ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ച് മകന്‍ അദ്വൈത്; ‘തൃശ്ശൂര്‍ പൂരം’ തിയേറ്ററുകളില്‍

December 20, 2019

മലയാളികളുടെ പ്രിയതാരം ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. ചിത്രം ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. അതേസമയം ജയസൂര്യയുടെ മകന്‍ അദ്വൈത് ആണ് ചിത്രത്തില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് മോഹനനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും രതീഷ് വേഗയാണ്.

Read more: കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഷെയ്ന്‍ നിഗത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്: വീഡിയോ

‘ആട്’, ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്നീ ചിത്രങ്ങളിലും തൃശ്ശൂരുകാരനായാണ് ജയസൂര്യ എത്തിയത്. ഈ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ തൃശ്ശൂര്‍ പൂരമെന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’.

ചലച്ചിത്ര-ഹ്രസ്വചിത്ര മേഖലകളില്‍ സജീവമാണ് ജയസൂര്യയുടെ മകന്‍ അദ്വൈത്. അഭിനയത്തിനു പുറമെ ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ആദി നിരവധി ആരാധകരെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ‘ഒരു സര്‍ബത്ത് കഥ’ എന്ന പേരില്‍ ഒരു വെബ് സീരീസും ഒരുക്കുന്നുണ്ട് അദ്വൈത്. അദ്വൈത് തന്നെയാണ് വെബ് സീരീസിന്റെ കഥയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.

അദ്വൈത് സംവിധാനം ചെയ്ത ‘കളര്‍ഫുള്‍ ഹാന്‍ഡ്‌സ്’ എന്ന ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമ ആസ്വാദകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ ഹ്രസ്വ ചിത്രത്തിന്റെ കഥ എഴുതിയതും എഡിറ്റിങ് നിര്‍വഹിച്ചതുമെല്ലാം അദ്വൈത് ആണ്. ഷോര്‍ട്ട്ഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്വൈത് ആണ്.