മിഷൻ മരട് കംപ്ലീറ്റഡ്; ഫ്ളാറ്റുകൾ ഇനി ഓർമ്മ, ദൗത്യം വിജയകരം

January 12, 2020

തീരദേശ സംരക്ഷണ നിയമം ലംഘിച്ച അഞ്ച് ഫ്ളാറ്റുകള്‍ അങ്ങനെ നിലം പൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്ളാറ്റുകള്‍ തകര്‍ത്തത്. ഹോളിഫെയ്ത് എച്ച് ടു ഒ, ഇരട്ട ടവറുകളുള്ള ആല്‍ഫ സെറീന്‍, ജെയ്ന്‍ കോറല്‍ കോവ്, ഗോൾഡൻ കായലോരം, തുടങ്ങിയ ഫ്ളാറ്റുകളാണ് രണ്ടു ദിവസങ്ങൾകൊണ്ട് തകര്‍ത്തത്. ഇതോടെ മരട് ദൗത്യം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു.

ഇന്നലെ (ജനുവരി-11 ) 19 നിലയുള്ള എച്ച്ടുഒ ഫ്ളാറ്റ് ആദ്യം നിലംപൊത്തി. രാവിലെ 11.18നാണ് ആദ്യ ഫ്ളാറ്റ് നിലംപൊത്തിയത്. തുടര്‍ന്ന് 11.43 നും 11.44 നുമായി ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളും നിലംപൊത്തി. ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ ഇന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇന്ന് രാവിലെ 11.03നാണ് ജെയിൻ കോറൽ കോവ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്.

സ്‌ഫോടനത്തിനു മുന്നോടിയായി പ്രദേശത്ത് 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. പ്രദേശത്തെ ഗതാഗതവും താത്കാലികമായി നിർത്തിവച്ചിരുന്നു. തീരദേശം അനധികൃതമായി കൈയേറി ഫ് ളാറ്റുകൾ നിർമ്മിച്ചു എന്ന് കണ്ടെത്തി സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഫ്ളാറ്റുകള്‍ പൊളിച്ചത്.

കമ്പനി പറഞ്ഞതുപോലെതന്നെ അടുത്തുള്ള കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും വരാതെയാണ് ഫ്ളാറ്റുകൾ പൊളിച്ചുനീക്കിയത്. ഒപ്പം കായലിലേക്കും അവശിഷ്‌ടങ്ങൾ വന്നിട്ടില്ല എന്നതും ഏറെ ശ്രദ്ധേയം. ഗോള്‍ഡന്‍ കായലോരത്തിനോട് വളരെയധികം ചേർന്നുനിന്നിരുന്ന അങ്കണവാടിക്കും യാതൊരുവിധ കേടുപാടുകളും വന്നിട്ടില്ല.