നമ്മുടെ ബാല്യം പോലെ അമൂല്യമാണ് ജലവും.. ശ്രദ്ധേയമായി ശിശുദിന സ്പെഷ്യൽ വീഡിയോ 

November 14, 2019

ബാല്യകാലം എന്നുമെന്നും ഓർമ്മയിൽ ഒരു അമൂല്യ കാലഘട്ടം തന്നെയാണ്. കളങ്കമില്ലാത്ത, കളിയും ചിരിയുമായി  സ്‌മരണകൾ പേറി ഒരു ശിശുദിനം കൂടി വന്നെത്തിയിരിക്കുന്നു. മുൻപ് ശിശുദിനമെന്നാൽ ചാച്ചാജിയുടെ ജന്മദിനവും വെള്ള വസ്ത്രവും നെഹ്രുത്തൊപ്പിയും ധരിച്ച് സ്‌കൂളിലേക്കുള്ള യാത്രയുമൊക്കെയായിരുന്നു. അതിനപ്പുറമൊന്നും അന്ന് ബാല്യത്തിന് ചെയ്യാനോ ചിന്തിക്കാനോ ഉണ്ടായിരുന്നില്ല. എന്നാൽ തിരക്കേറിയ ജീവിതത്തിൽ ‘കുട്ടി’ എന്നുപറഞ്ഞു മാറി നിൽക്കാതെ കുഞ്ഞുങ്ങൾക്ക് പോലും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ട്. അത്തരമൊരു ആശയം പങ്കു വയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ടി വി യുടെ ശിശുദിന സ്പെഷ്യൽ വീഡിയോ.

നമ്മുടെ ബാല്യം പോലെ അമൂല്യമാണ് ജലവും. വെറുതെ പാഴാക്കി കളയുന്ന ഓരോ തുള്ളിക്കും വിലയുണ്ട്. ഒരുതുള്ളി ശുദ്ധജലത്തിനായി ബുദ്ധിമുട്ടില്ലാത്ത മലയാളികൾക്ക് അങ്ങനെയല്ലാത്തവരെ മനസിലാക്കാൻ പ്രയാസമാണ്. അങ്ങനെയൊരു തിരിച്ചറിവുണ്ടായാൽ അവിടെ മാറ്റത്തിന് തുടക്കമിടുകയാണ്.

r
ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വീഡിയോയിലെ വിഭിന്ന ജീവിത സാഹചര്യത്തിലുള്ള രണ്ടു വിദ്യാർത്ഥികളുടെ സംഭാഷണം വലിയൊരു മാറ്റത്തിന്റെ തുടക്കമാകുകയാണ്. ഉച്ച ഭക്ഷണം കഴിക്കുന്ന ഒരു തമിഴ് ബാലൻ തന്റെയൊപ്പം ഒരു ചെറിയ കുപ്പിയും കരുതിയിരിക്കുന്നു. മലിനപ്പെട്ട വെള്ളമാണ് ആ കുപ്പിയിൽ. ഇവിടിത്രയും വെള്ളമുള്ളപ്പോൾ എന്തിനാണ് ഈ മലിനജലവുമായി വരുന്നതെന്ന സഹപാഠിയുടെ കൗതുകത്തിനു അവന്‍ നല്‍കുന്ന മറുപടി ആരെയും ചിന്തിപ്പിക്കുന്നതാണ്. പാഴാക്കി കളയുന്ന ഓരോ തുള്ളിയുമോർത്ത് പശ്ചാത്തപിക്കും ആ മറുപടിയിൽ. ഇതാണ് വീഡിയോയുടെ പ്രമേയം.

Read More:ശിശുദിനിത്തില്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് മനോഹരമായൊരു താരകുടുംബ ചിത്രം

പ്രേക്ഷകരുടെ പ്രിയ ചാനലായ ഫ്‌ളവേഴ്‌സ് ടിവിയുടെ ഡിജിറ്റൽ ടീം ആണ് സ്പെഷ്യൽ വീഡിയോയ്ക്ക് പിന്നിൽ. അഭിനയിച്ചിരിക്കുന്നത് മാസ്റ്റർ അതുൽ, ബേബി അനറ്റ് എന്നിവരാണ്.