വേദനകളിൽ നെഗറ്റീവ് ചിന്തകൾ ഉണ്ടാകാം, പക്ഷെ ഒരു ഘട്ടത്തിനപ്പുറം അവയെ തിരിച്ചറിയണം;..രോഗ ദിവസങ്ങളെക്കുറിച്ച് സൊനാലി

October 10, 2018

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക മനസിൽ ഇടം നേടിയ താരമാണ് സൊനാലി ബിന്ദ്ര. താരത്തെ ബാധിച്ച രോഗത്തെക്കുറിച്ചുള്ള വാർത്തകൾ വളരെ വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്. സൊനാലി തന്നെയാണ് തനിക്ക് ബാധിച്ച ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. രോഗം തിരിച്ചറിഞ്ഞപ്പോൾ മുതൽ ഒരുപാട് പേർക്ക് പ്രാചോദനമായി രോഗത്തെ നോക്കിക്കണ്ട താരമാണ് സൊനാലി ബിന്ദ്ര.

രോഗത്തിന്റെ ഓരോ അവസ്ഥകളിലൂടെ കടന്നു പോയപ്പോഴും രോഗത്തിന്റെ അവസ്ഥയെക്കുറിച്ച് മകനോട് വെളിപ്പെടുത്തിയപ്പോഴുമെല്ലാം സൊനാലി തന്നെയാണ് തന്റെ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെ പോസറ്റീവായി രോഗത്തിന്റെ ഓരോ തലത്തെയും കണ്ട താരം ഇപ്പോൾ രോഗ ദിവസങ്ങളിലെ വേദനകളെക്കുറിച്ചും പങ്കുവെക്കുകയാണ്..

കഴിഞ്ഞ ഒരു മാസക്കാലത്ത് ഒരുപാട് വേദനകളിലൂടെയും നിരാശയിലടെയും കടന്നുപോകേണ്ടി വന്നു. പല നല്ല ദിവസങ്ങൾക്കൊപ്പവും  ഒരുപാട് ചീത്ത സമയങ്ങൾ ഉണ്ടായ ദിനങ്ങൾ. പലപ്പോഴും വേദന അതികഠിനമായിരുന്നു. ശാരീരിക വേദനകളിലൂടെയും മാനസീക വേദനകളിലൂടെയും കടന്നു പോയ നിമിഷങ്ങൾ വരെ ..

കീമോയും സർജറിയുമൊക്കെ കഴിഞ്ഞ ശേഷം ചിരി പോലും ശക്തമായി വേദനിപ്പിച്ചു. വേദനയുടെ ഓരോ നിമിഷങ്ങളിലും ഞാൻ പോരാടുകയായിരുന്നു. എപ്പോഴും സന്തോഷമായിരിക്കാൻ നിര്ബന്ധിക്കുന്നതിൽ അർത്ഥമില്ല. ചിലപ്പോഴൊക്കെ ചീത്ത സമയങ്ങളും നമ്മൾ അനുഭവിക്കേണ്ടി വരും.

നമ്മുടെ വേദന നമുക്ക് മാത്രമേ അറിയൂ. കാരണം നമ്മൾ തന്നെയാണ് അത് അനുഭവിക്കേണ്ടതും. രോഗത്തിന്റെ പല അവസ്ഥകളിലും സ്വയം കരയാനും ആശ്വസിപ്പിക്കാനും സഹതപിക്കാനുമൊക്കെ ഞാൻ പഠിച്ചു. പലപ്പോഴും നെഗറ്റീവ് ചിന്തകൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. പക്ഷെ ഒരു സമയം കഴിയുമ്പോൾ അത് അതിജീവിക്കാനും നമ്മൾ അറിഞ്ഞിരിക്കണം.

രോഗത്തിന്റെ വേദനകളിലും ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ ഞാൻ ശ്രമിച്ചു. പ്രിയപ്പെട്ട ഭക്ഷണം കഴിക്കുന്നതിലും മകനോട് സംസാരിക്കുന്നതിലുമൊക്കെ ഞാൻ ആശ്വാസം കണ്ടെത്തി. സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങുന്നതാണ് ഇപ്പോൾ എന്റെ മനസ്സിൽ ഉള്ളത്.

ഇതൊരു പരീക്ഷണ കാലമാണ്. ഞാൻ ഒരു വിദ്യാർഥിയെപോലെ ജീവിതകാലം മുഴുവൻ ഓരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.