അൽപം ശ്രദ്ധിച്ചാൽ അകറ്റിനിർത്താം വേനൽക്കാല രോഗങ്ങളെ

March 20, 2019

അന്തരീക്ഷം ചുട്ടുപൊള്ളികൊണ്ടിരിക്കുകയാണ്.  ചൂടുകൂടുന്നതിനനുസരിച്ച് അസുഖങ്ങളും വർധിച്ചുവരികയാണ്. ചൂട് ക്രമാതീതമായി വർധിക്കുമ്പോൾ  രോഗികളുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ പ്രത്യകം ശ്രദ്ധിച്ചില്ലെങ്കിൽ നിരവധി രോഗങ്ങൾ പടർന്നുപിടിയ്ക്കാൻ സാധ്യതയുണ്ട്.

വെള്ളം കുടിയ്ക്കുമ്പോൾ ശ്രദ്ധിക്കാം…

രോഗത്തെ ചെറുക്കാന്‍ പ്രധാനമായും വേണ്ടത് ശുചിത്വം പാലിക്കുകയാണ്. ഈ ദിവസങ്ങളിൽ ശരീരം നന്നായി വിയർക്കുന്നതിനാൽ ദാഹം കൂടുതലായിരിക്കും അതുകൊണ്ടുതന്നെ വെള്ളവും ധാരാളമായി കുടിക്കേണ്ടിവരും. വെള്ളം ധാരാളമായി കുടിയ്ക്കുന്നത് ഒരു പരിധിവരെ രോഗം വരാതെ സംരക്ഷിക്കും. എന്നാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം.

അസുഖങ്ങൾ വന്നാൽ…

അതുപോലെ ചിക്കൻ പോക്‌സ്, ചെങ്കണ്ണ്, മുണ്ടിനീര്, തളർച്ച, മഞ്ഞപ്പിത്തം, സൂര്യാഘാതം മുതലായവയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം.അതുപോലെ അസുഖം ബാധിച്ചതായി സംശയം തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. ഈ ദിവസങ്ങളിൽ ചൂടു കൂടുന്നതിനാൽ പൊടിയും കൂടുതലായിരിക്കും അതിനാൽ അലർജി ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ജലദോഷം, തുമ്മൽ എന്നിവയുള്ളവർ പൊടിയടിക്കാതെ മാക്സിമം മുഖം കവർ ചെയ്യാൻ ശ്രദ്ധിക്കണം.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം… 

ഭക്ഷണ കാര്യങ്ങളിലും പ്രത്യകം ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതും, മൈദ കൊണ്ടുള്ളതുമായ ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ ഈ ദിവസങ്ങളിൽ ഒഴിവാക്കുക. മദ്യം, ചായ, കാപ്പി തുടങ്ങി ശരീരത്തിനുള്ളില്‍ ചൂടുണ്ടാക്കുന്ന ഭക്ഷണവും പാനീയവും ഒഴിവാക്കുന്നതും പകരം പഴവർഗങ്ങളും, ജ്യൂസുകളും ധാരാളമായി കഴിക്കുന്നതും ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും. ധാന്യത്തിന്റെ അളവ് കുറച്ച് പഴങ്ങളും കുമ്പളം, വെള്ളരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളും നന്നായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുരം അധികമായുള്ള പലഹാരങ്ങള്‍, കട്ടിയുള്ള പാല്‍, തൈര് എന്നിവ ഒഴിവാക്കുക. നിര്‍ജലീകരണം ഉണ്ടായാല്‍ നാരങ്ങാവെള്ളം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കുടിക്കുക.

Read also: ചൂടുകാലത്ത് സംഭാരം കുടിച്ചാൽ ഗുണങ്ങൾ ഏറെ

വസ്ത്രധാരണം എങ്ങനെ…

വസ്ത്രധാരണമാണ്ഇ ഈ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇളം നിറങ്ങളിലുള്ള അയവുള്ള കോട്ടന്‍ വസ്ത്രം മാത്രം ധരിക്കുക. കറുത്തതും ഇരുണ്ടതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. ഇത്തരം വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാൽ സൂര്യാഘാതം സൺബേൺ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്.