നായയുമല്ല, ചെന്നായയുമല്ല; മഞ്ഞുമൂടിയ നിലയിൽ കേടുപാടുകളില്ലാതെ 18000 വർഷം പഴക്കമുള്ള ഡോഗർ!

December 5, 2019

റഷ്യയിൽ മഞ്ഞിൽ പൊതിഞ്ഞ നിലയിൽ ഒരു ചെന്നായ കുട്ടിയുടെ ശരീരം നാട്ടുകാർക്ക് കിട്ടിയപ്പോൾ അവരറിഞ്ഞിരുന്നില്ല, അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാലഘട്ടത്തിന്റെ കണക്ക്. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ശരീരത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കില്ല എന്നതിനാൽ തന്നെ വെറും മാസങ്ങൾ പഴക്കമേ അതിനു തോന്നിയുള്ളൂ.

എന്നാൽ ഗവേഷകർ ആദ്യ കാഴ്ചയിൽ തന്നെ തിരിച്ചറിഞ്ഞു കയ്യിൽ കിട്ടിയിരിക്കുന്നത് വളരെ പ്രത്യേകതയുള്ള ഒന്നാണെന്ന്. ചെന്നായകുട്ടിയുടെ മൃതദേഹവും നട്ടെല്ലിന്റെ പഴക്കവും പരിശോധിച്ചപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വെറും ഒന്നോ രണ്ടോ മാസം അല്ല പഴക്കം, 18000 വർഷമാണ്!

കാലങ്ങളായി മഞ്ഞിൽ പുതഞ്ഞു കിടന്നതിനാലാണ് ഇത്രയധികം വർഷങ്ങൾ കടന്നു പോയിട്ടും ശരീരം നശിക്കാതിരുന്നത്. എന്നാൽ ഇത് ചെന്നായയുമല്ല നായയുമല്ല എന്ന നിഗമനത്തിലുമാണ് ഗവേഷകർ. കാരണം കാലാന്തരം കൊണ്ട് പരിണാമം വന്നതാണല്ലോ ഓരോന്നും. മനുഷ്യനും മൃഗങ്ങളുമെല്ലാം. അതുകൊണ്ട് തന്നെ ഇതെന്ത് തരം ജീവിയാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ നടക്കണം. തൽകാലം ഡോഗർ എന്ന വിളിപ്പേരിലാണ് ഈ അമൂല്യ കണ്ടെത്തൽ അറിയപ്പെടുന്നത്.

Read More:ഫേസ്ബുക്കിലെ ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക്; പുതിയ സംവിധാനം ഒരുങ്ങുന്നു

ഇപ്പോൾ റഷ്യയിലെ ഒരു മ്യൂസിയത്തിലാണ് ഡോഗറിനെ സൂക്ഷിച്ചിരിക്കുന്നത്. ഒട്ടേറെ രാജ്യങ്ങളിൽ നിന്നും ഡോഗറിനെ കാണാനും പഠനവിധേയമാക്കാനും നിരവധി ആളുകളാണ് വരുന്നത്. കഴിഞ്ഞ വർഷമാണ് ശരീരം കണ്ടെത്തിയത്. പല്ലിനും നഖത്തിനുമൊന്നും കേടുപാടുകൾ സംഭവിക്കാത്തതിനാൽ വളരെ ആഴത്തിലുള്ള പഠനങ്ങൾ ഇതിനാൽ സാധിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം.