്രദ്ധ നേടി ചിത്രങ്ങള്‍

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ ഫാഷന്‍ സങ്കല്‍പങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍. മുംബൈയില്‍ വെച്ചുനടന്ന ഫോട്ടോഗ്രാഫര്‍മാരുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ദീപികയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മഞ്ഞ നിറത്തില്‍ പരമ്പരാഗത ശൈലിയിലുള്ള സല്‍വാറാണ് ദീപികയുടെ വേഷം. ഗോള്‍ഡണ്‍ ഷെല്‍ വര്‍ക്കുകള്‍ ഈ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. സ്റ്റോണ്‍ വര്‍ക്ക് ചെയ്ത വലിയ കമ്മലുകളും വസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നു.

അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സവീകാര്യത നേടി മുന്നേറുകയാണ് ദീപിക പദുക്കോണ്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ഛപാക്’ എന്ന ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ദീപിക പദുക്കോണ്‍ ആണ് ‘ഛപാക്’ എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്.

‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം’ എന്നാണ് മാല്‍തിയെ ദീപിക വിശേഷിപ്പിച്ചത്. വിക്രാന്ത് മാസ്സിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഖ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’.

പന്തല്ല ..വീടാണ്; കൗതുകം ഒളിപ്പിച്ച് ബോളിനുള്ളിലെ വീടുകൾ

കൗതുകമൊളിപ്പിക്കുന്ന ചില വീടുകൾ കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളിൽ ഇടംനേടാറുണ്ട്. ഒച്ചുവീടും, ചില്ലുവീടുമെല്ലാം സോഷ്യൽ മീഡിയയിൽ തിരഞ്ഞവർ നിരവധിയാണ്. ഇപ്പോഴിതാ ഏറെ കൗതുകമൊളിപ്പിക്കുകയാണ് ബോളിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു വീട്.

മനോഹരവും വ്യത്യസ്തവുമായ ആകൃതിയിൽ നിർമ്മിച്ച ഈ വീടിന് ഭൂമികുലുക്കം, സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജപ്പാനിൽ നിർമിച്ചിരിക്കുന്ന ഈ വീടിന് 540 ചതുരശ്രയടി വിസ്തീർണമാണ്. ഒപ്പം 32 വശങ്ങളുമുണ്ട്.

രണ്ടുപേർക്ക് സുഖമായി താമസിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. അത്യാവശ്യ സൗകര്യങ്ങളും ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ജി വുഡ് എന്ന ജാപ്പനീസ് കമ്പനിയാണ് ഈ ബോൾ വീടിന് പിന്നിൽ. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഈ വീട്.

സ്റ്റൈലായി സ്റ്റൈല്‍ മന്നന്‍; ‘ദര്‍ബാര്‍’ ചിത്രങ്ങള്‍

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രം ഈ മാസം ഒമ്പത് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സ്റ്റില്‍സുകളും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. സ്‌റ്റൈല്‍ മന്നന്‍ എന്ന വിളിപ്പേര് ശരിവയ്ക്കും പോലെ സ്‌റ്റൈലന്‍ ഗെറ്റപ്പിലാണ് രജനികാന്ത് ഓരോ ചിത്രങ്ങളിലും പ്രത്യക്ഷെട്ടിരിക്കുന്നത്.

ഒരു പോലീസുകാരനായിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ ‘ദര്‍ബാറി’ലെത്തുന്നത്. 1992ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പോലീസ് വേഷത്തിലെത്തിയത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ദര്‍ബാറിന്റെ മുഖ്യ പ്രമേയം. അതേസമയം ഇളയദളപതി വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ‘സര്‍ക്കാര്‍’ ആയിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. മുരുഗദോസ് സംവിധാനം നിര്‍വഹിച്ച ‘കത്തി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

മനോഹരം ഈ ആനച്ചന്തം; ചിത്രങ്ങൾ കാണാം

മലയാളികൾക്കെന്തോ ആനകളോട് ഒരു പ്രത്യേക സ്നേഹമാണ്. അതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പ‍ഞ്ഞമില്ല. ആനകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.  ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിൽ നിൽക്കുന്ന ആന സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഉത്സവപ്പറമ്പിലും പൂരപ്പറമ്പിലുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഗജവീരന്മാർ മനം നിറയ്ക്കുന്ന മനോഹര കാഴ്ചകളാണ്.

