പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

April 23, 2019

താരങ്ങളുടെ വെള്ളിത്തിരയിലെ അബിനയ വിസ്മയങ്ങള്‍ക്കൊപ്പം അവരുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്ന വിവരവും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. പ്രിയയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തന്റെ സഹോദരിമാര്‍ ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.


നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്.


മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
1981- ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.