ദുരന്തബാധിതരുടെ വിശപ്പകറ്റി സിഖ് അടുക്കള, ഒപ്പംചേര്‍ന്ന് ചലച്ചിത്രതാരവും

August 24, 2018

സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്‍ ഇപ്പോള്‍ കേരളക്കരയ്ക്കും സുപരിചിതമാണ്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ വിശപ്പകറ്റാനാണ് സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണമാണ് സിഖ് അടുക്കളയില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

ലാങ്ര്‍ സംഘത്തിനൊപ്പം സജീവ സാന്നിധ്യമാവുകയാണ് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. കേരളത്തിലെ പ്രളയബാധിതര്‍ക്ക് ആശ്വാസം പകരുന്നതിന് മുംബൈയില്‍ നിന്നെത്തിയ രണ്‍ദീപ് ഹൂഡ കൊച്ചി തേവരയിലെ ഗുരുദ്വാര പ്രവര്‍ത്തനങ്ങളിലാണ് പങ്കാളിയായത്. രണ്‍ദീപിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലും തരംഗമായി.

ഖല്‍സ എയിഡ് ഇന്റര്‍നാഷ്ണല്‍ എന്ന സിഖ് സംഘടനയുടെ പ്രവര്‍ത്തകരാണ് ദുരന്തബാധിതരായവര്‍ക്ക് ഭക്ഷണം നല്‍കാനായി കേരളത്തിലെത്തിയത്. യുകെ ആസ്ഥാനമായാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം. കൊച്ചിയിലെ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് സൗജന്യ സമൂഹ അടുക്കള ആരംഭിച്ചത്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ള പതിമൂവായിരത്തോളം പേര്‍ക്ക് ഇവിടെ ഭക്ഷണം തയാറാക്കുന്നുണ്ട്.

നാടകത്തിലൂടെയായിരുന്നു രണ്‍ദീപ് ഹൂഡയുടെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. തുടര്‍ന്ന് മീരാ നായരുടെ മണ്‍സൂണ്‍ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തി. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ, ജന്നത്, സാഹെബ്, ബീവി ഓര്‍ ഗാംഗ്‌സ്റ്റര്‍, ജിസം, തുടങ്ങിയവയാണ് രണ്‍ദീപ് ഹൂഡയുടെ മറ്റ് ശ്രദ്ധേയമായ ചലച്ചിത്രങ്ങള്‍.