22 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഗോവണിപ്പടികള്‍ വീണ്ടും…; ഓര്‍മ്മകളിലൂടെ നടന്നുകയറി മഞ്ജു വാര്യര്‍: വീഡിയോ

January 24, 2020

‘ആരോ വിരല്‍ മീട്ടി…’ ഈ പാട്ട് ഓര്‍മ്മയില്ലേ, എങ്ങനെ മറക്കാനാണ്. അത്രമേല്‍ ഭാവാര്‍ദ്രമായ ഈ പ്രണയഗാനം. ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലെ ഈ ഗാനം ഏറ്റുപാടാത്ത മലയാളികളുണ്ടാവില്ല. ഗാനത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടി. ആവര്‍ത്തന വിരസത തോന്നാതെ ഒരുപാട് തവണ കണ്ടിട്ടുണ്ടാവും ഓരോ മലയാളികളും ഈ ഗാനം. 22 വര്‍ഷങ്ങള്‍ പിന്നിട്ടു ‘പ്രണയവര്‍ണങ്ങള്‍’ തിയേറ്ററുകളിലേക്കെത്തിയിട്ട്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ആ ഗോവണിപ്പടികളിലൂടെ വീണ്ടും നടന്ന്, ആ മനോഹരഗാനത്തിന്റെ ഭംഗിയെ ഓര്‍മ്മപ്പെടുത്തുകയാണ് മഞ്ജു വാര്യര്‍. താരം തന്നെയാണ് മനോഹരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. അതേസമയം വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങളൊന്നുമില്ല ഈ ഗോവണിപ്പടികള്‍ക്ക്. എന്നാല്‍ പഴയ നീളന്‍ മുടിക്കാരിയില്‍ നിന്നും മോഡേണ്‍ ലുക്കില്‍ എത്തിയിരിക്കുന്നു മഞ്ജു വാര്യര്‍.

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ‘പ്രണയവര്‍ണങ്ങള്‍’. 1998-ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയും നേടിയിരുന്നു ഈ ചിത്രം.

അതേസമയം മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ചതുര്‍മുഖം’. ചതുര്‍മുഖത്തിലും ഇതേ ഗോവണിപ്പടികള്‍ ഇടം നേടുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ജിസ് ടോം മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം.