കാന്‍സര്‍ ബാധിതനായ കുഞ്ഞാരാധകനെ കാണാന്‍ സല്‍മാന്‍ ഖാനെത്തി; കൈയടിച്ച് സേഷ്യല്‍ മീഡിയ

November 7, 2018

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഏറെ ഇമ്പമുള്ള ഒരു കൂടിക്കാഴ്ച. ഏറെ ആരാധകരുള്ള സല്‍മാന്‍ ഖാനും ഒരു കുഞ്ഞ് ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഏവരുടെയും ഇഷ്ടം പിടിച്ചെടുക്കുന്നത്. കാന്‍സര്‍ ബാധിതനായ തന്റെ കുഞ്ഞ് ആരാധകനെ കാണാന്‍ സല്‍മാന്‍ നേരിട്ട് എത്തുകയായിരുന്നു, അതും ആശുപത്രിയില്‍.

ഈ മനോഹരമായ കൂടിക്കാഴ്ചയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സല്‍മാന്‍ ഖാന്‍ തന്നെയാണ് ഈ വീഡിയോ ആദ്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തുടര്‍ന്ന് ആരാധകര്‍ വീഡിയോ ഏറ്റെടുത്തു. മനോഹരമായ ഈ കൂടിക്കാഴ്ചയുടെ വീഡിയോ നിരവധി പേരാണ് പങ്കുവെയ്ക്കുന്നത്. സല്‍മാന്‍ ഖാന് നിറഞ്ഞു കൈയടിക്കുന്നുണ്ട് ആരാധകര്‍.

സല്‍മാന്‍ ഖാന്റെ കടുത്ത ആരാധകനാണ് ഈ കുട്ടിത്താരം. ഏറെ നാളത്തെ അവന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണ് സല്‍മാന്‍ ഖാനെ ഒന്നു കാണുക എന്നുള്ളത്. സല്‍മാന്‍ ഖാന്റെ ആരാധകനായ ഗോവിന്ദ് എന്നയാള്‍ ഇക്കാര്യം സല്‍മാനെ അറിയിച്ചു. കാന്‍സര്‍ ബാധിതനായ തന്റെ കുഞ്ഞ് ആരാധകനെ കാണാന്‍ ആശുപത്രിയില്‍ എത്താന്‍ തയാറാവുകയായിരുന്നു സല്‍മാന്‍. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലാണ് ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.

കുഞ്ഞാരാധകന്റെ സമീപത്തെത്തിയ സല്‍മാന്‍ അവന്റെ കട്ടിലിനോട് ചേര്‍ന്നു നിന്നു. ഇരുവരും ഏറെ നേരം സംസാരിക്കുകയും ചെയ്തു. സല്‍മാനെ കണ്ടപ്പോഴുള്ള കുഞ്ഞാരാധകന്റെ സന്തോഷവും അമ്പരപ്പുമെല്ലാം കാഴ്ചക്കാരുടെ മിഴികള്‍ പോലും നിറയ്ക്കും. എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് സല്‍മാന്‍ ഖാനെയും ഈ കുഞ്ഞ് ആരാധകനെയും.