വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ

ശിഖർ ധവാന് പരിക്കേറ്റ സാഹചര്യത്തിൽ ടീമിലിടം നേടി സഞ്ജു സാംസൺ. ന്യുസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. സഞ്ജുവും മറ്റൊരു യുവതാരമായ പൃഥ്വി ഷായും ടീമിലിടം കിട്ടുമോയെന്ന ആശങ്കയിലായിരുന്നു. ഏകദിന ടീമിൽ പൃഥ്വി ഷായും ഇടം നേടി.

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം പരമ്പരയിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റ ശിഖർ ധവാൻ ന്യുസിലാൻഡ് പര്യടനത്തിലില്ല. തിങ്കളാഴ്‌ച പുറപ്പെട്ട ടീമിനൊപ്പം ശിഖർ ഉണ്ടായിരുന്നില്ല.

Read More:പലിശക്കാരൻ ബോസ്സായി മമ്മൂട്ടിയെത്താൻ രണ്ടു ദിനം കൂടി- ‘ഷൈലോക്ക്’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

അഞ്ചു ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരക്കാണ് ഇന്ത്യ ഒരുങ്ങിയിരിക്കുന്നത്. ആദ്യ മത്സരം ജനുവരി 24 നാണ്. ഇന്ത്യ എ ടീമിനായി ന്യുസിലൻഡിൽ ഉള്ള സഞ്ജു ഇനി ഇവർക്കൊപ്പം ചേരും. മൂന്നു പരമ്പരകൾക്ക് ശേഷമാണ് സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്.

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്; 41 റൺസിന് ജപ്പാൻ ഓൾ ഔട്ട്, ഇന്ത്യയ്ക്ക് ജയം

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ രണ്ടാം ജയം തേടി കളിക്കളത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച വിജയം. ഇന്ത്യക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 41 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലും കാർത്തിക് ത്യാഗി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആകാശ് സിംഗ് (2), വിദ്യാധർ പാട്ടിൽ (1) എന്നിങ്ങനെയാണ് ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് നേട്ടം.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ഫീൽഡിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കം മുതൽ പാളിച്ചകളോടെയാണ് ജപ്പാൻ കളിക്കളത്തിൽ എത്തിയത്. അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രം സ്കോർ ബോർഡിൽ ഉണ്ടായിരിക്കെ ജപ്പാന്റെ ആദ്യ വിക്കറ്റ് വീണു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു.

അതേസമയം ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു.  ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ 297 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 207 റൺസ് നേടാനെ കഴിഞ്ഞുള്ളു.

ശിഖർ ധവാന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരത്തിനും പരിക്ക്

ന്യൂസിലാൻഡിനെതിരെ പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യക്ക് വെല്ലുവിളിയായി താരങ്ങളുടെ പരിക്ക്. ശിഖർ ധവാന് പിന്നാലെ ഇഷാന്ത് ശർമയ്ക്കും പരിക്കേറ്റു. രഞ്ജി ട്രോഫി മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴാണ് ഇഷാന്ത് ശർമയ്ക്ക് പരിക്കേറ്റത്.

വിദർഭക്ക് എതിരെ ബോൾ ചെയ്ത ഇഷാന്ത് ശർമ, എല്‍ബി വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. മൈതാനത്ത് വീണ ഇഷാന്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ഇഷാന്തിനെ മൈതാനത്ത് നിന്നും മാറ്റി.

Read More:കുട്ടികളിൽ വളർത്താം നല്ല ഭക്ഷണരീതി

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്ക് എതിരെ ഫീൽഡ് ചെയ്യുമ്പോൾ ശിഖർ ധവാനും പരിക്ക് പറ്റിയിരുന്നു. ഈ മാസം 24 -ന് ആരംഭിയ്ക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20, ഏകദിന, ടെസ്റ്റ് മത്സരങ്ങളാണ് ഉളളത്. ഇപ്പോൾ ഇഷാന്തിനും പരിക്ക് പറ്റിയതോടെ ന്യുസിലൻഡിൽ ഇഷാന്ത് ഉണ്ടാകുമോ എന്നതിൽ ആശങ്ക നിലനിൽക്കുകയാണ്.

അതിവേഗം 5000 റണ്‍സ് തികച്ച നായകന്‍; ചരിത്രം കുറിച്ച് വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചരിത്രം സൃഷ്ടിക്കുന്നതില്‍ ബഹു കേമനാണ്. ബാറ്റുമായി കോലി ക്രീസില്‍ ഇറങ്ങുമ്പോള്‍ മിക്കപ്പോഴും പുതു ചരിത്രങ്ങളും പിറവിയെടുക്കുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയുടെ അവസാന മത്സരത്തിലും ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

കഴിഞ്ഞ 19-ാം തീയതിയായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നടന്നത്. ബംഗളൂരുവില്‍ വെച്ചു നടന്ന മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി. നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോര്‍ഡാണ് പുതിയതായി വിരാട് കോലി കുറിച്ചിരിക്കുന്നത്.

