താടിക്കാരന് ലുക്കില്‍ പൃഥ്വിരാജ്; ‘ബ്രദേഴ്സ് ഡേ’യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു
അഭിനയരംഗത്തുനിന്നും ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരങ്ങളുടെ എണ്ണം ചെറുതല്ല. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ‘ബ്രദേഴ്സ് ഡേ’ എന്നാണ് ഷാജോണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ആണ് ‘ബ്രദേഴ്സ് ഡേ’യില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്ക് ഓവര്‍. മുഖത്ത് കട്ടത്താടിയുള്ള ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ഇത് വ്യക്തമാക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടുന്നുണ്ട്.
Read more:‘ഇഷ്കി’ല്‍ സിദ് ശ്രീറാമിന്റെ പാട്ടും; പ്രതീക്ഷയോടെ പ്രേക്ഷകര്‍
അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്ട്ടിന്, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.