ഇപ്പോഴിതാ മലയാളികളുടെ മനംനിറയ്ക്കുന്ന ആന ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ അപ്സരയാണ് ആനയ്‌ക്കൊപ്പം ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ആനയ്‌ക്കൊപ്പം വ്യത്യസ്തങ്ങളായ വേഷങ്ങൾ അണിഞ്ഞാണ് അപ്‌സര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ വസ്ത്രത്തിലും നാടൻ ഡ്രസ്സിലുമെല്ലാം ആനയ്‌ക്കൊപ്പം അതീവ സുന്ദരിയായാണ് അപ്സര പ്രത്യക്ഷപ്പെടുന്നത്.

ഗിരീഷ് അമ്പാടിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എഡിറ്റിങ് രാഹുൽ മനു, മേക്കപ്പ് അഭിലാഷ് കിച്ചു എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ കാണാം…

കേരളം നേരിടുന്ന പ്രതിസന്ധികൾക്കും ചൂഷണങ്ങൾക്കുമെതിരെ സാന്താക്ളോസും ജോക്കറും ഒന്നിക്കുമ്പോൾ- ഒരു അപൂർവ ഫോട്ടോഷൂട്ട്

ഈ ക്രിസ്മസ് ആഘോഷത്തിന്റേത് മാത്രമല്ല ശക്തമായ പ്രതിഷേധങ്ങളുടേത് കൂടിയാണ്. ആയിരം വാക്കുകൾക്ക് തുല്യം ഒരു ചിത്രം സംസാരിക്കും എന്ന് പറയുന്നത് എത്ര സത്യമാണെന്നു വ്യക്തമാക്കുകയാണ് ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിലൂടെ ഗോകുൽ ദാസ്. കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു ഗോകുൽ ദാസ്.

പൊതുവെ ശാന്തശീലനായ ഒരു പ്രതീകമാണ് സാന്താക്ളോസ് എല്ലാവർക്കും. കൈനിറയെ സമ്മാനങ്ങളുമായി ആഗ്രഹിക്കുന്നതൊക്കെ എത്തിക്കുന്ന ക്രിസ്മസ് യാത്രികനാണ് സാന്താക്ളോസ്. എന്നാൽ കേരളത്തിൽ ഇത്തവണ സാന്താ എത്തുന്നത് ഒരു കൂട്ടുകാരനൊപ്പമാണ്, ഗോകുലിന്റെ കണ്ണുകളിലൂടെ. മറ്റാരുമല്ല, ലോകം ആരാധിച്ച വില്ലൻ ‘ജോക്കർ’.

ചായം തേച്ച് സർക്കസ് കൂടാരത്തിൽ ചിരി നിറയ്ക്കുന്ന കോമാളികളിൽ നിന്നും തീർത്തും വ്യതസ്തനായ, വ്യവസ്ഥിതികളും ചുറ്റുപാടുകളും വില്ലനാക്കി മാറ്റിയ ജോക്കറെ ടോഡ് ഫിലിപ്സ് കാണിച്ച് തന്നപ്പോൾ അങ്ങനെയൊരാളെ സമൂഹം ആവശ്യപ്പെടുന്നു എന്ന് പോലും വാദങ്ങൾ ഉയർന്നിരുന്നു.

Read More:ദേശിയ പുരസ്‌കാരം ഏറ്റു വാങ്ങി കീർത്തി സുരേഷും ജോജുവും

സാന്താക്ളോസും ജോക്കറും ഒന്നിച്ചെത്തുന്നത് ഒരുപാട് പാഠങ്ങൾ പഠിപ്പിക്കാനാണ്. പീഡനങ്ങൾക്കെതിരെ, ലൈംഗീക ചൂഷണങ്ങൾക്കെതിരെ, റോഡിൻറെ അവസ്ഥകൾക്കെതിരെ, അങ്ങനെ പ്രതിഷേധങ്ങളുടെ വിവിധ ഭാവങ്ങൾ ഗോകുൽ ദാസ് ജോക്കറേയും ക്രിസ്മസ് അപ്പൂപ്പനെയും ഒന്നിപ്പിച്ച് അവതരിപ്പിക്കുന്നു. വാളയാർ പെൺകുട്ടികളുടെ മരണവും ക്ലാസ്സ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹലയും ഒക്കെ ഇതിവൃത്തമാകുന്നു ഈ ചിത്രങ്ങളിൽ.