നായകനായതിന് ശേഷം കളിച്ച തന്റെ 82-ാം ഇന്നിങ്‌സിലാണ് കോലി അതിവേഗം 5000 റണ്‍സ് എന്ന ചരിത്രം സൃഷ്ടിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി 127 ഇന്നിങ്‌സുകള്‍ കൊണ്ടാണ് 5000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ധോണിയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും. 131 ഇന്നിങ്‌സുകളില്‍ നിന്നുമായി 5000 റണ്‍സ് തികച്ച മുന്‍ ഓസിസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 135 മത്സരങ്ങളില്‍ നിന്നായി 5000 റണ്‍സ് തികച്ച മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഗെയിം സ്മിത്താണ് നാലാം സ്ഥാനത്ത്.

Read more: ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ

അടുത്തിടെ 2019 വര്‍ഷത്തെ ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഐസിസി പ്രഖ്യാപിച്ച പുരസ്‌കാര പട്ടികയിലും വിരാട് കോലി ഇടം നേടിയിരുന്നു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിയ ആരാധകരെ തിരുത്തിയതാണ് വിരാട് കോലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൂടാതെ 2019 വര്‍ഷത്തെ ഐസിസിയുടെ ഏകദിന ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും കോലിക്കായിരുന്നു.

അണ്ടർ 19 ലോകകപ്പ്- ശ്രീലങ്കയെ തകർത്ത് ഇന്ത്യ

അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയുടെ തുടക്കം. തുടക്കം മുതൽ ആധിപത്യം നിലനിർത്തിയ ഇന്ത്യ, 90 റൺസിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ 297 റൺസുയർത്തിയപ്പോൾ 207 റൺസിന്‌ ശ്രീലങ്ക പുറത്താകുകയായിരുന്നു.

ബാറ്റിംഗിന് ഇറങ്ങിയ ഓപ്പണർമാർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ സ്‌കോർ ഉയർത്തുകയായിരുന്നു. എന്നാൽ ടീം സ്‌കോർ 66ൽ എത്തിയപ്പോൾ ദിവ്യാഷ് സക്‌സേന പുറത്തായി.

പിന്നീട് യാശ്വസി ജെസ്വാളും തിലക് വർമയും ചേർന്ന് സ്കോർബോർഡ് ഉയർത്തി. 74 ബോളിൽ 59 റൺസെടുത്ത യാശ്വസി പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 112 ആയി മാറിയിരുന്നു.

പിന്നാലെയെത്തിയത് ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് ആണ്. അതോടെ ഇന്ത്യ വീണ്ടും കുതിച്ച് പാഞ്ഞു. ഓരോ ഇടവേളയിലും ഇന്ത്യൻ താരങ്ങൾ പുറത്തായെങ്കിലും ക്രീസിലെത്തിയവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യക്ക് തുണയായത്.

Read More:ജംഷഡ്പൂരിനോട് തോൽവി സമ്മതിച്ച് ബ്ലാസ്റ്റേഴ്‌സ്; മഞ്ഞപ്പടയുടെ പ്‌ളേ ഓഫ് സാധ്യതകൾ ഇങ്ങനെ

ഈ പിന്തുണയിലാണ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് ഇന്ത്യക്ക് ഉയർത്താനായത്. പ്രിയം ഗാർഗ്, ധ്രുവ് ജുറൽ എന്നിവർ അർധസെഞ്ചുറിയെടുത്തു. ഇനി ജനുവരി 21 ന് ജപ്പാനെയാണ് ഇന്ത്യ നേരിടുന്നത്.

ജംഷഡ്പൂരിനോട് തോൽവി സമ്മതിച്ച് ബ്ലാസ്റ്റേഴ്‌സ്; മഞ്ഞപ്പടയുടെ പ്‌ളേ ഓഫ് സാധ്യതകൾ ഇങ്ങനെ

ഐ എസ് എല്ലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ജംഷഡ്പൂരിനോട് തോൽവി സമ്മതിച്ച് മഞ്ഞപ്പട. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷഡ്പൂർ വിജയം നേടിയത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്‌ളേ ഓഫ് സാധ്യതകൾ മങ്ങി.

13 മത്സരങ്ങളിൽ നിന്നുമായി 14 പോയിന്റുമായി കേരളം എട്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്നുമായി 24 പോയിന്റ് ഉള്ള കൊൽക്കത്തയും ഗോവയുമാണ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 22 പോയിന്റുമായി ബംഗളൂരുവാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 21 പോയിന്റുമായി ഒഡീഷ നാലാം സ്ഥാനത്താണ്.

Read also: രാജാക്കന്മാരായി ഇന്ത്യന്‍ താരങ്ങള്‍; പരമ്പര സ്വന്തം

അതേസമയം ഈ സീസണിൽ അഞ്ച് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി ബാക്കിയുള്ളത്. എന്നാൽ നിലവിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് ജയം ഇനി കൈ എത്താവുന്നതിലും അപ്പുറമാണ്. വരുന്ന മത്സരങ്ങളിൽ ഗോവയും ബംഗളൂരുവുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ആദ്യ നാലിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഇരു ടീമുകളോടുമുള്ള മത്സരം ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.

രാജാക്കന്മാരായി ഇന്ത്യന്‍ താരങ്ങള്‍; പരമ്പര സ്വന്തം

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന അങ്കത്തിലും നേട്ടം കൊയ്ത് ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരത്തിലും വിജയിച്ച് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവും നായകന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറി മികവുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്ന മൂന്നാം അങ്കത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ആയിരുന്നു വിജയിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ 36 റണ്‍സിന്റെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. അതുകൊണ്ടുതന്നെ ഇന്നലെ നടന്ന മൂന്നാം മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. 286 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ചിന്നസ്വാമിയിലെ മൈതാനത്തില്‍ രാജാക്കന്മാരാകുകയായിരുന്നു ഇതോടെ ഇന്ത്യ. ഓസിസിനെ ഏഴ് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ആയിരുന്നു രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്ത്യയ്ക്കായി ഓപ്പണിങ്ങിന് ഇറങ്ങിയത്. ഇന്ത്യയുടെ തുടക്കവും ഗംഭീരമായിരുന്നു. എന്നാല്‍ 13-ാം ഓവറില്‍ ഇന്ത്യയ്ക്ക് രാഹുലിനെ നഷ്ടമായി. പിന്നീട് കളത്തിലിറങ്ങിയ നായകന്‍ വീരാട് കോലി, രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ന്നു. 137 റണ്‍സിന്റെ കൂട്ടുകെട്ട് രോഹിത്-കോലി സംഖ്യം ഉയര്‍ത്തി. രോഹിത് ശര്‍മ്മയാകട്ടെ തന്റെ ഏകദിന കരിയറിലെ 29-ാം സെഞ്ചുറിയും നേടി. 128 പന്തുകളില്‍ നിന്നായി ആറ് സിക്‌സും എട്ട് ഫോറും അടക്കം 119 റണ്‍സാണ് രോഹിത് ശര്‍മ്മ അടിച്ചെടുത്തത്. 91 പന്തുകളില്‍ നിന്നായി എട്ടു ഫോറുകളുടെ മികവില്‍ 89 റണ്‍സ് വിരാട് കോലിയുമെടുത്തു. രോഹിത് ശര്‍മ്മ- വിരാട് കോലി കൂട്ടുകെട്ടുതന്നെയാണ് ഇന്ത്യയുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായതും.

ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. പേസര്‍മാര്‍ കരുത്ത് കാട്ടി മൈതാനത്ത്. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും. കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവരും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങും ഓസ്‌ട്രേലിയയുടെ റണ്ണൊഴുക്കിനെ മന്ദഗതിയിലാക്കാന്‍ തുണച്ചു.

നിര്‍ണായക മത്സരത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ആവേശത്തോടെ തുടരുന്നു. മൂന്നാം മത്സരത്തിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ബൗളിങ്ങില്‍ ഇന്ത്യയും മികവ് പുലര്‍ത്തി തുടങ്ങി. നിലവില്‍ സ്‌കോര്‍ ബോര്‍ഡില്‍ അറുപത് റണ്‍സ് പിന്നിട്ട ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായി.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു. ഏഴ് പന്തില്‍ നിന്നുമായി മൂന്ന് റണ്‍സ് മാത്രമെടുത്താണ് വാര്‍ണര്‍ കളം വിട്ടത്. ആരോണ്‍ ഫിഞ്ച് 26 പന്തില്‍ നിന്നും 19 റണ്‍സ് എടുത്തപ്പോഴേയ്ക്കും റണ്‍ ഔട്ടായി കളംവിട്ടു.

മൂന്ന് മത്സരങ്ങളടങ്ങിയ പമ്പരയില്‍ ഇരു ടീമുകളും ഒന്ന് വീതം വിജയം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മൂന്നാം അങ്കം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ഇന്നത്തെ ആവേശപ്പോരാട്ടത്തില്‍ വിജയിക്കുന്ന ടീമാണ് പരമ്പര സ്വന്തമാക്കുക. ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 36 റണ്‍സിന് വിജയം കൊയ്തു.

മാറ്റങ്ങളില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. കെ എല്‍ രാഹുല്‍ അഞ്ചാമനായി കളത്തിലിറങ്ങും. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍.