ഇവനാണ് റിയല്‍ ഹീറോ; പെങ്ങളുടെ കണ്ണീരൊപ്പുന്ന കുഞ്ഞു സഹോദരന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

October 26, 2018

സ്‌നേഹനിര്‍ഭരമായ പല നിമിഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കുഞ്ഞിപ്പെങ്ങളുടെ കരച്ചില്‍ മാറ്റുന്ന ഒരു സഹോദരന്റെ വീഡിയോ. പെട്ടിക്കരയുന്ന കുഞ്ഞനുജത്തിയുടെ കരച്ചില്‍ മാറ്റാന്‍ കുഞ്ഞുചേട്ടന്‍ കണ്ടെത്തിയ മാര്‍ഗത്തിനും സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു കൈയടിക്കുകയാണ്.

സംഭവം ഇങ്ങനെ, ബാസ്‌കറ്റ് ബോള്‍ കളിക്കുകയായിരുന്നു ഈ കുഞ്ഞ് അനുജത്തിയും ആങ്ങളയും. ബാസ്‌കറ്റില്‍ ബോള്‍ വീഴ്ത്താനുള്ള ശ്രമത്തിലാണ് അനുജത്തി. തൊട്ടടുത്ത് നിന്ന് ആവോളം പ്രോത്സാഹനം നല്‍കുന്നുണ്ട് സഹോദരന്‍. എന്നാല്‍ ബോള്‍ ബാസ്‌കറ്റില്‍ ആക്കുന്നതിനുള്ള അനുജത്തിയുടെ ശ്രമം ഫലം കണ്ടില്ല. എറിഞ്ഞ ബോള്‍ ബാസ്‌കറ്റില്‍ വീഴാതെ കുട്ടിയുടെ മുഖത്തേക്ക് വന്നു പതിച്ചു.

സങ്കടവും വേദനയുമൊക്കെ ആയപ്പോഴേക്കും കുഞ്ഞനുജത്തി കരയാന്‍ തുടങ്ങി. ഈ സമയത്താണ് ആരുടെയും ഹൃദയം കവരുന്ന തരത്തില്‍ സഹോദരന്റെ ഇടപെടല്‍. അവന്‍ അവളെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ മുത്തം നല്‍കി. ശേഷം ബോള്‍ അവളുടെ കൈയില്‍ നല്‍കി, എവളെ എടുത്തുയര്‍ത്തി. കുഞ്ഞനുജത്തി നിഷ്പ്രയാസം ബോള്‍ ബാസ്‌കറ്റിലാക്കുകയും ചെയ്തു.

വിജയശ്രീലാളിതയായി നിറഞ്ഞു ചിരിക്കുന്ന കുഞ്ഞനുജത്തിയെ കാണുമ്പോള്‍ കാഴ്ചക്കാര്‍പോലും അറിയാതെ ചിരിച്ചുപോകും. കുട്ടികളുടെ അമ്മ തന്നെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തുടര്‍ന്ന് നിരവധി പേര്‍ ഈ കുഞ്ഞനുജത്തിയേയും സഹോദരനെയും ഏറ്റെടുത്തു. ആരുടെയും ഹൃദയംതൊടും ഈ സഹോദര സ്‌നേഹത്തിന്റെ വീഡിയോ.