ഇത് ഞങ്ങളുടെ കുഞ്ഞുരാജകുമാരി; മകളുടെ ആദ്യ ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി

January 30, 2020

ഒരുകാലത്ത് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെയാണ് സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായത്.  സിനിമയില്‍ സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ദിവ്യ ഉണ്ണി. നൃത്തവേദികളിലും താരം നിറസാന്നിധ്യമാണ്.  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ദിവ്യ ഉണ്ണിയുടെ വീട്ടിലെത്തിയ കുഞ്ഞഥിതിയുടെ വിശേഷങ്ങളാണ്.

ദിവ്യ ഉണ്ണിയ്ക്ക് പെൺകുഞ്ഞ് പിറന്നു. ജനുവരി 14 നാണ് കുഞ്ഞ് പിറന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് വാവയുടെ പേരെന്നും താരം തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഭർത്താവ് അരുൺ കുമാറാണ് ചിത്രം പകർത്തിയതെന്നും താരം കുറിച്ചു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം  എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്.

പ്രണയവർണ്ണങ്ങൾ, ചുരം , ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധ നേടി.