പിൻസീറ്റ് യാത്രികർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതും നമ്മൾ പാലിക്കേണ്ട നിയമങ്ങളുമെല്ലാം ഈ അപൂർവ കൂട്ടുകെട്ട് ചിത്രങ്ങൾ പഠിപ്പിക്കും. എന്തായാലും ഈ ക്രിസ്മസ് ഇങ്ങനെ തന്നെയാണ് ആവിഷ്കരിക്കപ്പെടേണ്ടത് എന്ന നിലപാടാണ് ഈ ചിത്രങ്ങൾ കണ്ടവർക്ക്. തൃശൂർ സ്വദേശിയാണ് ഗോകുൽ ദാസ്. വ്യത്യസ്തമായ ആശയങ്ങളിലൂടെ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫറാണ് ഗോകുൽ ദാസ്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ഇദ്ദേഹം ശ്രദ്ധേയനാണ്.

കാളിദാസ് ജയറാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരി; മനോഹരം ഈ ചിത്രങ്ങള്‍

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ചെറുപ്പകാലം മുതല്‍ക്കെ മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് സുപരിചിതനാണ് ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം. കാളിദാസ് ജയറാമിന്റെ പിറന്നാളിയിരുന്നു കഴിഞ്ഞ ദിവസം. സഹോദരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മാളവിക ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

Read more: പാടത്ത് കൃഷിക്കിടയില്‍ പാട്ട്; ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ ‘പോപ് ഗായകനെ’ വരവേറ്റ് സമൂഹമാധ്യമങ്ങള്‍

കുട്ടിക്കാലം മുതല്‍ ഏറ്റവും പുതിയതുവരെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മാളവിക സഹോദരന്‍ കാളിദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘എനിക്ക് ഉറപ്പുണ്ട് നീ ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കുമെന്ന്. ഹാപ്പി ബര്‍ത്ത് ഡേ ചിമ്പ്, ലവ് യു ബ്രദര്‍’ എന്നും ചിത്രങ്ങള്‍ക്കൊപ്പം മാളവിക കുറിച്ചു.

അതേസമയം കാളിദാസ് നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ‘ഹാപ്പി സര്‍ദാര്‍’ ആണ്. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. മെറിന്‍ ഫിലിപ്പാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ചിത്രം നേടിയതും.

ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. അച്ചിച്ചാ ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, ജോഷ്വിന്‍ ജോയ്, ശ്വേത കാര്‍ത്തിക് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. സിദ്ദിഖ്, ജാവേദ് ജഫ്രി, ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദിനേശ് മോഹന്‍, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാര്‍വതി, അഖില ചിപ്പി, സിതാര, രശ്മി അനില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മനോഹരം ഈ ചിപ്പി വീട്; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വീടിന്റെ ചിത്രങ്ങൾ കാണാം…

വ്യത്യസ്തവും കൗതുകകരവുമായ എന്തിനും കാഴ്ചക്കാർ ഏറെയാണ്. എല്ലാത്തിലും വെറൈറ്റി തേടിപോകുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൗതുക വീട്. കണ്ടാൽ ആരുമൊന്ന് നോക്കിപോകും അത്രമേൽ മനോഹരമാണ് ഈ ചിപ്പിവീട്. മെക്സിക്കോയിലാണ് ഈ കൗതുകവീട് സ്ഥിതിചെയ്യുന്നത്.

ലോകത്തെ വ്യത്യസ്തമായ വീടുകൾ തിരഞ്ഞാൽ അതിൽ ആദ്യം കണ്ണുടക്കുക ഈ വീട്ടിലായിരിക്കും. അതിനാൽ ഏറ്റവും കൂടുതൽ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ട വീടും ഇതുതന്നെ. പ്രകൃതിയോട് ഏറ്റവും ഇണങ്ങിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മെക്സിക്കോയിലെ ഒരു ദമ്പതികളാണ് ഈ മനോഹര ഭവനത്തിന് പിന്നിൽ. കടലിൽ താമസിക്കുന്നതുപോലെ മനോഹരമായ അനുഭവം നൽകുന്നൊരു വീടായാലോ എന്ന ചിന്തയിൽ നിന്നുമാണ് കടലിലെ ചിപ്പിയുടെ രൂപത്തിലുള്ള ഈ വീട് ഒരുങ്ങിയത്. എന്നാൽ ഈ വീടിനെക്കുറിച്ചുള്ള ആശയവുമായി നിരവധി ആർകിടെക്ടുകളെ സമീപിച്ചെങ്കിലും ഇവരുടെ ഈ ആഗ്രഹം സാധിച്ചുനല്കാൻ  കഴിയില്ലെന്ന് പറഞ്ഞ് എല്ലാവരും ഇവരെ ഒഴുവാക്കി. അവസാനം ചിപ്പി വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. ആർക്കിടെക്ചർ ഓർഗാനിക്ക എന്ന സ്ഥാപന ഉടമ സേവ്യർ സെനോസിയൻ എന്ന വ്യക്തിയാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. നാലുപേർ അടങ്ങുന്ന ഒരു കുടുംബമാണ് ഇപ്പോൾ ഈ ചിപ്പി വീട്ടിൽ താമസിക്കുന്നത്.

Read also: ഇനിമുതൽ ഫോൺ അമിതമായി ചൂടാകുമോ പൊട്ടിത്തെറിയ്ക്കുമോ എന്ന പേടി വേണ്ട; പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ 

പ്രകൃതിയോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സിമിന്റും പ്ലാസ്റ്റർ ഓഫ് പാരീസും ചേർന്ന മിശ്രിതം ഉപയോഗിച്ചാണ് ഈ വീടിന്റെ ഭിത്തി നിർമിച്ചിരിക്കുന്നത്. ഒരു സാധാരണ വീട്ടിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീടും നിർമിച്ചിരിക്കുന്നത്. ബെഡ് റൂം, ബാത്റൂം, സ്വീകരണമുറി, അടുക്കള, ടി വി റൂം എന്നിവയെല്ലാം ഈ വീട്ടിലുണ്ട്.

ചുവരുകളിൽ പലരീതിയിലും ആകൃതിയിലുമൊക്കെ കൊത്തിവച്ചിരിക്കുന്ന നിരവധി വർക്കുകളും ഈ വീടിനെ മനോഹരമാക്കുന്നുണ്ട്. പുറമെ നിന്ന് നോക്കിയാൽ ഒരു ഒച്ചിന്റെ ആകൃതിയാണ് ഈ വീടിന്.

ഇത് കണ്ണനല്ല, രവിവർമ്മ ചിത്രങ്ങളിലെ സുന്ദരി; വൈറലായി ചിത്രങ്ങൾ

സോഷ്യൽ മീഡിയയുടെ കണ്ണും മനവും കവർന്ന സുന്ദരി കൃഷ്ണനാണ് വൈഷ്ണവ കെ സുനിൽ. കഴിഞ്ഞ അഷ്ടമി രോഹിണി നാളിൽ കൃഷ്ണ വേഷം ധരിച്ചെത്തിയ വൈഷ്ണവയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി വീണ്ടും ആരാധക മനംകവരുകയാണ് വൈഷ്ണവ. വേഷത്തിലും ഭാവത്തിലും നോട്ടത്തിലുമെല്ലാം രവിവർമ്മ ചിത്രത്തോട് നീതി പുലർത്താൻ വൈഷ്ണവയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ആരാധകരും അവകാശപ്പെടുന്നത്.

രാഹുൽ രവി എന്ന ഫോട്ടോഗ്രാഫറാണ് വൈഷ്ണവയുടെ പുതിയ ഫോട്ടോഷൂട്ടിന് പിന്നിൽ. ചിത്രങ്ങൾ കാണാം.