നിറചിരിയോടെ പരസ്പരം ചേര്‍ത്തുപിടിച്ച് കൊച്ചനിയനും ലക്ഷ്മി അമ്മാളും; സ്റ്റാര്‍ മാജിക് വേദിയില്‍ നിറഞ്ഞ് മൊഞ്ചുള്ള ഈ പ്രണയം

January 19, 2020

പ്രണയം… വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്ന്… ജീവിതം യൗവ്വന തീക്ഷണവും പ്രണയ സുരഭിലവുമായിരിക്കണം എന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചത് ഓര്‍മ്മയില്ലേ… പ്രായമേറുമ്പോഴും പ്രണയത്തെ ചേര്‍ത്തു പിടിക്കുന്ന ചിലരുണ്ട്. കൊച്ചനിയനെയും ലക്ഷ്മി അമ്മാളിനെയും പോലെ ചിലര്‍… വാര്‍ധക്യത്തിന്റെ ജരാനരകള്‍ തെല്ലും അലട്ടാത്ത അപൂര്‍വ്വമായ ഒരു സുന്ദര പ്രണയമുണ്ട് 67 കാരനായ കൊച്ചനിയനും 66 കാരിയായ ലക്ഷ്മി അമ്മാളിനും പറയാന്‍…

ജനഹൃദയങ്ങള്‍ ഏറ്റെടുത്ത നവദമ്പതികളായിട്ടാണ് ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്ക് വേദിയില്‍ കൊച്ചനിയനും ലക്ഷ്മി അമ്മാളും എത്തിയത്. 22 വര്‍ഷത്തെ പ്രണയം സഫലമായതിന്റെ സന്തോഷം ആ മുഖങ്ങളില്‍ വ്യക്തം. ലക്ഷ്മി അമ്മാളിനെ ചേര്‍ത്തുപിടിച്ച് കൊച്ചനിയന്‍ വേദിയില്‍ നിറചിരിയോടെ നിന്നു, കാഴ്ചക്കാരുടെ മനം നിറച്ച്…

അപൂര്‍വ്വ പ്രണയത്തെക്കുറിച്ച്…

33 വര്‍ഷത്തെ പരിചയമുണ്ട് കൊച്ചനിയനും ലക്ഷ്മി അമ്മാളും തമ്മില്‍. 22 വര്‍ഷത്തെ പ്രണയവും. തൃശ്ശൂര്‍ ജില്ലയിലെ പഴയനടക്കാവ് സ്വദേശിയാണ് ലക്ഷ്മി അമ്മാള്‍. തന്റെ പതിനാറാം വയസ്സില്‍ ലക്ഷ്മി അമ്മാള്‍ പാചകസ്വാമി എന്ന് അറിയപ്പെട്ട കൃഷ്ണയ്യരെ വിവാഹം ചെയ്തു. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്ണയ്യര്‍ മരണപ്പെട്ടു. അതേതുടര്‍ന്ന് കൃഷ്ണയ്യരുടെ കാര്യസ്ഥനായിരുന്ന കൊച്ചനിയന്‍ ലക്ഷ്മി അമ്മാളിനെ പുനര്‍വിവാഹം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ലക്ഷ്മി അമ്മാള്‍ അന്ന് സമ്മതം മൂളിയില്ല.

പക്ഷെ രണ്ട് മനസ്സുകളിലും പ്രണയം മൊട്ടിട്ടു. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും കാലം മായ്ച്ചില്ല ആ പ്രണയത്തെ. അത്രമേല്‍ പവിത്രമായിരുന്നു ഇരുവരും ആരുമറിയാതെ ഹൃദയത്തില്‍ സൂക്ഷിച്ച പ്രണയം. ആ മോഹം സഫലമാകാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നു ഇരുവര്‍ക്കും. ഒന്നും രണ്ടും വര്‍ഷമല്ല, 22 വര്‍ഷങ്ങള്‍.

വൃദ്ധസദനത്തിലെ പ്രണയസാഫല്യം…

മക്കളില്ലാത്ത ലക്ഷ്മി അമ്മാള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന് കീഴിലുള്ള രാമവര്‍മ്മപുരം വൃദ്ധസദനത്തില്‍ താമസ്സിക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൊച്ചനിയനും വൃദ്ധസദനത്തിലെ അന്തേവാസിയായെത്തി. ഇരുവരുടെയും ഇഷ്ടം തിരിച്ചറിഞ്ഞ് വൃദ്ധസദനം സുപ്രണ്ടിന്റെ നേതൃത്വിത്തില്‍ ലക്ഷ്മി അമ്മാളിന്റെയും കൊച്ചനിയന്റെയും വിവാഹം നടത്താന്‍ തീരുമാനമായി. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയുടേയും വൃദ്ധസദനം സൂപ്രണ്ടുമാരുടെയും യോഗത്തിലായിരുന്നു തീരുമാനം.

അങ്ങനെ ഡിസംബര്‍ 28-ന് നരവീണ മുടിയില്‍ മുല്ലപ്പൂ ചാര്‍ത്തി, കല്യാണപ്പുടവയുടുത്ത് മൈലാഞ്ചി മൊഞ്ചോടെ കതിര്‍മണ്ഡപത്തിലേക്ക് കടന്നെത്തിയ ലക്ഷ്മി അമ്മാളിനെ നവവരനായെത്തി കൊച്ചനിയന്‍ താലി ചാര്‍ത്തി… പാട്ടും തിരുവാതിരക്കളിയും സദ്യയുമൊക്കെ അടങ്ങിയ ഗംഭീര വിവാഹം. കേരളത്തിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ വെച്ചു നടക്കുന്ന ആദ്യ വിവാഹം എന്ന പുതു ചരിത്രവും പിറന്നു.

സന്തോഷമായി സമാധനത്തോടെ ജീവിക്കണം എന്ന ആഗ്രഹം മാത്രമാണ് ലക്ഷ്മി അമ്മാളിനും കൊച്ചനിയനും ഇനിയുള്ളത്. നിറചിരിയോടെ ചേര്‍ത്തുപിടിച്ച് സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് ഈ നവദമ്പതികള്‍ ജീവിതം ആസ്വദിക്കട്ടെ, സ്‌നേഹത്തിന്റെ തണലില്‍….