സ്വപ്‌ന സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച് എസ് ജെ സിനു; ‘ജിബൂട്ടി’ ഒരുങ്ങുന്നു

January 17, 2020

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്‌സ് ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ എസ് ജെ സിനുവിന്റെ സംവിധാനത്തില്‍ പുതിയ സിനിമ ഒരുങ്ങുന്നു. ‘ജിബൂട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്. എസ് ജെ സിനുവിന്റെ ആദ്യ ചലച്ചിത്രസംരംഭമാണ് ഇത്. നൈയില്‍ ആന്‍ഡ് ബ്ലു ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. സൗത്ത് ആഫ്രിക്കയ്ക്ക് അടുത്ത ഒരു രാജ്യമാണ് ജിബൂട്ടി.

അതേസമയം സിനിമയുടെ ലോഞ്ച് എറണാകുളം ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചു നടന്നു. ആഫ്രിക്കയിലെ വിവിധ മന്ത്രിമാരും ഇന്ത്യയിലെ അംബാസിഡറും ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തരും ചിത്രത്തിന്റെ ലോഞ്ചില്‍ പങ്കെടുത്തു. പ്രൗഢ ഗംഭീരമായ സദസ്സില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടന്നു. തുടര്‍ന്ന് ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫ്ളവേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നിര്‍വഹിച്ചു. ഫ്ളവേഴ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനില്‍ അയിരൂര്‍ ആദ്യ ക്ലാപ്പടിച്ചു.

അതേസമയം ഒരുപാട് കാലമായുള്ള സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് തുടക്കമാകുകയാണെന്നും ഒരുപാട് പേരുടെ അനുഗ്രഹത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു എന്നും സംവിധായകന്‍ എസ് ജെ സിനു പറഞ്ഞു. ആഗ്രഹങ്ങള്‍ക്ക് പുന്തുണ നല്‍കിയ മാതാപിതാക്കളെക്കുറിച്ചും പ്രോത്സാഹനം നല്‍കിയ സഹോദരങ്ങളെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചു.

സിനിമ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പുന്തുണച്ച ഫ്ളവേഴ്‌സ് ടിവി എംഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍, സിഇഒ അനില്‍ അയിരൂര്‍ എന്നിവരെക്കുറിച്ചും സംവിധായകന്‍ വാചാലനായി. ജനപ്രിയ പരിപാടിയായ ഉപ്പും മുളകിന്റെയും സംവിധാനം വിശ്വസ്തതയോടെ തന്നെ ഏല്‍പിച്ചതാണ് ഒരു സിനിമയുടെ സംവിധാനത്തിലേക്ക് നയിച്ചതെന്നും എസ് ജെ സിനു കൂട്ടിച്ചേര്‍ത്തു. അതേസമയം ഫ്ളവേഴ്‌സ് കുടുംബത്തില്‍ നിന്നും പിറവിയെടുക്കുന്ന ആദ്യ ചിത്രമായാണ് ജിബൂട്ടിയെ കാണുന്നതെന്ന് ഫ്ളവേഴ്‌സ് ടിവി എംഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കേരളത്തിലും ആഫ്രിക്കയിലെ ജിബൂട്ടിയിലുമായിട്ടാണ് ചിത്രീകരണം.